1910ലെ തുലാവർഷം.
വാസരവും വാസരന്തവും പെയ്തിറങ്ങുന്ന മഴയിൽ മണ്ണും മരങ്ങളും നനഞ്ഞിരുന്ന ഒരു കാലം. പെരിയാറിന്റെ കരയിലുള്ള കൊടുങ്ങല്ലൂരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ വലിയ കത്തോലിക്കാ പള്ളിയും ആ മഴയിൽ കുളിച്ചു നിന്നു. പള്ളിയുടെ കരിങ്കൽ ചുവരുകളിൽ മഴവെള്ളം വന്ന് പതിക്കുന്ന ശബ്ദം മാത്തായിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. പള്ളിയുടെ അൾത്താരയ്ക്ക് പിന്നിലെ ഇരുളടഞ്ഞ, ഇടുങ്ങിയ മുറിയിലായിരുന്നു അവന്റെ ലോകം. പതിമൂന്നാം വയസ്സിൽ പള്ളിയിലേക്ക് വന്നതാണ് മത്തായി. കുടുംബത്തിലെ കഷ്ടതകൾ കണ്ടപ്പോൾ അന്നത്തെ അച്ചനാണ് അവനെ പള്ളിയിലേക്ക് കൂട്ടികൊണ്ടുവന്നത്. പള്ളിയിലെ ഇടവക രേഖകൾ പകർത്തിയെഴുതുക എന്ന ചുമതലയായിരുന്നു അവനു. മത്തായി പള്ളിയിലേക്ക് വന്നിട്ട് ഇന്നേക്ക് പന്ത്രണ്ടു വർഷങ്ങൾ കടന്നുപോയി. വെറുമൊരു സാധാരണ കുടുംബത്തിൽ നിന്നു വന്ന മാത്തായിക്ക് ആ പുരാതന പള്ളിയിലെ രേഖാസൂക്ഷിപ്പുകാരന്റെ സ്ഥാനത്തേക്ക് എത്താൻ സാധിച്ചത് അവന്റെ അക്ഷരങ്ങളിലെ വശ്യമായ വടിവും ഭംഗിയും കൊണ്ടു കൂടിയായിരുന്നു.
മാത്തായി ആ താളിയോലയിൽ നിന്ന് തലയുയർത്തി. പള്ളിയുടെ ഇടുങ്ങിയ ജാലകത്തിലൂടെ പുറത്തെ ഇരുണ്ട ആകാശത്തേക്ക് നോക്കിയപ്പോൾ അവന് വല്ലാത്തൊരു മടുപ്പ് തോന്നി. ജനനം മുതൽ മരണം വരെയുള്ള മനുഷ്യരുടെ ജീവിതം ഏതാനും വരികളിലൊതുക്കി പുസ്തകങ്ങളിൽ അടച്ചുവെക്കുന്ന ഈ ജോലി അവനെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു. ഈ നാലു ചുവരുകൾക്കിടയിൽ തന്റെ യൗവനം അഴുകിത്തീരുകയാണോ എന്നൊരു തോന്നൽ. അവൻ ദീർഘമായൊന്നു നിശ്വസിച്ചു. അതേസമയം അവന്റെ നോട്ടം അൾത്താരയ്ക്ക് മുൻപിലായിരുന്ന ആ ബൃഹത്തായ തടിബെഞ്ചിൽ ഉടക്കിനിന്നു. ഗ്രാമത്തിലെ പ്രമാണിമാരിൽ ഒരാളായ വർക്കിയുടെ സ്ഥിരം ഇരിപ്പിടമായിരുന്നു അത്.
കുലീനതയുടെയും പാരമ്പര്യത്തിന്റെയും സകല ഗർവും വർക്കിയുടെ ആകാരത്തിൽ പ്രകടമായിരുന്നു. അയാൾ പള്ളിയിലേക്ക് കടന്നുവരുമ്പോൾ വിശ്വാസികൾ ആദരവോടെയും അല്പം ഭയത്തോടെയും വഴിമാറിക്കൊടുക്കും. മാക്കോട്ടമറ്റം എന്ന വലിയ തറവാട്ടിലെ ഇളമുറക്കാരനായിരുന്നു വർക്കി. അയാളുടെ ഊർജ്ജസ്വലമായ സാന്നിധ്യത്തിന് മുന്നിൽ, പള്ളിയിലെ പരമാധികാരിയായ അച്ചൻ പോലും പലപ്പോഴും മൃദുവായി സംസാരിക്കാൻ നിർബന്ധിതനാവുമായിരുന്നു. നാല്പത്തിനടുത്ത് പ്രായമുള്ള വർക്കിയുടെ പിന്നിലായി എന്നും അവളുണ്ടാകും. വെളുത്ത കസവുനേരിയതും ധരിച്ച്, മുഖത്ത് ശാന്തമായ ഒരു വിഷാദവുമായി നടക്കുന്ന അവന്റെ ഭാര്യ ഏലിയാമ്മ. വർക്കിയും അവളും തമ്മിൽ ഒൻപതു വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ ഭയഭക്തി ബഹുമാനത്തോടെ വർക്കിയുടെ ദേഹത്തേക്ക് വീണപ്പോൾ മത്തായിയുടെ കണ്ണുകൾ പതിച്ചത് ഏലിയാമ്മയുടെ കണ്ണുകളിലായിരുന്നു. മുഷിഞ്ഞ തുണികൊണ്ട് മൂടപ്പെട്ട മനോഹരമായ ചിത്രംപോലെയാണ് അവളുടെ രൂപം അവന്റെ മനസ്സിൽ പതിഞ്ഞിരുന്നത്.
ആദ്യകാലങ്ങളിൽ വർക്കിയെന്ന ആ പ്രതാപശാലിയോട് മത്തായിക്ക് വലിയൊരു ആരാധനയായിരുന്നു. താനും എന്നെങ്കിലും അയാളെപ്പോലെ ഒരു ധനാഢ്യനായി മാറുമെന്ന് അവൻ സ്വപ്നം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഏലിയാമ്മയെ കണ്ടുതുടങ്ങിയ നാൾ മുതൽ ആ ആരാധന അവനിൽ കടുത്ത അസൂയയായി പരിണമിച്ചു. വർക്കിയുടെ അളവറ്റ ഐശ്വര്യവും സമൂഹത്തിലുള്ള അയാളുടെ പ്രതാപവും, അതിലുപരി ഏലിയാമ്മയുടെ ആ വശ്യമായ ലാവണ്യവും മാത്തായിയുടെ ഉള്ളിൽ ഒരു ചുവന്ന കനലായി എരിഞ്ഞു തുടങ്ങിയിരുന്നു. വർക്കിയെപ്പോലൊരു ധനാഢ്യനാവണമെന്ന സ്വപ്നം, "അവനുള്ളതൊക്കെയും എന്തുകൊണ്ട് എനിക്കും സ്വന്തമാക്കിക്കൂടാ?" എന്ന ചോദ്യമായി മാറുകയായിരുന്നു. ഇന്ന് ആ ബൃഹത്തായ തടിബെഞ്ചിൽ അവന്റെ കണ്ണുകൾ ഉടക്കിനിന്നപ്പോൾ മനസ്സ് മന്ത്രിച്ചതും അതേ ചോദ്യം തന്നെയായിരുന്നു.
രാവിലെ നല്ല മഴയായിരുന്നു. പക്ഷേ പള്ളിയിലേക്ക് വന്നവർക്ക് കുറവുണ്ടായിരുന്നില്ല. എല്ലാവരും പ്രാർത്ഥനയിൽ മുഴുകിയിരുന്ന സമയം. മത്തായി ശ്രദ്ധിച്ചത് വർക്കിയെയും ഏലിയാമ്മയെയുമായിരുന്നു. വർക്കിയുടെ ആഢ്യത്വവും അതേ സമയം ഏലിയാമ്മയുടെ അടഞ്ഞ കണ്ണുകളിലെ ആ വിരഹവും ചൂഴ്ന്നിറങ്ങി മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ. വർക്കിയുടെ ആഡംബര ജീവിതത്തിലെവിടെയോ ഒരു വിള്ളലുണ്ട്. അതിൽ പെട്ടുപോയവളാണ് ഏലിയാമ്മ. മത്തായിയുടെ ചിന്തകൾ അവനോട് സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയിൽ പള്ളിയിൽ നടക്കുന്ന മറ്റുകാര്യങ്ങൾ ശ്രദ്ധിക്കാൻ അവൻ വിട്ടുപോയി. ചിന്തകളിൽ മുഴുകിയ മത്തായി പള്ളിയിലെ മറ്റു കർമ്മങ്ങൾ ശ്രദ്ധിക്കാൻ വിട്ടുപോയി. പ്രാർത്ഥനയ്ക്ക് പിന്നാലെ പ്രസംഗം ആരംഭിച്ച അച്ചൻ സദസ്സിലെ അശ്രദ്ധരെ ചുഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒടുവിൽ അച്ചന്റെ തീക്ഷ്ണമായ നോട്ടം മത്തായിയിൽ തന്നെ ചെന്നു തറച്ചു. അൾത്താരയിലേക്ക് നോക്കാതെ പണക്കാരന്റെ പ്രതാപത്തിൽ കണ്ണുനട്ടിരിക്കുന്ന മത്തായിയെ കണ്ടപ്പോൾ അച്ചന്റെ ഉള്ളിൽ കടുത്ത ഈർഷ്യ പടർന്നു.
“മത്തായി, പകൽക്കിനാവ് കാണാൻ വന്നിരിക്കേണ്ട സ്ഥലമല്ല എന്റെ പള്ളി. ദൈവവചനത്തിന് കാതോർക്കാത്തവർ ഇവിടെ ഇരിക്കണമെന്നില്ല. ഇറങ്ങിക്കോ!” കടുപ്പമേറിയ അച്ചന്റെ ആ വാക്കുകൾ പള്ളിമുറിക്കുള്ളിൽ മുഴങ്ങിക്കേട്ടു. എല്ലാ കണ്ണുകളും മത്തായിയുടെ നേരെയായിരുന്നു. ഒപ്പം വർക്കിയുടെയും ഏലിയാമ്മയുടെയും. കടുത്ത പുച്ഛമാണ് മത്തായി വർക്കിയുടെ കണ്ണുകളിൽ കണ്ടത്. അപമാനഭാരത്തിന്റെ കാർമേഘം ഇടിവെട്ടികൊണ്ട് മത്തായിയുടെ നെഞ്ചിൽ പെയ്തു. അവൻ പള്ളിക്ക് പുറത്തേക്ക് നടന്നു. പടിവാതിൽക്കൽ എത്തിയപ്പോൾ ഒരു നിമിഷം അവൻ തിരിഞ്ഞുനോക്കി. എല്ലാവരും അൾത്താരയിലേക്ക് നോക്കിനിൽക്കുമ്പോൾ രണ്ടു കണ്ണുകൾ മാത്രം അവനെ നോക്കുന്നത് അവൻ കണ്ടു. അത് ഏലിയാമ്മയുടേതായിരുന്നു.
അന്ന് രാത്രി. അന്ന് മഴയുടെ കൂടെ ശക്തമായ കാറ്റുമുണ്ടായിരുന്നു. പള്ളിയുടെ ആപ്പീസ് മുറിയിൽ മങ്ങിയ മെഴുകുതിരി വെളിച്ചത്തിൽ, പതിവുപോലെ കണക്കുകൾ നോക്കിവെക്കുകയായിരുന്നു മത്തായി. രാവിലെയേറ്റ അപമാനം അവന്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല. വർക്കിയുടെ പുച്ഛം കലർന്ന ചിരിയായിരുന്നു അവന്റെ കൺമുന്നിൽ. അവൻ ദീർഘമായൊന്നു നിശ്വസിച്ചു. ഇനിയും അത് ഓർത്തിരിക്കാൻ വയ്യ. മത്തായി കണക്കുകളിലേക്ക് ശ്രദ്ധതിരിച്ചു. ആ സമയം മേശപ്പുറത്തെ മണ്ണെണ്ണവിളക്കിന്റെ തിരി ജനാലയിലൂടെ വന്ന കാറ്റിന്റെ താളത്തിനൊത്ത് വിറകൊണ്ടു. 1870കളിലെ പള്ളിപ്പിരിവുകളുടെയും ഭൂമിദാനങ്ങളുടെയും ജീർണ്ണിച്ച കണക്കുപുസ്തകമായിരുന്നു അപ്പോൾ മാത്തായിയുടെ മുന്നിലുണ്ടായിരുന്നത്. മഞ്ഞനിറം ബാധിച്ച അതിന്റെ താളുകൾ ഓരോന്നായി മറിക്കുമ്പോൾ, പെട്ടെന്ന് ഒരു പ്രത്യേക പേജിൽ അവന്റെ വിരലുകൾ നിശ്ചലമായി. വെളിച്ചം കുറവായതിനാൽ അവൻ ആ പുസ്തകം വിളക്കിനടുത്തേക്ക് അല്പം കൂടി നീക്കിവെച്ചു. താളിന്റെ മധ്യഭാഗത്തായി, കരിമഷിയിലുള്ള പഴയ കയ്യക്ഷരത്തിന് മീതെ സൂക്ഷ്മമായി മറ്റൊരു മഷി പടർന്നിരിക്കുന്നതായി അവന് തോന്നി. കണ്ണുകൾ ഇറുക്കിയടച്ച് അവൻ ആ വരികൾ സൂക്ഷിച്ചു വായിച്ചു. അടുത്ത നിമിഷം അവന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അവന്റെ കണ്ണുകൾ വിടർന്നു.
പെരിയാറിന്റെ ഓരത്തെ വലിയ പുരയിടത്തിന്റെ ആധാരരേഖയായിരുന്നു മത്തായിയുടെ മുന്നിൽ. അതിലെ യഥാർത്ഥ ഉടമസ്ഥന്റെ പേര് അതിവിദഗ്ദ്ധമായി ആരോ വെട്ടിത്തിരുത്തിയിരിക്കുന്നു. പകരം അവിടെ സൂക്ഷ്മതയോടെ മറ്റൊരു പേര് എഴുതിവെച്ചിരിക്കുകയാണ്. പുതുതായി ചേർക്കപ്പെട്ട പേര് വർക്കിയുടെ അപ്പന്റെയാണ്. മത്തായി കുറച്ചൂടെ ശ്രദ്ധയോടെ ആ വെട്ടിമാറ്റപ്പെട്ട പേര് പരിശോദിച്ചു. യഥാർത്ഥ ഉടമസ്ഥൻ മറ്റാരുമല്ല, മത്തായിയുടെ മുത്തച്ഛനായിരുന്നു. അദ്ദേഹത്തിന്റെ പേര് തിരുത്തിയാണ് അതിനു മീതെ വർക്കിയുടെ അപ്പന്റെ പേര് ചേർത്തിരിക്കുന്നത്. ആ നിമിഷം പുറമെ പെയ്യുന്ന മഴയുടെ തണുപ്പ് മത്തായിയുടെ എല്ലുകളിലേക്ക് തുളച്ചുകയറി. വർക്കി കൈവശം വെക്കുകയും അനുഭവിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ആ വലിയ തറവാടും അതിനോട് ചേർന്നുള്ള അളവറ്റ സമ്പത്തും ഇപ്പോഴുള്ള ഈ അധികാരവും, എല്ലാം കാലങ്ങൾക്ക് മുൻപ് ഒരു വ്യാജരേഖയിലൂടെ അവനും അവന്റെ അപ്പനും സ്വന്തമാക്കിയതാണ്. ഇതെല്ലം യഥാർത്ഥത്തിൽ തനിക്ക് അനുഭവിക്കാനുള്ളതാണ് എന്ന സത്യം ഒരു മിന്നൽ പിണർ പോലെ മത്തായിയുടെ മഷ്തികത്തിലൂടെ കടന്നുപോയി.
"മാത്തായി, നീ ഇതുവരെ പോയില്ലേ?"
അപ്രതീക്ഷിതമായി പിന്നിൽ നിന്നുകേട്ട ആ ശബ്ദം അവനെ ഞെട്ടിച്ചു. ഇടവകയിലെ പ്രായം ചെന്ന കപ്പ്യാരായിരുന്നു അത്. കയ്യിലെ മെഴുകുതിരി വെളിച്ചത്തിൽ, കപ്പ്യാരുടെ ചുളിവ് വീണ മുഖം കൂടുതൽ ഗൗരവമുള്ളതായി മത്തായിക്ക് തോന്നി. വിറയ്ക്കുന്ന കൈകളോടെ പെട്ടെന്ന് തന്നെ അവൻ ആ പഴയ പുസ്തകം അടച്ചുവെച്ചു.
"ഇല്ല... ചില പഴയ രേഖകൾ... അത് പരിശോധിക്കുകയായിരുന്നു." മാത്തായി പതർച്ചയോടെ പറഞ്ഞു. കപ്പ്യാർ ആ ജീർണ്ണിച്ച പുസ്തകത്തിലേക്ക് ഒന്ന് നോക്കി. പിന്നെ മാത്തായിയുടെ വിളറിയ കണ്ണുകളിലേക്കും.
"പഴയ കണക്കുകൾ അധികം ചികയാതിരിക്കുന്നതാണ് നല്ലത് മാത്തായി. ചില തെറ്റുകൾ കാലം മണ്ണിട്ട് മൂടിയതാകും. അതിനു അതിന്റേതായ കാരണങ്ങളും ഉണ്ടാകും" കപ്പ്യാർ ശാന്തവും എന്നാൽ ഒരു നേർത്ത മുന്നറിയിപ്പിന്റെ സ്വരവുമുള്ള ശബ്ദത്തിൽ പറഞ്ഞു. മത്തായിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പള്ളിയുടെ പുറത്തെ ഇരുളിലേക്ക് നടന്നുമറഞ്ഞു.
പള്ളിയും നാട്ടുകാരും അടക്കം എല്ലാവരും വർക്കിയുടെ സ്തുതിപാഠകരാണ്. അതിനാൽ തന്നെ കപ്പ്യാരുടെ വാക്കുകൾ ചെവിക്കൊള്ളാൻ മത്തായി തയ്യാറായില്ല. വർക്കിയോട് തോന്നിയ ആരാധന പിന്നീട് അസൂയയും ഒടുക്കം പകയുമായി അവന്റെ ഉള്ളിൽ രൂപാന്തരപ്പെട്ട് കഴിഞ്ഞിരുന്നു. വർക്കിയുടെ സ്ഥാനത്ത് ആ നാട്ടുകാർ ആരാധിക്കേണ്ടവൻ താനായിരുന്നു എന്ന ചിന്ത അവന്റെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എല്ലാം തിരികെ നേടണം. മത്തായി മനസ്സിൽ സത്യപ്രതിജ്ഞ ചെയ്തു.
തുടർന്നുള്ള ഏതാനും ആഴ്ച്ചകൾ മത്തായി തന്റെ നിശ്ശബ്ദ പരിശ്രമങ്ങൾക്കായി മാറ്റിവെച്ചു. പള്ളിപ്പെരുന്നാളിന്റെ ഒരുക്കങ്ങൾക്കായി ഇടവകാംഗങ്ങൾ ഒത്തുകൂടിയ ഒരു വൈകുന്നേരം, പള്ളിമുറ്റത്ത് പന്തൽ പണികൾ നടക്കുമ്പോൾ മാത്തായി തന്ത്രപൂർവ്വം അവിടെയൊരു ചർച്ചയ്ക്ക് ആരംഭം കുറിച്ചു. കവലയിലെ പ്രധാനികളായ ഔസേപ്പും, പള്ളിക്കമ്മിറ്റി അംഗമായ കുര്യാക്കോസും അവിടെയുണ്ടായിരുന്നു.
ചുണ്ണാമ്പുപെട്ടിയിൽ നിന്നും അല്പം നീറ്റുവെള്ളം വിരലിലെടുത്ത് വെറ്റിലയിൽ പുരട്ടി. അത് ഔസേപ്പിന് നേരെ നീട്ടിക്കൊണ്ട് മാത്തായി സംഭാഷണത്തിന് തുടക്കമിട്ടു. "അല്ല ഔസേപ്പേട്ടാ, നമ്മുടെ വർക്കിച്ചായന്റെ ഈ പ്രതാപം കാണുമ്പോൾ എനിക്ക് എന്തോ ഒരു സംശയം. ഉറപ്പൊന്നുമില്ല, എന്നാലും ഈ പള്ളിരേഖകളൊക്കെ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ പലതും തോന്നും."
"എന്ത് തോന്നും മാത്തായി? അവരുടെ കുടുംബം പണ്ടേ പ്രതാപികളല്ലേ?" ഔസേപ്പ് പന്തൽ പണി വീക്ഷിക്കുന്നതിനിടയിൽ ചോദിച്ചു.
മാത്തായി ഒരു കള്ളച്ചിരിയോടെ ചുറ്റും നോക്കി. എന്നിട്ട് ശബ്ദം താഴ്ത്തി സംസാരിച്ചു: "അവിടാണ് നിങ്ങൾക്കെല്ലാവർക്കും തെറ്റിയത്. 1860-കളിൽ ഈ നാട്ടിലേക്ക് വഴിതെറ്റി വന്ന ഒരാളായിരുന്നു ഈ വർക്കിയുടെ അപ്പൻ. പുറത്തുനിന്നു വന്ന ഒരാൾക്ക് ഇത്ര പെട്ടെന്ന് ഇവിടുത്തെ പുഴയോരത്തെ വലിയ പുരയിടങ്ങളൊക്കെ എങ്ങനെ സ്വന്തമാക്കാൻ പറ്റും? അവന്റെ അപ്പൻ അന്ന് എന്തായിരുന്നു പണിയെന്ന് ആർക്കെങ്കിലും കൃത്യമായി അറിയാമോ? എവിടെയോ ഒരു കള്ളത്തരം നടന്നിട്ടുണ്ട്. ആധാരങ്ങളിലെ മഷി ചിലയിടത്ത് പടർന്നു കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സംശയം."
മാത്തായി പറയുന്നത് കേട്ട് കുര്യാക്കോസ് നെറ്റി ചുളിച്ചു. "നീ എന്താ മാത്തായി ഈ പറയുന്നത്? അത് വലിയൊരു ആരോപണമല്ലേ?"
"അയ്യോ! കുര്യൻ ചേട്ടാ.., ഞാൻ വെറുമൊരു പള്ളി ഗുമസ്തൻ മാത്രം. കണ്ട അക്ഷരങ്ങൾ ഞാൻ കൂട്ടി വായിച്ചു എന്ന് മാത്രം. അല്ലാതെ എനിക്കെന്ത് അറിയാനാണ്?" മാത്തായി വിനീതനായി കൈകൾ കൂപ്പി. എന്നിട്ട് ഒരു ദൈന്യ ഭാവത്തിൽ തുടർന്നു: "പക്ഷേ, നമ്മുടെ കാരണവന്മാർ കാലങ്ങളായി ഈ മണ്ണിൽ അധ്വാനിച്ചപ്പോൾ, പുറത്തുനിന്നു വന്നവൻ പെട്ടെന്ന് തമ്പുരാനായി മാറിയത് കാണുമ്പോൾ... എനിക്ക് വല്ലാത്തൊരു വിഷമം. നമ്മുടെ പറമ്പുകളൊക്കെ എങ്ങനെ അവന്റെ വേലിക്ക് ഉള്ളിലായി എന്ന് ആലോചിച്ചു നോക്കിയാൽ മതി. ഞാൻ വെറുതെ ഒന്ന് പറഞ്ഞു എന്നേയുള്ളൂ, ഇനിയിപ്പോ ഇത് ആരോടും പറയാൻ നിൽക്കണ്ട."
മാത്തായി എറിഞ്ഞ ആ ചെറിയ കല്ല് അവരുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു. അതൊരു തുടക്കമായിരുന്നു. തിരമാലകൾ വരും മുൻപുള്ള തുടക്കം.
ദിവസങ്ങൾ കടന്നുപോയി. അപ്പോഴേക്കും മാത്തായി വിതച്ച ആ സംശയത്തിന്റെ വിത്തുകൾ ഗ്രാമത്തിൽ ആഴത്തിൽ വേര് ആഴ്ത്തി തുടങ്ങിയിരുന്നു. പള്ളിമുറ്റത്ത് വർക്കി വരുമ്പോൾ മുമ്പ് ലഭിച്ചിരുന്ന ആദരവുള്ള പുഞ്ചിരികൾക്ക് പകരം, ഇപ്പോൾ അടക്കംപറച്ചിലുകളും ഒളികണ്ണുകളുമാണ് അവനെ എതിരേറ്റത്. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന ഔസേപ്പും കുര്യാക്കോസും ദൂരേക്ക് മാറിനിന്നു പിറുപിറുക്കുന്നത് വർക്കി കണ്ടു. ബഹുമാനത്തിന്റെയും സ്തുതികളുടെയും പല്ലക്കിൽ സഞ്ചരിച്ചിരുന്ന വർക്കിക്ക് അത് അസ്വസ്ഥത ഉളവാക്കി. മോശമായതെന്തോ തനിക്ക് ചുറ്റും നടക്കുന്നതുപോലെ.
അടുത്ത ദിവസങ്ങളിലെ ഒരു വൈകുന്നേരം. കനത്ത മഴയായിരുന്നു അന്ന്. അതിന്റെ ഫലമായി പള്ളിമുറ്റം ഒരു ചതുപ്പുനിലം പോലെ മാറിയിരുന്നു. വളരെ കുറച്ചുപേർ മാത്രമേ അന്ന് പള്ളിയില്ലേക്ക് വന്നുള്ളൂ. പള്ളി വരാന്തയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ്, അവിടെ നേർച്ചയിട്ടു മടങ്ങാനൊരുങ്ങുന്ന ഏലിയാമ്മയെ മത്തായി കണ്ടത്. വർക്കിയുടെ കുതിരവണ്ടി ചെളിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ അവൾ പള്ളിത്തിണ്ണയിൽ അഭയം തേടിയതായിരുന്നു. അവളുടെ തൂവെള്ള വസ്ത്രത്തിന്റെ അറ്റത്ത് അല്പം ചെളി പറ്റിയിട്ടുണ്ട്. മാത്തായി സാവധാനം അവൾക്കരികിലേക്ക് നടന്നു.
"ഏലിയാമ്മേ..." അവൻ താഴ്ന്ന സ്വരത്തിൽ വിളിച്ചു. അപ്രതീക്ഷിതമായി പുറകിൽ നിന്ന് വന്ന ശബ്ദം കേട്ട് ഏലിയാമ്മ ഒന്ന് ഞെട്ടി. അവൾ തിരിഞ്ഞുനോക്കി. പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മത്തായി.
"മാത്തായിയോ... ഞാൻ കരുതി എല്ലാവരും പോയെന്ന്" അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു. അവളുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരു ഭയവും ഏകാന്തതയും നിഴലിക്കുന്നത് മാത്തായി കണ്ടു.
“വർക്കിയുടെ വണ്ടി വരാൻ അല്പം താമസിക്കും. പുഴ കരകവിഞ്ഞിട്ടുണ്ട്”
മത്തായി അത് പറഞ്ഞപ്പോൾ ഏലിയാമ്മ നിസ്സംഗമായി ഒന്നു മൂളുക മാത്രം ചെയ്തു. വർക്കിയുടെ അധികാരത്തിന്റെ നിഴലിൽ വീർപ്പുമുട്ടുന്ന ആ പെണ്ണിന്റെ ഉള്ളിലെ ശൂന്യത ആ നിമിഷം മാത്തായിക്ക് വ്യക്തമായി.
"എത്ര സമ്പത്തൊക്കെ ഉണ്ടെങ്കിലും ചിലപ്പോൾ ഈ വലിയ തറവാടുകളൊക്കെ ഒരു തടവറ പോലെയാണല്ലേ?" അലക്ഷ്യമായി പറഞ്ഞതു പോലുള്ള അവൻ്റെ ചോദ്യം കൃത്യമായി അവളുടെ ഉള്ളിൽ തന്നെ കൊണ്ടു. ഏലിയാമ്മ ഒന്നും മിണ്ടിയില്ല. പക്ഷേ അവളുടെ കൈകൾ വിറക്കുന്നത് മത്തായി കണ്ടു. അത് മഴയുടെ തണുപ്പുകൊണ്ടല്ല എന്ന് അവനു ബോധ്യമുണ്ടായിരുന്നു. മത്തായി തുടർന്നു:
“വർക്കി നടിക്കുന്ന ഈ അധികാരവും ഹുങ്കും എല്ലാം വെറും പൊള്ളയായ കള്ളത്തരങ്ങളുടെ പരിണിത ഫലമാണെന്ന് ഏലിയാമ്മയ്ക്ക് അറിയാമോ?”
"നീ... നീ എന്താണ് പറഞ്ഞു വരുന്നത്?" അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
മത്തായി മറുപടി പറഞ്ഞില്ല. പകരം പള്ളിയിലെ കല്ലറകൾക്ക് നേരെ വിരൽ ചൂണ്ടി. ആ വിരൽ നീണ്ടുപ്പോയത് വർക്കിയുടെ അപ്പന്റെ കല്ലറയുടെ നേരെയായിരുന്നു. ഏലിയാമ്മ സംശയഭാവത്തോടെ മത്തായിയെ നോക്കി. അവൻ ചിരിച്ചു. ദുരൂഹത നിറഞ്ഞ ചിരി. “സത്യം ഏറെ നാൾ മണ്ണിനടിയിൽ കിടക്കില്ല. അത് ഉടനെ കല്ലറ പൊളിച്ച് പുറത്തേക്ക് വരും. വർക്കിയുടെ അപ്പൻ സ്വന്തമാക്കിയ ഭൂമി യഥാർത്ഥത്തിൽ ആരുടേതാണെന്ന് പള്ളിയിലെ ആ പഴയ പുസ്തകങ്ങൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.”
അപ്പോഴേക്കും വർക്കിയുടെ വണ്ടി അകലെ നിന്നും വരുന്നത് അവർ കണ്ടു. ഏലിയാമ്മ ഒന്നും മിണ്ടാതെ, പരിഭ്രമത്തോടെ ആ വണ്ടിയിലേക്ക് ഓടിക്കയറി. മത്തായിയുടെ വാക്കുകൾ അവളുടെ മസ്തിഷ്കത്തിൽ സംസാരിച്ച് തുടങ്ങിയിരുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മത്തായിയുടെ കാതുകളിൽ ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. “ഈ മണ്ണും പെണ്ണും എല്ലാം നിന്റെയാണ്. നീ അത് എടുത്തുകൊള്ളുക!” അവൻ മന്ദഹസിച്ചു.
അടുത്ത വൈകുന്നേരം. റെക്കോർഡ് മുറിയിലെ മരവാതിൽ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടു. കാറ്റിനൊപ്പം അകത്തേക്ക് കയറിയത് വർക്കിയായിരുന്നു. അവന്റെ വിലകൂടിയ തുകൽ ബൂട്ടുകൾ കരിങ്കൽ തറയിൽ പതിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ആ മുറിയിലെ നിശബ്ദതയെ ക്രൂരമായി മുറിച്ചുമാറ്റി.
"മാത്തായി, നീ ഈയിടെയായി പഴയ കടലാസുകളിൽ മാത്രമല്ല, നാട്ടുകാരുടെ ചെവിയിലും കുറെ സമയം ചെലവഴിക്കുന്നുണ്ട്. അല്ലേടാ?" വർക്കിയുടെ കനത്ത ശബ്ദം ഒരു താക്കീത് പോലെ മുഴങ്ങി. അയാളുടെ കണ്ണുകൾ മാത്തായിയുടെ മുഖത്ത് ആഴ്ന്നിറങ്ങി.
"നിങ്ങൾ ഈ ആസ്വദിക്കുന്ന അധികാരം ഒരു വാടകവീട് പോലെയാണ് വർക്കിച്ചാ… ഏത് നിമിഷവും യഥാർത്ഥ ഉടമസ്ഥൻ തിരിച്ചുവരാം." മാത്തായി തന്റെ പേന താഴെ വെച്ചുകൊണ്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു. ആ മറുപടിയിൽ വർക്കിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ മുഷ്ടിചുരുട്ടി മേശപ്പുറത്ത് ആഞ്ഞടിച്ചു. വെറുമൊരു സാധാരണക്കാരന്റെ മകനിൽ നിന്ന് ഇത്തരമൊരു ധിക്കാരം വർക്കി പ്രതീക്ഷിച്ചിരുന്നില്ല.
“നിന്റെ കയ്യിലെ പേനയെക്കാൾ വേഗത്തിൽ നിന്റെ നാവ് ചലിക്കുന്നുണ്ട്. അതെനിക്ക് ഒട്ടും പിടിക്കുന്നില്ല. എല്ലാം ഞാൻ നിർത്തി തരാം” വർക്കി മത്തായിയുടെ കഴുത്തിന് പിടിച്ച് പള്ളിയുടെ കരിങ്കൽ ഭിത്തിയിലേക്ക് ആഞ്ഞുചേർത്തു. വർക്കിയുടെ ബലിഷ്ഠമായ കൈ അവന്റെ കവിളിൽ പതിഞ്ഞതും ഞൊടിയിടയിലായിരുന്നു. ചുണ്ടിലൂടെ ചോര ഒലിച്ചിറങ്ങുന്ന നേരം പള്ളി വരാന്തയിൽ ഒരു നിഴൽ നിൽക്കുന്നത് മത്തായി കണ്ടു. വേദന കൊണ്ട് കണ്ണുകൾ നിറയും മുൻപ് അവൻ ആ മുഖം വ്യക്തമായി കണ്ടു. ഭയത്തോടെയും സഹതാപത്തോടെയും നോക്കുന്ന ഏലിയാമ്മയായിരുന്നു അത്. മത്തായി നിലത്തേക്ക് വീണപ്പോൾ വർക്കി ദേഷ്യത്തോടെ മുറിവിട്ടിറങ്ങി പുറത്തെ ഇരുളിലേക്ക് നടന്നുമറഞ്ഞു. ആ സമയം അയാൾ ഏലിയാമ്മയുടെ കൈ മുറുകെ പിടിച്ച് വലിക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രി. ഏലിയാമ്മ പള്ളിയിലെ റെക്കോർഡ് റൂമിലേക്ക് വന്നു. അവളുടെ കാലടികൾ നിശ്ശബ്ദമായിരുന്നു. വർക്കിയുടെ മർദ്ദനമേറ്റ മാത്തായിയുടെ മുഖത്തെ മുറിവിൽ പുരട്ടാൻ അവളുടെ കയ്യിൽ അല്പം പച്ചമരുന്നും എണ്ണയുമുണ്ടായിരുന്നു. ഏലിയാമ്മ മാത്തായിയുടെ അടുത്തേക്ക് നടന്നു.
"നിനക്ക് ഒത്തിരി വേദനിച്ചോ മാത്തായി?" അവൾ ശബ്ദം താഴ്ത്തി ചോദിച്ചു. ആ സമയം അവളുടെ കൈ മാത്തായിയുടെ കൈയ്ക്കു മുകളിൽ യാദൃശ്ചികമായി പതിഞ്ഞു. ആ തണുത്ത വിരലുകളുടെ സ്പർശനം മാത്തായിയുടെയുള്ളിൽ ഒരു വലിയ ചലനമുണ്ടാക്കി.
"എന്റെ വേദന നിന്നെ ഓർത്താണ് ഏലിയാമ്മേ… ഒറ്റ ദിവസം കൊണ്ട് ഞാൻ ഇത്ര അനുഭവിച്ചെങ്കിൽ ഇത്രയും നാളായി അയാളുടെ കൂടെ കഴിയുന്ന നിന്റെ അവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ." മാത്തായി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. വർക്കിയുടെ വലിയ തറവാട്ടിലെ വെറുമൊരു അലങ്കാരവസ്തുവായിരുന്ന അവൾക്ക്, മാത്തായിയുടെ ആ വാക്കുകൾ നൽകിയ സാന്ത്വനം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതേ സമയം അവന്റെ വിരലുകൾ അവളുടെ കൈത്തണ്ടയിലൂടെ പതുക്കെ മുകളിലേക്ക് ഇഴഞ്ഞു കയറി. ആ ഇടുങ്ങിയ മുറിയിലെ ഇരുളിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിരേഖകൾക്ക് മുകളിൽ ഒരു പുതിയ പാപത്തിന്റെ ചരിത്രം എഴുതപ്പെടുകയായിരുന്നു. പാരമ്പര്യത്തിന്റെയും വിധേയത്വത്തിന്റെയും സകല വിലങ്ങുകളും ആ നിമിഷം അവിടെ പൊട്ടിച്ചെറിയപ്പെട്ടു. ഈദൻ തോട്ടത്തിലെ വിലക്കുകൾ ലംഘിച്ച് വന്യതയിലേക്ക് ഇറങ്ങിപ്പോയ ലിലിത്തിനെ കവർന്ന ലൂസിഫറിനെ പോലെ മത്തായി ഏലിയാമ്മയെ പുണർന്നു. അവൾ അവനെയും. മഴയുടെ തണുപ്പിലും അവർക്കിടയിലെ ശ്വാസങ്ങൾക്ക് പൊള്ളുന്ന ചൂടുണ്ടായിരുന്നു. അവളുടെ വിലയേറിയ വസ്ത്രങ്ങൾ ആ പഴയ മരപ്പലകകളിലേക്ക് ഊർന്നു വീണു. അവർക്കിടയിലെ പ്രായത്തിന്റെ അതിർവരമ്പുകൾ മാഞ്ഞുപോയി. അവിടെ അവൾ അവന് അഭയവും, അവൻ അവൾക്ക് വർഷങ്ങളായി അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യവുമായി മാറി. വിലക്കപ്പെട്ട ആ അനുരാഗത്തിന്റെ സമയത്ത്, പുറത്ത് പള്ളിമണി മുഴങ്ങുന്നതുപോലും അവർ അറിഞ്ഞില്ല. ആ രാത്രി, ഒരു വശത്ത് പകയും മറുവശത്ത് വിലക്കപ്പെട്ട അനുരാഗവും ആ പള്ളിയിലെ നിഴലുകളെ കൂടുതൽ കറുപ്പണിയിച്ചു. ആ സുന്ദരിയുടെ നഗ്ന ശരീരം കെട്ടിപിടിച്ചുകൊണ്ട് മത്തായി അവളുടെ കാതിൽ പറഞ്ഞു: “ഇനി നീ എന്റേതാണ്.” ആ വാക്കുകൾക്കൊടുവിൽ അവൾ അവനെ തുടരെ ചുംബിച്ചു. തുടർന്നുള്ള പല രാത്രികളിലും മത്തായിയും ഏലിയാമ്മയും അടുത്തു.
പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലായിരുന്നു. മുൻ വർഷങ്ങളിൽ പള്ളിപെരുന്നാളിന്റെ ഒരുക്കങ്ങളിൽ വർക്കിയുടെ സാന്നിധ്യം വലിയ ആഘോഷമായാണ് ആ ദേശവാസികൾ കണ്ടിരുന്നത്. അതെ പ്രൗഢിയോടെ വർക്കി ഇത്തവണയും ഒരുക്കങ്ങൾ നടക്കുന്നിടത്തേക്ക് നടന്നു. എന്നാൽ ഇത്തവണ സ്ഥിതി മാറിയിരുന്നു. പണ്ട് പള്ളിമുറ്റത്ത് വർക്കി വരുമ്പോൾ ഓടി വന്ന് ബഹുമാനിച്ചിരുന്ന പ്രമാണിമാർ പോലും ഇപ്പോൾ മുഖം കൊടുക്കാതെ മാറി നടന്നു. തന്റെ പാരമ്പര്യത്തിലും തറവാടിത്തത്തിലും അഭിമാനിച്ചിരുന്ന വർക്കിക്ക് തനിക്ക് ചുറ്റും ഒരു ശൂന്യത രൂപപ്പെടുന്നത് കാണാനായി. അഭിമാനക്ഷതം! വർക്കിയുടെ കണ്ണുകളിൽ ഭ്രാന്തമായ ഒരു പക തീനാളം പോലെ തിളങ്ങി. എല്ലാത്തിനും കാരണം മത്തായിയാണ്. അൾത്താരയിലെ ഇരുളിൽ ഇരുന്നുകൊണ്ട് മാത്തായിയുടെ തിളങ്ങുന്ന കുറുക്കൻ കണ്ണുകൾ തന്നെ നോക്കി ചിരിക്കുന്നത് വർക്കി മിഥ്യയുടെയും യാഥാർഥ്യത്തിന്റെയും വക്കിലിരുന്ന് കണ്ടു. പുറമെ ഭാവവ്യത്യാസമില്ലാതെ നിന്നെങ്കിലും അയാളുടെ ഉള്ളിലെ വർക്കി ഒരു ഭ്രാന്തനെ പോലെ അലറി.
ഒരു രാത്രിയുടെ മൂന്നാം യാമം. മൂകമായ പള്ളി സെമിത്തേരിയുടെ ഒരു കല്ലറയുടെ മുകളിൽ വെച്ച് മത്തായിയും ഏലിയാമ്മയും അന്നും കണ്ടുമുട്ടി. മത്തായി അവളെ ആവേശത്തോടെ വലിച്ച് അവനിലേക്ക് അടുപ്പിച്ചു. എന്നാൽ അവൾ പതിയെ ആ ആലിംഗനത്തിൽ നിന്നും പിന്മാറി. ഏലിയാമ്മ വിറക്കുന്നുണ്ടായിരുന്നു.
“മത്തായി… നമ്മൾ ചെയ്യുന്നത് പാപമാണ്. ദൈവം നമ്മളോട് പൊറുക്കില്ല.” അവൾക്ക് വിതുമ്പൽ നിയന്ത്രിക്കാനായില്ല.
“പാപം ചെയ്തത് നമ്മളല്ല ഏലിയാമ്മേ, വർക്കിയുടെ അപ്പനാണ്. എന്റെ അപ്പനപ്പൂപ്പന്മാരുടെ സ്വത്താണ് അയാൾ കളവിലൂടെയും ചതിയിലൂടെയും സ്വന്തമാക്കിയത്. വർക്കിയും അവന്റെ അപ്പനും ആ മണിമാളികയിൽ കിടന്ന് സുഖിക്കുമ്പോൾ ഞാനും എന്റെ കുടുംബവും വഴിയാധാരമായി. അവർ മൂന്നുനേരം മൃഷ്ടാനം ഭക്ഷിച്ചപ്പോൾ എനിക്ക് ഒരു നേരത്തെ ആഹാരത്തിനു പോലും കാത്തിരിക്കേണ്ടി വന്നു.” മത്തായി ഒന്ന് നിർത്തി. എന്നിട്ട് അവളെ മൃദുവായി ചുംബിച്ചു. എന്നിട്ട് തുടർന്നു:
“ആ മണ്ണ് എന്റേതാണ്. ഈ നീയും എന്റേതാണ്. എല്ലാം ഞാൻ സ്വന്തമാക്കും. അതിൽ ഒരു പാപവുമില്ല ഏലിയാമ്മേ… കാരണം ഇതെല്ലം എന്റേത് തന്നെയാണ്.”
നിലാവെളിച്ചത്തിൽ ഏലിയാമ്മ മത്തായിയുടെ കണ്ണുകളിലേക്ക് നോക്കി. അവൾ അവിടെ കണ്ടത് പ്രണയമായിരുന്നില്ല. പകരം വിജയലഹരിയായിരുന്നു. അവൻ അവളെ ബലമായി അവനിലേക്ക് അടുപ്പിച്ചു. അന്ന് രാത്രി ഒരു പാവയെ പോലെ അവനു മുന്നിൽ നിശ്ചലയായി കിടക്കുകയായിരുന്നു അവൾ. തന്നെ സ്നേഹിച്ച മത്തായിയെ അവൾക്ക് അവിടെ കാണാനായില്ല. തന്നെ വെറുമൊരു ആയുധമായും, ഭർത്താവിനെ തകർക്കാനുള്ള ചവിട്ടുപടിയായും മാത്രമാണ് അയാൾ ഉപയോഗിക്കുന്നതെന്ന സത്യം അവളുടെ ഹൃദയത്തെ തകർത്തു. താൻ ആ വലിയ വീട്ടിൽ ഒരു അലങ്കാരവസ്തു മാത്രമായിരുന്നെങ്കിൽ, മത്തായിക്ക് മുന്നിൽ പ്രതികാരത്തിനുള്ള ഇര മാത്രമായിരുന്നു.
പള്ളിപ്പെരുന്നാളിന്റെ ദിവസം. എല്ലാവരും ആഘോഷത്തിമർപ്പിലായിരുന്ന സമയം. പള്ളിമുറ്റത്തെ ചരൽമണ്ണിൽ ആഞ്ഞുചവിട്ടി അയാൾ വന്നുനിന്നു, വർക്കി. അയാളുടെ കയ്യിൽ ഒരു നീണ്ട ഇരട്ടക്കുഴൽ തോക്കുമുണ്ടായിരുന്നു.
“മത്തായി..!” അയാൾ അലറിവിളിച്ചു.
മത്തായി തിരിഞ്ഞുനോക്കി. എന്നാൽ അവന്റെ മുഖത്ത് ഒട്ടും ഭയമുണ്ടായിരുന്നില്ല; പകരം ഭ്രാന്തമായ ഒരു കള്ളച്ചിരിയായിരുന്നു.
“ഇതാര് വർക്കിച്ചായനോ! ഇതെന്താ പെരുന്നാളിന് തോക്കുമായിട്ട്?” യാതൊരു കൂസലുമില്ലാതെ മത്തായി പരിഹാസത്തോടെ ചോദിച്ചു.
“നിന്നെ തീർക്കാൻ. കളവ് പറഞ്ഞുനടക്കുന്ന നിന്റെ വായ എന്നെന്നേക്കുമായി അടയ്ക്കാൻ..!” തോക്ക് മത്തായിയുടെ നെഞ്ചിനു നേരെ ചൂണ്ടി വർക്കി മുന്നോട്ട് കുതിച്ചു. പെരുന്നാളിന് വന്നവരെല്ലാം നടുക്കത്തോടെ അവർക്കു ചുറ്റും വട്ടംകൂടി.
“അപ്പോൾ ഞാൻ പറയുന്ന സത്യങ്ങളെ വർക്കിച്ചായൻ ഭയക്കുന്നുണ്ട്. അതുകൊണ്ടല്ലേ എന്നെ കൊല്ലാൻ നോക്കുന്നത്, അല്ലേ വർക്കിച്ചായ?” കളിയാക്കുന്ന സ്വരത്തിൽ മത്തായി ചോദിച്ചു. തന്റെ വാക്കുകൾ ചുറ്റും നിൽക്കുന്നവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് അവനറിയാമായിരുന്നു.
“വർക്കി... നിന്റെ അപ്പന്റെ സ്വത്തൊക്കെ നല്ല രീതിയിൽ സമ്പാദിച്ചതാണെങ്കിൽ നീ അത് തെളിയിക്ക്. അല്ലാതെ, ഈ മത്തായിയെ കൊന്നാൽ അതിനർത്ഥം അവൻ പറഞ്ഞതിൽ സത്യമുണ്ടെന്നല്ലേ? അത് മൂടിവെക്കാനല്ലേ നീ അവനെ തീർക്കുന്നത്?” ആൾക്കൂട്ടത്തിൽ നിന്നാരോ ഉറക്കെ ചോദിച്ചു.
“അതെ, തെളിയിക്ക് വർക്കി… തെളിയിക്ക്…” കൂടിനിന്നവർ വർക്കിക്ക് നേരെ കാക്കകളെ പോലെ ആക്രോശിക്കാൻ തുടങ്ങി.
ആൾക്കൂട്ടത്തിന്റെ അപ്രതീക്ഷിതമായ ഈ പ്രതികരണത്തിൽ പതറിപ്പോയ വർക്കിയുടെ പിടിയൊന്ന് അയഞ്ഞു. ആ നിമിഷം അവന്റെ കയ്യിൽ നിന്നും തോക്ക് താഴേക്ക് വീണു. ഞൊടിയിടയിൽ മത്തായി അത് സ്വന്തമാക്കി.
“എന്റെ അപ്പന്റെ സ്വത്ത് അയാൾ അധ്വാനിച്ചുണ്ടാക്കിയതാ. അത് നിങ്ങളുടെയൊന്നും മുന്നിൽ തെളിയിക്കേണ്ട ഗതികേട് എനിക്കില്ല.” പ്രമാണിത്തത്തിന്റെ ധാർഷ്ട്യം വിടാതെ വർക്കി ഉറക്കെ പറഞ്ഞു. എന്നാൽ ആൾക്കൂട്ടം അത് അംഗീകരിക്കാതെ ബഹളം വെച്ചുകൊണ്ടേയിരുന്നു.
“ഇവന് മാത്രമല്ല, നിങ്ങൾക്ക് എല്ലാവർക്കും എന്നോട് കാലങ്ങളായി അസൂയയാണ്! എനിക്കതറിയാം.” വർക്കി കിതച്ചുകൊണ്ട് അലറി. എന്നിട്ട് വർദ്ധിച്ച കലിയോടെ, എന്നാൽ അല്പം പതിഞ്ഞ ശബ്ദത്തിൽ അയാൾ തുടർന്നു:
“പക്ഷേ… ഇവനുണ്ടല്ലോ…. ഈ മത്തായി… ഇവൻ എന്റെ പെണ്ണിനെ…”
അത് പറഞ്ഞു പൂർത്തിയാക്കാൻ വർക്കിക്കായില്ല. അപ്പോഴേക്കും മത്തായിയുടെ കയ്യിലിരുന്ന തോക്ക് ഗർജ്ജിച്ചു. അതിൽ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ട വർക്കിയുടെ നെഞ്ച് പിളർന്ന് പുറത്തേക്ക് പാഞ്ഞു. ഒരു പിടച്ചിലോടെ വർക്കി ആ ചരൽമണ്ണിലേക്ക് വീണു.
വലിയ പെരുന്നാൾ വെടിയൊച്ചകളെ തോൽപ്പിക്കുന്ന ആ ശബ്ദം കേട്ടാണ് അന്ന് പള്ളിയിൽ അതിഥിയായി വന്ന വലിയച്ചൻ പള്ളിമേടയിൽ നിന്നും അങ്ങോട്ടേക്ക് ഓടിയെത്തിയത്. ചോരയിൽ കുളിച്ചുകിടക്കുന്ന വർക്കിയെയും, കയ്യിൽ തോക്കും പഴയ ആധാരച്ചുരുളുകളുമായി ഭ്രാന്തമായ ചിരിയോടെ നിൽക്കുന്ന മത്തായിയെയും കണ്ട് അച്ചൻ ഞെട്ടിത്തരിച്ചുപോയി.
"എന്താ... എന്താ ഇവിടെ നടക്കുന്നത്?" വലിയച്ചൻ നടുക്കത്തോടെ ചോദിച്ചു.
"ഞാൻ കൊന്നു അച്ചാ! നമ്മുടെയൊക്കെ മണ്ണും സ്വത്തും കവർന്നെടുത്ത ആ വരത്തനെ ഞാൻ തീർത്തു!" മത്തായി പൂർണ്ണമായും ഒരു ഉന്മാദാവസ്ഥയിലായിരുന്നു.
വലിയച്ചൻ വേഗത്തിൽ മുന്നോട്ടുവന്ന് മത്തായിയുടെ കയ്യിൽ നിന്നും ആ പഴയ ആധാരങ്ങൾ പിടിച്ചുവാങ്ങി. പള്ളിമുറ്റത്തെ പെരുന്നാൾ വെളിച്ചത്തിൽ അതിലെ വരികളിലൂടെ കണ്ണോടിച്ച അച്ചന്റെ മുഖത്ത് വല്ലാത്തൊരു ഭാവം മിന്നിമറഞ്ഞു.
"മത്തായി... നീയെന്താ ഈ പറയുന്നത്? നിന്റെ വല്യപ്പന് വലിയ കടബാധ്യതകൾ വന്നപ്പോൾ, ഈ ഭൂമി വർക്കിയുടെ അപ്പന് വിറ്റതാണെന്ന് ഇതിൽ വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ!" വലിയച്ചന്റെ വാക്കുകൾ കേട്ട് ചുറ്റും കൂടിനിന്നവർ സ്തംഭിച്ചുപോയി. ആ കൂട്ടത്തിൽ വിറയ്ക്കുന്ന ഹൃദയവുമായി ഏലിയാമ്മയുമുണ്ടായിരുന്നു.
"ഇല്ല! അതൊരിക്കലുമില്ല അച്ചാ! ആ മണ്ണ് എന്റെ കുടുംബത്തിന്റേതാണ്. വർക്കിയുടെ കുടുംബം ആധാരം തിരുത്തിയതാണ്!" മത്തായി ഭ്രാന്തമായി തലയാട്ടിക്കൊണ്ട് അച്ചന്റെ കയ്യിൽ നിന്നും ആ രേഖകൾ ബലമായി തിരികെ വാങ്ങി.
"മത്തായി... നീ എന്താ ഈ ചെയ്തത്?"
പിന്നിൽ നിന്നും ഏലിയാമ്മയുടെ വിറയ്ക്കുന്ന ശബ്ദം കേട്ടു. മത്തായി തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ പ്രണയമായിരുന്നില്ല, മറിച്ച് ഭയാനകമായൊരു തിരിച്ചറിവായിരുന്നു.
"ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാം ഏലിയാമ്മേ... നിന്നെയും ഞാൻ സ്വന്തമാക്കി, ഈ മണ്ണും ഞാൻ സ്വന്തമാക്കി… ഈ ഭൂമിയും സ്വത്തും എല്ലാം ഇനി എന്റേതാണ്. തെളിവ് എന്റെ കൈയിലുണ്ട്. ഇതാ ഇതാ…" മത്തായി ആവേശത്തോടെ ആ ആധാരച്ചുരുൾ അവളുടെ നേരെ നീട്ടി.
വിറയ്ക്കുന്ന കൈകളോടെ ഏലിയാമ്മ ആ രേഖ വാങ്ങി. അവൾ അതിലെ വരികൾ വായിച്ചു. പെട്ടെന്ന് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് തറയിലേക്ക് ഇരുന്നുപോയി.
"നീ എന്താണ് ഈ ചെയ്തത് മത്തായി? ഇതിൽ... ഇതിൽ വർക്കിയുടെ അപ്പനല്ല ആ പേര് തിരുത്തിയത്. ഇത് നിന്റെ സ്വന്തം അപ്പന്റെ കയ്യക്ഷരമാണ്!"
മത്തായിയുടെ ലോകം ഒരു നിമിഷം നിശ്ചലമായി. അവൾ പാതിയാക്കിയ സത്യം വലിയച്ചൻ പൂരിപ്പിച്ചു:
"നിന്റെ അപ്പന്റെ അപ്പൻ പണ്ട് പള്ളിയിലെ എഴുത്തുകാരനായിരുന്നപ്പോൾ, കടം വീട്ടാൻ വേണ്ടി വർക്കിയുടെ കുടുംബത്തിന് ഈ ഭൂമി വിറ്റതാണ്. അന്ന് പലരുടെയും സ്വത്തുക്കൾ സ്വന്തമാക്കാൻ അയാൾ പല രേഖകളിലും കൃത്രിമം കാണിച്ചിരുന്നു. പള്ളിക്കമ്മിറ്റി അത് കയ്യോടെ പിടികൂടുകയും ചെയ്തു. അന്ന് നിന്റെ അപ്പന്റെയും വല്യപ്പന്റെയും കടം വീട്ടാൻ ആകെ മുന്നോട്ടുവന്നത് ഈ വർക്കിയുടെ അപ്പനായിരുന്നു. അതിനു പകരമായി നിയമപരമായിത്തന്നെ നൽകിയതാണ് ആ സ്ഥലം. വർക്കിക്ക് ഇതെല്ലാം അറിയാമായിരുന്നു മത്തായി. അവനു വേണമെങ്കിൽ ഇതെല്ലാം നാട്ടുകാരോട് വിളിച്ചുപറയാമായിരുന്നു. പക്ഷേ അവൻ ഇത്രയും നാൾ നിന്റെ കുടുംബത്തിന്റെ മാനം കാത്തു. ഒടുവിൽ നീ വിതച്ച അസൂയയ്ക്ക് മുകളിൽ അവന്റെ സത്യം വളർന്നില്ല. വർക്കി എന്തുതന്നെ പറഞ്ഞാലും ആരും വിശ്വസിക്കാത്ത തരത്തിൽ നീ എല്ലാവരെയും അന്ധരാക്കിയില്ലേ?"
മത്തായി തകർന്നുപോയി. അവൻ വർക്കിയുടെ മൃതദേഹത്തിലേക്ക് നോക്കി. ആ നിശ്ചലമായ കണ്ണുകൾ മത്തായിയെ നോക്കി പുച്ഛിച്ചുചിരിക്കുന്നതുപോലെ തോന്നി.
"സ്വന്തമാക്കാൻ ആഗ്രഹിച്ചതെല്ലാം നീ അവനിൽ നിന്നും പറിച്ചെടുത്തില്ലേ? എന്നെയും നീ ചതിക്കുകയായിരുന്നില്ലേ?" ഏലിയാമ്മ കടുത്ത വെറുപ്പോടെ അവനെ നോക്കിത്തുപ്പി. പിന്നീട് അവൾ ആ ഇരുളിലേക്ക് ഓടിമറഞ്ഞു.
മഴ തോർന്നുതുടങ്ങിയിരുന്നു. മത്തായി ആ പള്ളിമുറ്റത്ത് ഒറ്റയ്ക്കായി. കുരിശുകളുടെ നീണ്ട നിഴലുകൾ പതുക്കെ അവനിലേക്ക് അടുത്തുവന്നു. അകലെ പള്ളിമണി വീണ്ടും മുഴങ്ങി. ഇത്തവണ അത് ഒരു മരണവാർത്തയായിരുന്നു. മത്തായി തന്റെ കയ്യിലെ ആ രേഖകൾ പിച്ചിച്ചീന്തി. പക്ഷേ അവന്റെ തലച്ചോറിനെ കാർന്നുതിന്ന ആ അസൂയയുടെയും ഭ്രാന്തിന്റെയും വിഷം അവനെ വിട്ടുപോയിരുന്നില്ല.
“എന്നെ അന്വേഷിച്ച് പോലീസ് വരും മുൻപ് എനിക്ക് ആ വലിയ തറവാട്ടിൽ എത്തണം... അവിടെ ഏലിയാമ്മയുടെ കൂടെ കഴിയണം. വലിയ തറവാട്ടുകാരെ ഈ നാട്ടിൽ ആരും ഒന്നും ചെയ്യില്ല...” പൂർണ്ണമായും സമനില തെറ്റിയവനെപ്പോലെ പിറുപിറുത്തുകൊണ്ട് അവൻ ഇരുളടഞ്ഞ ശവക്കല്ലറകൾക്കിടയിലൂടെ നടന്നുനീങ്ങി.
കാലം ഒരുപാട് കടന്നുപോയി. ഇപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളിൽ, ആ പള്ളിമുറ്റത്ത് രണ്ട് നിഴലുകൾ അലഞ്ഞുതിരിയുന്നതായി നാട്ടുകാർ പറയാറുണ്ട്. ഒന്ന് വഞ്ചനയാൽ കൊല്ലപ്പെട്ട വർക്കിയുടേതും, മറ്റൊന്ന് ജീവിച്ചിരിക്കെത്തന്നെ മണ്ണടിയാൻ വിധിക്കപ്പെട്ട മത്തായിയുടേതും.
[Valley of the Seventh Sin Series - Chapter 06: Envy]