The Artist
നഗരത്തിലെ സാംസ്കാരിക സദസ്സുകളിൽ അർജുനൻ ഒരു നിറസാന്നിധ്യമായിരുന്നു. ആ ജില്ലയിലെ തന്നെ പ്രശസ്തനായ ചിത്രകാരനാണ് അർജുനൻ. അയാളുടെ ചിത്രങ്ങളിലെ മനുഷ്യരൂപങ്ങൾക്ക് അർജുനൻ ചായം മാത്രമല്ല, ജീവനും നൽക്കാറുണ്ടെന്ന് തോന്നും. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ കലാസൃഷ്ടിയും അത്രെയേറെ ആരാധകരെയും സൃഷ്ടിച്ചിരുന്നു. പൊതുവേദികളിൽ സ്വയം അവതരിപ്പിക്കുന്നതിലും അർജുനന് കൃത്യമായ ശൈലിയുണ്ടായിരുന്നു. വെളുത്ത ലിനൻ കുർത്തയും സൗമ്യമായ സംസാരവും മുഖത്തെ ശാന്തമായ പുഞ്ചിരിയും അയാളുടെ സവിശേഷതകളായിരുന്നു. ഇക്കാരണത്താൽ തന്നെ, അർജുനന്റെ പെയിന്റിങ്ങുകളേക്കാൾ സൗന്ദര്യം അദ്ദേഹത്തിന് തന്നെയാണെന്ന് ആരാധകർ പലപ്പോഴും പറയാറുണ്ടായിരുന്നു.
ദീപ്തി.
എന്നാൽ അർജുനന്റെ ദാമ്പത്യജീവിതം മറ്റൊരു രീതിയിലായിരുന്നു. അർജുനന്റെ ഭാര്യ ദീപ്തിക്ക് ആ ചിത്രങ്ങൾ വെറും ചായങ്ങൾ മാത്രമായിരുന്നു. കലയുടെ ഔന്നത്യത്തേക്കാൾ ലൗകികമായ കാര്യങ്ങളിൽ താല്പര്യമുള്ള ദീപ്തി, അർജുനന്റെ ചിത്രങ്ങളെ ഒരിക്കലും പ്രശംസിച്ചിരുന്നില്ല. "ഇതൊക്കെ വെറും ചായം തേക്കലല്ലേ, ഇതൊക്കെ നിർത്തി മാന്യമായ എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്ക്" എന്ന രീതിയിലുള്ള അവളുടെ നിസ്സംഗമായ പ്രസ്താവങ്ങൾ അർജുനൻ എന്ന കലാകാരനെ ഏത് രീതിയിലാണ് മുറിപ്പെടുത്തിയത് എന്നത് അയാൾ ഒരിക്കലും പുറമെ കാണിച്ചിരുന്നില്ല. അതു കാരണമാണ് പെയിന്റിങ്ങിനായി അയാൾ മറ്റൊരിടം തരപ്പെടുത്തിയത്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറിയുള്ള ആ പഴയ പോർച്ചുഗീസ് ബംഗ്ലാവിലായിരുന്നു അയാളുടെ രചനകൾ രൂപം കൊണ്ടത്. അതായിരുന്നു അയാളുടെ സ്റ്റുഡിയോ.
നഗരഹൃദയത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെ, കാടുപിടിച്ചു കിടക്കുന്ന ഒരു പറമ്പിന് നടുവിലാണ് ആ ബംഗ്ലാവ്. അതിന്റെ പുറംഭിത്തികൾ പടർന്നുകയറിയ വള്ളിച്ചെടികളാൽ പൊതിയപ്പെട്ടിരിക്കുന്നു. വെളിയിൽ നിന്ന് നോക്കിയാൽ അതൊരു ഉപേക്ഷിക്കപ്പെട്ട വീടാണെന്നേ തോന്നു. എന്നാൽ അകത്തെ കാഴ്ചകൾ അങ്ങനെയായിരുന്നില്ല. ആ ബംഗ്ലാവിന്റെ ഉൾഭിത്തികൾ പാൽവെളിച്ചത്തിൽ മുങ്ങിയതുപോലെ വെളുത്ത ചായം തേച്ചു മിനുസപ്പെടുത്തിയിരിക്കുന്നു. ജനൽച്ചില്ലുകളിലൂടെ അരിച്ചിറങ്ങുന്ന സായാഹ്ന വെളിച്ചം ആ വെൺമയിൽ തട്ടി പ്രതിഫലിക്കുമ്പോൾ, സ്റ്റുഡിയോയ്ക്കുള്ളിൽ ഏതോ ഒരു കൃത്രിമ ലോകം തളംകെട്ടി നിൽക്കുന്നതായി തോന്നും. പുറത്തെ ചെടികൾ കാറ്റിലാടുമ്പോൾ ജനൽച്ചില്ലുകളിൽ വീഴുന്ന നിഴലുകൾ, അകത്തെ നിശബ്ദതയിൽ നൃത്തം ചെയ്യുന്ന മായാരൂപികളെപ്പോലെ തോന്നിപ്പിക്കും. ആ മുറിയിലെ വായുവിന് എപ്പോഴും ഉണങ്ങിയ എണ്ണച്ചായത്തിന്റെ സുഗന്ധമായിരുന്നു. ഇതിനെല്ലാം നടുവിലാണ് അർജുനൻ തന്റെ ദിവസങ്ങൾ ചെലവഴിച്ചത്.
മീര.
ഇടവപ്പാതിയിലെ ഒരു ദിവസം. പുറത്ത് മഴ കനക്കുകയായിരുന്നു. കാർമേഘങ്ങളാൽ ആകാശം ഇരുണ്ടുതിങ്ങി നിൽക്കുന്നു. ആ പഴയ പോർച്ചുഗീസ് ബംഗ്ലാവിന്റെ വലിയ ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ താളാത്മകമായി അടിച്ചുപതിച്ചുകൊണ്ടിരുന്നു. ഇടിമിന്നലിന്റെ നേർത്ത മുഴക്കം ആ നിശബ്ദതയിൽ അരിച്ചിറങ്ങുന്നുണ്ട്. ആ സമയം സ്റ്റുഡിയോയുടെ നടുവിലെ സോഫയിൽ അർജുനൻ തികഞ്ഞ ഏകാന്തതയിൽ ഇരിക്കുകയായിരുന്നു. അയാളുടെ കൈയിലിരുന്ന ചായക്കപ്പിൽ നിന്നുമുയരുന്ന നേർത്ത പുക ആ ധൂസര പശ്ചാത്തലത്തിൽ സാവധാനം അലിഞ്ഞുചേർന്നു. ഒരു ഇടിമുഴക്കത്തിനു ശേഷം അതിന്റെ ബാക്കിയെന്നോണം ആ ബംഗ്ലാവിന്റെ വാതിൽ പതുക്കെ തുറക്കപ്പെട്ടു. വാതിൽ തുറന്നത് അവളായിരുന്നു, മീര. വാതിൽ തുറന്ന് മീര അകത്തേക്ക് കയറിയപ്പോൾ ആ വീടിനുള്ളിലെ വായുവിൽ മഴയുടെയും നനഞ്ഞ മണ്ണിന്റെയും ഗന്ധം നിറഞ്ഞു. അവൾ പൂർണ്ണമായും നനഞ്ഞിരുന്നു. മീരയുടെ നീണ്ട മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ബംഗ്ലാവിന്റെ തറയിലേക്ക് വീണുടഞ്ഞു. തണുപ്പ് കൊണ്ട് വിറയ്ക്കുന്ന കൈകൾ ചേർത്തുപിടിച്ച് അവൾ അർജുനനെ നോക്കി.
അർജുനൻ പതുകെ മുഖമുയർത്തി. ഇരുപത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു യുവതി. “ആരാ?” എന്ന മട്ടിൽ ഒരു ചോദ്യഭാവം അവളുടെ നേരെ അയച്ചു.
“ക്ഷമിക്കണം സാർ... ഇവിടേക്ക് വാഹനമൊന്നും ലഭിച്ചില്ല. മഴയത്ത് ഒരുപാട് ദൂരം നടക്കേണ്ടി വന്നു. ഞാൻ... മീര. മോഡലിംഗിനായുള്ള പരസ്യം കണ്ട് വന്നതാണ്...” തണുപ്പാൽ മരവിച്ച ശരീരത്തോടെ, പതറുന്ന സ്വരത്തിൽ അവൾ മറുപടി പറഞ്ഞു.
“നന്നായി നനഞ്ഞല്ലോ. വരൂ, ഇരിക്കൂ," അർജുൻ വളരെ സൗമ്യമായി പറഞ്ഞു. അവൻ അടുത്തുണ്ടായിരുന്ന ഒരു വെള്ള ടവൽ എടുത്ത് അവൾക്ക് നേരെ നീട്ടി. "ഇതുകൊണ്ട് തലയൊന്ന് തുടയ്ക്കൂ. ഇത്രയും മഴയുള്ളപ്പോൾ ഇറങ്ങേണ്ടിയിരുന്നില്ല."
മീര ടവൽ വാങ്ങി നന്ദിസൂചകമായി ഒന്ന് പുഞ്ചിരിച്ചു.
"മീര ഇരിക്കൂ. ഞാൻ കുറച്ച് ചായ എടുക്കാം. ഈ തണുപ്പത്ത് അത് നല്ലതാ."
അവൻ അടുക്കളയിലേക്ക് നടന്നു. മീര ആ വെളുത്ത സ്റ്റുഡിയോയിലേക്ക് നോക്കി. അവിടെയുള്ള ഓരോ വസ്തുവും അടുക്കും ചിട്ടയോടെയും വെച്ചിരിക്കുന്നു. അല്പം കഴിഞ്ഞ് അർജുൻ രണ്ട് കപ്പ് ചായയുമായി തിരിച്ചെത്തി. അവൻ അവൾക്ക് ചായ നൽകി എതിരെയുള്ള കസേരയിൽ ഇരുന്നു.
“ഞാൻ സാറിന്റെ എല്ലാ പെയിന്റിസും കണ്ടിട്ടുണ്ട്. ഞാനൊരു വല്യ ഫാനാണ് സാറിന്റെ.”
അർജുനൻ ഒന്ന് മന്ദഹസിക്കുക മാത്രം ചെയ്തു.
“സാർ അടുത്ത ചിത്രങ്ങൾക്കായി മോഡലിനെ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ എക്സൈറ്റഡായി, നേരെ ഇങ്ങോട്ട് പോരുകയായിരുന്നു.” അത്യാവേശത്തോടെയാണ് മീര അത് പറഞ്ഞത്. പകരമായി അർജുനന്റെ മുഖത്ത് ആ ചെറു പുഞ്ചിരി തന്നെയായിരുന്നു.
“ഞാൻ കുറച്ച് ഓവറാവുന്നുണ്ടല്ലേ… സോറി സാർ… എന്റെ എക്സൈറ്റ്മെന്റ് കൊണ്ടാണ്. സാറിന്റെ അടുത്ത പടത്തിനു ഞാൻ ഓക്കേ ആണോ സാർ?” ആ ചോദ്യത്തിൽ അവളുടെ ഉത്കണ്ഠ നിറഞ്ഞിരുന്നു.
“താൻ ഓക്കെയാണ്.” അർജുനൻ ശാന്തമായി മറുപടി നൽകി. ആ ഉത്തരം അവളുടെ ആവേശം കൂട്ടി.
“എപ്പോഴാണ് സാർ ഞാൻ ചിത്രത്തിനായി പോസ് ചെയ്യേണ്ടത്? ഇപ്പോഴാണോ??”
അർജുനൻ ചായ കുടിക്കുന്നതിനിടയിൽ അവളെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വാത്സല്യം മീരയ്ക്ക് അനുഭവപ്പെട്ടു. "ഇന്ന് വേണ്ട മീരാ. നീ ഇപ്പോൾ തളർന്നിരിക്കുകയാണ്. നമുക്ക് പതുക്കെ തുടങ്ങാം. ആദ്യം നമുക്ക് പരസ്പരം ഒന്ന് മനസ്സിലാക്കാം. എന്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. മോഡലിന്റെ മനസ്സ് അറിയാതെ എനിക്ക് ബ്രഷ് ചലിപ്പിക്കാൻ കഴിയില്ല. നിനക്ക് കലയോട് താല്പര്യമുണ്ടോ?"
"ഉണ്ട് സാർ... എനിക്ക് പെയിന്റിംഗ് വലിയ ഇഷ്ടമാണ്," അവൾ ആവേശത്തോടെ പറഞ്ഞു.
"നല്ലത്" അർജുനൻ കപ്പ് താഴെ വെച്ചു. "ഈ സ്റ്റുഡിയോയ്ക്കുള്ളിൽ നീ സുരക്ഷിതയായിരിക്കും. ഇവിടെയായിരിക്കുമ്പോൾ നീ കേവലം ഒരു മോഡൽ മാത്രമല്ല, എന്റെ കലയുടെ.., ഭാവനയുടെ തന്നെ ഭാഗമാണ്. നിനക്ക് എന്തെങ്കിലും പ്രയാസമോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ, അത് എപ്പോൾ വേണമെങ്കിലും എന്നോട് തുറന്നുപറയാം."
അടുത്ത ദിവസങ്ങളിൽ അർജുനൻ മീരയുടെ ഛായാചിത്രം കാൻവാസിലേക്ക് പകർത്താൻ ആരംഭിച്ചു. അർജുനന്റെ രീതികൾ വളരെ വ്യത്യസ്തമായിരുന്നു. ഒരു ചിത്രകാരൻ എന്ന നിലയിൽ അവൻ ഒരിക്കലും അതിരുവിട്ട് പെരുമാറിയില്ല. അവന്റെ സ്പർശനങ്ങൾ വെറും ബ്രഷുകളിലൂടെ മാത്രമായിരുന്നു. പക്ഷേ, ആ നോട്ടത്തിലും അവൻ ഉപയോഗിക്കുന്ന വാക്കുകളിലും വല്ലാത്തൊരു മാന്ത്രികതയുണ്ടായിരുന്നു. കലയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവൻ സംസാരിക്കുമ്പോൾ, ലോകപ്രശസ്തനായ ആ കലാകാരൻ തനിക്ക് മുന്നിൽ ഹൃദയം തുറക്കുകയാണെന്ന് ആ ഇരുപതുകാരി ധരിച്ചു.
"മീര… നിന്റെ ഈ മിഴികളിലെ ഈ വിഷാദമാണ് എന്റെ ഈ കലയുടെ ആത്മാവ്..! നീ വന്നില്ലായിരുന്നെങ്കിൽ ഈ കാൻവാസിന് പൂർണ്ണതയേകാൻ ചിലപ്പോൾ എനിക്കാവില്ലായിരുന്നു." എന്ന് അർജുനൻ തന്റെ സൗമ്യമായ സ്വരത്തിൽ മന്ത്രിക്കും. ആ സമയം മീരയുടെ ഉള്ളിൽ ഒരു മാന്ത്രിക അനുഭൂതി അലയടിക്കുകയായിരുന്നു. അവൾ പോലും അറിയാതെ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരും. അവന്റെ പ്രശസ്തി, അവന്റെ ശബ്ദത്തിലെ ഗാംഭീര്യം, തന്നോട് മാത്രം കാണിക്കുന്ന ആ പ്രത്യേക കരുതൽ, ഇവയെല്ലാം മീരയെ അവനിലേക്ക് വല്ലാതെ ആകർഷിച്ചു. ദിവസങ്ങൾ കടന്നുപോകുംതോറും കാൻവാസിൽ ചിത്രം കൂടുതൽ തെളിഞ്ഞുവന്നു. ഒപ്പം അവൾ അർജുനനിലേക്കും. പക്ഷേ, ഇടക്കെപ്പോഴോ അവളുടെ മനസ്സ് ആകുലപ്പെടാൻ തുടങ്ങി.
“താൻ അത്രമേൽ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ആരാധനാപുരുഷനെ, ഗുരുസ്ഥാനീയനായ ആ മഹാപ്രതിഭയെ ഇത്തരമൊരു അനുരാഗത്തോടെ നോക്കിക്കാണുന്നത് ഒരു പാപമാണോ?” എന്ന ചിന്ത അവളുടെ മനസ്സിനെ വല്ലാതെ മഥിച്ചു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ആകുലതകളിൽ നിന്നും അകന്ന് അനുരാഗത്തിലേക്ക് അവൾ കൂടുതൽ അടുത്തുകൊണ്ടിരുന്നു. അർജുനനുമായുള്ള നിരന്തര ഇടപെടൽ അതിന്റെ ആഴം കൂട്ടി. അവൻ വിളിക്കുന്ന സമയത്ത് മാത്രം അവൾ ഉറക്കമുണർന്നു, അവന് ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രം അവൾ ധരിച്ചുതുടങ്ങി. അർജുനന്റെ ശ്രദ്ധയില്ലാതെ അവൾക്ക് ശ്വസിക്കാൻ പോലും കഴിയില്ലെന്ന അവസ്ഥയിലെത്തി. ഒരു ദിവസം ചിത്രരചനയ്ക്ക് ശേഷം മടങ്ങാനൊരുങ്ങിയ അർജുനനെ മീര പുറകിൽ നിന്നും ആലിംഗനം ചെയ്തു. അതൊരു യന്ത്രികമായൊരു പ്രവൃത്തിയായിരുന്നു. അവൾ പോലും അറിയാതെ അവളുടെ മനസ്സ്, ശരീരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. അബദ്ധമെന്ന് തോന്നി കൈകൾ പിൻവലിക്കാൻ ഒരുങ്ങിയപ്പോൾ, അർജുനൻ അവളുടെ വിരലുകളിൽ തലോടി, അവളുടെ പ്രണയം അയാൾ അംഗീകരിച്ചതുപോലെ.
അപൂർണത.
അങ്ങനെയൊരു ഉച്ചതിരിഞ്ഞ സമയത്താണ് ആ സംഭവം നടക്കുന്നത്. പെയിന്റ് തീർന്നതിനാൽ അത് എടുക്കാനായി അർജുനൻ പുറത്തുപോയ സമയം. സ്റ്റുഡിയോയുടെ വെളുത്ത ശൂന്യതയിൽ തനിച്ചിരുന്ന മീരയ്ക്ക് പെട്ടെന്ന് വല്ലാത്തൊരു മടുപ്പ് അനുഭവപ്പെട്ടു. അവൾ സ്റ്റുഡിയോയുടെ പുറത്തേക്കിറങ്ങി. ആ പഴയ ബംഗ്ലാവിന്റെ മരക്കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലേക്ക് നടന്നു.
താഴത്തെ നിലയിലെ വെളിച്ചമോ വൃത്തിയോ അവിടെയുണ്ടായിരുന്നില്ല. പൊടിപിടിച്ച ഒരു നീണ്ട ഇടനാഴി. അതിനറ്റത്തുള്ള പാതി തുറന്ന ഒരു മുറിയിൽ അവളുടെ കണ്ണുകളുടക്കി. ഉള്ളിലേക്ക് കടന്ന മീര കണ്ടത് നിരനിരയായി ചുമരിനോട് തിരിഞ്ഞുവെച്ചിരിക്കുന്ന ഡസൻ കണക്കിന് ക്യാൻവാസുകളാണ്. ആകാംക്ഷയോടെ അവൾ അതിലൊന്ന് പതുക്കെ തിരിച്ചുവെച്ചു. അതിൽ കണ്ട കാഴ്ച്ച അവളിൽ എന്തോ ഭയത്തിന്റെ ഒരു നേർത്ത മിന്നൽ സൃഷ്ടിച്ചു. ആ കാൻവാസിൽ അതിസുന്ദരിയായ ഒരു പെൺകുട്ടിയുടെ ശരീരമുണ്ട്. ഓരോ വളവും തിരിവും ജീവൻ തുടിക്കുന്നതുപോലെ പൂർണ്ണമാണ്. പക്ഷേ.., മുഖം മാത്രം പൂർത്തിയായിട്ടില്ല. ശൂന്യമായ ഒരു മുഖം. അതിനു താഴെ പെയിന്റ് കൊണ്ട് ഒരു തീയതി കുറിച്ചിട്ടിരുന്നു. ഏതാണ്ട് മൂന്ന് വർഷം മുൻപുള്ള ഒരു ദിവസം. വിറയ്ക്കുന്ന കൈകളോടെ അവൾ അടുത്ത ക്യാൻവാസ് തിരിച്ചു. അതിലും മറ്റൊരു പെൺകുട്ടി. പക്ഷേ, ജീവനില്ലാത്ത, വരച്ചുതീർക്കാത്ത കണ്ണുകൾ. ഓരോ ക്യാൻവാസിനും പറയാൻ ബാക്കിവെച്ച ഭയാനകമായ എന്തോ കഥകളുള്ളതുപോലെ അവൾക്ക് തോന്നി.
"മീരാ..."
പിന്നിൽ നിന്നുള്ള അർജുനന്റെ ശബ്ദം കേട്ട് മീര ഞെട്ടിത്തിരിഞ്ഞു. അയാൾ വാതിൽക്കൽ ശാന്തനായി നിൽക്കുന്നു. മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. പക്ഷേ, ആ ശാന്തതയ്ക്ക് പിന്നിൽ ഭയപ്പെടുത്തുന്ന എന്തോ ഒന്നുള്ളതുപോലെ.
"സാർ... ഈ ചിത്രങ്ങൾ? ഇവർ ആരാണ്? എന്തിനാണ് ഇതിങ്ങനെ മറച്ചുവെച്ചിരിക്കുന്നത്?" മീരയുടെ ശബ്ദത്തിൽ ഭയംകലർന്നിരുന്നു.
അർജുനൻ സാവധാനം നടന്ന് അവളുടെ അടുത്തേക്ക് വന്നു. അവളുടെ കൈകളിൽ നിന്ന് ആ ക്യാൻവാസ് വാങ്ങി പഴയതുപോലെ ചുമരിനോട് ചേർത്ത് തിരിച്ചുവെച്ചു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി വളരെ സൗമ്യമായി, എന്നാൽ ഒരുതരം തണുപ്പോടെ പറഞ്ഞു:
"ചില ഭാവനകൾ പൂർണ്ണമാക്കാൻ സാധിക്കില്ല. അതിനു മുൻപ് അതിന്റെ തന്തു നമ്മെ വിട്ടുപോകും. അവർക്കൊന്നും എന്റെ കലയുടെ ഭാരം താങ്ങാൻ കഴിഞ്ഞില്ല. അവർ പാതിവഴിയിൽ ഉപേക്ഷിച്ചു പോയവരാണ്."
"അവരുടെ മുഖം എന്താണ് വരയ്ക്കാത്തത്?" മീര വീണ്ടും ചോദിച്ചു.
അർജുനൻ പതുക്കെ ചിരിച്ചു. ആ ചിരിയിൽ ഒരു നിഗൂഢത ഒളിച്ചിരിപ്പുണ്ടായിരുന്നു. അവൻ അവളുടെ വിറയ്ക്കുന്ന കൈകൾ ചേർത്തുപിടിച്ചു. "പൂർണ്ണമാകാത്തവർക്ക് മുഖമില്ല മീരാ... അവർ നിലനിൽക്കില്ല. പക്ഷേ, നീ അങ്ങനെയല്ല. നീ എന്റെ ഏറ്റവും മികച്ച സൃഷ്ടിയാകും. നമ്മൾ ഈ ചിത്രം പൂർത്തിയാക്കും."
ആ വാക്കുകൾ മീരയെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും, അവളുടെ ഉള്ളിലെവിടെയോ ഒരു ചോദ്യം ബാക്കി കിടന്നു. ആ അർദ്ധചിത്രങ്ങളിലെ പെൺകുട്ടികൾക്ക് എന്ത് സംഭവിച്ചു?
എന്നാൽ അർജുനന്റെ വാക്കുകളെ മറികടക്കാൻ അപ്പോൾ അവളുടെ മനസ്സിന് ശേഷിയുണ്ടായിരുന്നില്ല. അവളുടെ നെറ്റിയിൽ അയാൾ ചുംബിച്ചതും അതെ നിമിഷമായിരുന്നു.
പൂർണ്ണചിത്രം.
അടുത്ത ദിവസങ്ങളിൽ ചിത്രം പൂർണ്ണതയോടടുക്കുകയായിരുന്നു. മീരയുടെ വ്യക്തിത്വം അപ്പോഴേക്കും പൂർണ്ണമായും നശിച്ചിരിക്കുന്നു. അവൾ വെറുമൊരു ശൂന്യമായ പാത്രം പോലെയായി. അർജുനൻ എന്ത് നിറയ്ക്കുന്നുവോ അത് മാത്രം ഉൾക്കൊള്ളുന്ന ഒരു ജീവനുള്ള ഉപകരണം. അവളുടെ ഫോണിലെ മെസ്സേജുകൾ, അവൾ കാണുന്ന ആളുകൾ, അവൾ കഴിക്കുന്ന ഭക്ഷണം, എല്ലാം അർജുനന്റെ നിയന്ത്രണത്തിലായി. അവനിൽ നിന്നകന്നു നിൽക്കുന്ന ഓരോ നിമിഷവും അവൾക്ക് ശ്വാസം മുട്ടി. സ്വന്തം അസ്തിത്വം അവൾക്ക് നഷ്ടപ്പെട്ടിരുന്നു.
അങ്ങനെയിരിക്കെയാണ് ആ രാത്രി കടന്നുവരുന്നത്.
കൊച്ചിയിലെ ആ പഴയ പോർച്ചുഗീസ് ബംഗ്ലാവിനെ മുഴുവൻ നനയിച്ചുകൊണ്ട് പുറത്ത് പേമാരി പെയ്യുകയായിരുന്നു. ഇടിമിന്നലിൽ ആ വെളുത്ത സ്റ്റുഡിയോയുടെ ജനൽച്ചില്ലുകൾ തിളങ്ങുകയും വിറയ്ക്കുകയും ചെയ്തു. പെട്ടെന്ന് ബംഗ്ലാവിലെ വൈദ്യുതി നിലച്ചു. കനത്ത ഇരുട്ടിൽ അർജുനൻ കുറച്ചു മെഴുകുതിരികൾ തെളിയിച്ചുവെച്ചു. ആ അരണ്ട മഞ്ഞ വെളിച്ചത്തിൽ അയാളുടെ മുഖം മുമ്പെങ്ങുമില്ലാത്ത വിധം വന്യമായി തോന്നിപ്പിച്ചു. ചുവരുകളിൽ നിഴലുകൾ ഭയാനകമായ രൂപങ്ങൾ തീർത്തു.
"വാ മീരാ..." അർജുനൻ ശാന്തമായി അവളെ വിളിച്ചു. ഒരുതരം വിചിത്രമായ ശാന്തതയായിരുന്നു അത്. അവന്റെ കൈയിൽ നിറങ്ങൾ പുരണ്ട ബ്രഷുണ്ടായിരുന്നു. "ഇന്ന് അവസാനമായി നീ എനിക്ക് വേണ്ടി പോസ് ചെയ്യണം. ഈ രാത്രിയോടെ ഞാൻ അത് പൂർത്തിയാക്കും."
മീര അയാളുടെ കൂടെ നടക്കാൻ ശ്രമിച്ചു. പക്ഷേ, ആദ്യമായി അവളുടെ ഉള്ളിൽ എവിടെയോ ഒരു ഭയം ഇഴഞ്ഞു കയറുന്നതുപോലെ. മുകളിലത്തെ നിലയിൽ അവൾ കണ്ട, മുഖം വരച്ചുതീർക്കാത്ത ആ പെൺകുട്ടികളുടെ ശൂന്യമായ കണ്ണുകൾ പെട്ടെന്ന് അവളുടെ ഓർമ്മയിലേക്ക് ഇരച്ചുകയറി. അവളുടെ കാലുകൾ പതറി.
"എന്താ മീരാ... നിൽക്കുന്നത്? വാ..." അർജുനന്റെ ശബ്ദത്തിന് ഇപ്പോൾ പഴയ ആ സൗമ്യതയില്ലായിരുന്നു. അതൊരു ആജ്ഞ പോലെയായിരുന്നു. ഒരിക്കലും ലംഘിക്കാൻ കഴിയാത്ത ഒരു ഇരുമ്പിന്റെ സ്വരം.
“മീരയ്ക്ക് ഓർമ്മയുണ്ടോ ആദ്യമായി ഈ ബംഗ്ലാവിലേക്ക് വന്ന ആ ദിവസം? മഴയത്ത് ഈറനണിഞ്ഞ് നീ എന്റെ മുന്നിൽ വന്നപ്പോഴേ ഞാൻ കണ്ണുകളിൽ ഒരു മിന്നൽപ്പിണർ തിളങ്ങിയതാ. മീര കണ്ടിരുന്നോ അത്? നനഞ്ഞൊട്ടിയ വസ്ത്രങ്ങൾക്കിടയിലൂടെ കാണുന്ന നിന്റെ വിറയലും, അന്ന് ആ കണ്ണുകളിൽ കണ്ട അരക്ഷിതാവസ്ഥയും എന്നിൽ ഒരുതരം ഭ്രാന്തമായ ആവേശം നിറച്ചിരുന്നു. അപ്പോൾ എന്റെ മനസ്സ് മന്ത്രിച്ചത, "നീ തന്നെ... നീയാണ് ഞാൻ തിരഞ്ഞ രൂപം…” നടത്തത്തിനിടയിൽ അർജുനൻ പറഞ്ഞുകൊണ്ടിരുന്നു.
“പലരും പറയാറുണ്ട് എന്റെ കലയ്ക്ക് ജീവൻ തുടുക്കുന്നതുപോലെ തോന്നാറുണ്ട് എന്ന്. അത് അക്ഷരംപ്രതി ശരിയാണ്. ഇതിനു മുൻപും പലരും ഇവിടെ എന്റെ മുന്നിൽ മാതൃകാരൂപമായി നിൽക്കാൻ വന്നിട്ടുണ്ട്. അവരാണ് എന്റെ കലയുടെ ജീവൻ. പക്ഷേ സത്യം പറയാലോ മീര, നിന്നോളം എന്നെ ആകർഷിച്ച ആരും തന്നെയില്ല...”
അവൾക്ക് ഓടണമെന്നുണ്ടായിരുന്നു. ആ ബംഗ്ലാവിന്റെ പടിയിറങ്ങി മഴയിലേക്ക്, ഇരുട്ടിലേക്ക് ഓടിമറയണം. പക്ഷേ അവൾക്ക് അതിന് കഴിഞ്ഞില്ല. അവളുടെ കാലുകൾ തറയിൽ ഉറച്ചുപോയതുപോലെ. അർജുനൻ അല്പം മുൻപ് അവൾക്ക് നൽകിയ വൈനിലെ മരുന്നാണോ, അതോ മാനസികമായി അവൾ പൂർണ്ണമായും തളർന്നുപോയതാണോ? അവൾക്ക് വ്യക്തതയുണ്ടായിരുന്നില്ല. ശരീരം തളർന്ന് അവൾ ആ വെളുത്ത തറയിലേക്ക് കുഴഞ്ഞുവീണു. കാഴ്ചകൾ മങ്ങുമ്പോഴും, മെഴുകുതിരി വെളിച്ചത്തിൽ തന്റെ ക്യാൻവാസിലേക്ക് ഭ്രാന്തമായ ആവേശത്തോടെ ബ്രഷ് ചലിപ്പിക്കുന്ന അർജുനനെ അവൾ അവ്യക്തമായി കണ്ടു. അവളുടെ ഭൗതികശരീരം അയാൾ ആർത്തിയോടെ സ്വന്തമാക്കുകയായിരുന്നു. കാമം അതിന്റെ ഏറ്റവും ക്രൂരമായ രൂപം പ്രാപിക്കുകയായിരുന്നു അവിടെ. ഒരാളെ കൊല്ലാതെ തന്നെ ഇല്ലാതാക്കുന്ന കല.
പിറ്റേന്ന് വെളുപ്പിന് മഴ തോർന്നിരുന്നു. ആ പഴയ പോർച്ചുഗീസ് ബംഗ്ലാവിനു മുകളിൽ സൂര്യപ്രകാശം വീഴുമ്പോഴും അകത്തെ വെളുത്ത സ്റ്റുഡിയോയിൽ ഒരുതരം ശ്മാശാനമൂകത തളംകെട്ടി നിന്നു. രാത്രിയിലെ കൊടുങ്കാറ്റും പെയ്തൊഴിഞ്ഞ നിലവിളികളും ആ വെളുത്ത ഭിത്തികളിൽ എവിടെയോ അലിഞ്ഞുപോയിരുന്നു. സ്റ്റുഡിയോയുടെ നടുവിൽ, വലിയ ഈസലിൽ ഇരിക്കുന്ന ആ പുതിയ ക്യാൻവാസിലേക്ക് അർജുനൻ സംതൃപ്തിയോടെ നോക്കി.
അതൊരു വെറും ചിത്രമായിരുന്നില്ല. മീരയുടെ ശരീരത്തിൽ നിന്ന് അയാൾ ഊറ്റിയെടുത്ത ജീവന്റെ തുടിപ്പുകൾ മുഴുവൻ ആ ക്യാൻവാസിലേക്ക് പടർന്നിരുന്നു. അവളുടെ കണ്ണുകളിലെ ആ തിളക്കം, വിറയ്ക്കുന്ന ചുണ്ടുകൾ, ഭയവും പ്രണയവും കലർന്ന ആ നിസ്സഹായത, എല്ലാം അവിടെ ജീവൻ തുടിക്കുന്നുണ്ടായിരുന്നു. തന്റെ സൃഷ്ടിയിൽ ആത്മാഭിമാനത്തോടെ അയാൾ നോക്കിനിന്നു.
അൽപം കഴിഞ്ഞപ്പോൾ ആ സ്റ്റുഡിയോയുടെ വാതിൽ പതിയെ തുറക്കപ്പെട്ടു. അർജുനന്റെ ഭാര്യ ദീപ്തിയായിരുന്നു അത്. നഗരത്തിലെ മാന്യനായ ആ ചിത്രകാരന്റെ മുഖമൂടിക്ക് പിന്നിലെ പൈശാചിക രൂപത്തെക്കുറിച്ച് ലോകത്ത് ഒരാൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. അത് ദീപ്തിക്കായിരുന്നു. അർജുനന്റെ ചിത്രങ്ങളെ അവൾ ഒരിക്കലും പ്രശംസിക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. ഓരോ ചിത്രത്തിന് പിന്നിലും തകർന്നടിയുന്ന ഓരോ ജീവിതമുണ്ടെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ, അതിൽ നിന്നും ഒരിക്കലും അയാളെ പിന്തിരിപ്പിക്കാൻ അവൾക്കായില്ല.
അവൾ പതുക്കെ നടന്ന് ആ പുതിയ ചിത്രത്തിന് മുന്നിലെത്തി. വർഷങ്ങൾക്ക് ശേഷമാണ് അർജുനൻ ഒരു മോഡലിനെ പൂർണ്ണമായി ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. ആ ചിത്രത്തിലെ മീരയുടെ കണ്ണുകൾ ദീപ്തിയെ തുറിച്ചുനോക്കുന്നതുപോലെ അവൾക്ക് തോന്നി. ആ കണ്ണുകളിൽ സഹായത്തിനായുള്ള ഒരു മൂകമായ അപേക്ഷയുണ്ടായിരുന്നു.
ദീപ്തി ദീർഘമായൊന്ന് നിശ്വസിച്ചു. അവളുടെ സ്വരത്തിൽ വേദനയോ അത്ഭുതമോ ഉണ്ടായിരുന്നില്ല, പകരം വല്ലാത്തൊരു മടുപ്പായിരുന്നു.
"ഇത്... അവസാനത്തേതാണോ?" ദീപ്തി അർജുനന്റെ കണ്ണുകളിലേക്ക് നോക്കാതെ ചോദിച്ചു.
അയാൾ പതുക്കെ ചിരിച്ചു. ആ ചിരിയിൽ ഒരു വേട്ടക്കാരന്റെ ക്രൂരതയും ഒരു കലാകാരന്റെ അഹങ്കാരവും കലർന്നിരുന്നു. അവൻ ബ്രഷ് കഴുകി വെച്ചുകൊണ്ട് മന്ത്രിച്ചു:
"ഇല്ല.., എന്റെ തൃഷ്ണകൾക്കൊരിക്കലും അറുതിയുണ്ടാകില്ല."
സ്റ്റുഡിയോയുടെ വെളുത്ത ചുവരുകളിൽ ആ വാക്കുകൾ ഭയാനകമായി പ്രതിധ്വനിച്ചു.
ദീപ്തിക്ക് ആ വാക്കുകൾ ലോകത്തോട് വിളിച്ചുപറയണമെന്നുണ്ടായിരുന്നു. എന്നാൽ ആ ലോകം അയാളുടെ കലയിൽ മോഹനിദ്രയിലായിരുന്നു. കണ്ണും കാതും അടഞ്ഞ മോഹനിദ്രയിൽ.
- Nidhin R Nath
[Valley of the Seventh Sin Series - Chapter 04: Lust ]