ഡിസംബറിലെ അവസാന വാരം.
ആനന്ദ് കോഴിക്കോട് നിന്നും പുറപ്പെടുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു. വെയിലാറിത്തുടങ്ങിയതിനാലും മഞ്ഞുകാലമായതിനാലും അന്തരീക്ഷം തണുത്തിരിക്കുകയായിരുന്നു. അതിനാൽ കാറിലെ ഏസിക്ക് പകരം, ജനാലകൾ തുറന്നാണ് അവൻ യാത്ര ചെയ്തത്. കിഴക്കോട്ടാണ് യാത്ര. വയനാട് ചുരം കടന്ന് പുൽപള്ളി എത്തണം. വാരാന്ത്യത്തിനു വിപരീതമായി അന്ന് വഴിയിൽ വാഹനങ്ങൾ താരതമ്യേനെ കുറവായിരുന്നു. കാറ്റേറ്റുകൊണ്ടുള്ള അലസമായ ആ യാത്ര ആനന്ദിന്റെ മനസ്സിലേക്ക് ചില ഓർമ്മകൾ കൊണ്ടുവന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന ഒരു കറുത്ത പകലിന്റെ ഓർമ്മകൾ.
കഴിഞ്ഞ ആഗസ്റ്റ് മാസം. പതിവുപോലെ ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിന്റെ തിരക്കിലായിരുന്നു ആനന്ദ് അന്ന്. കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ടിന്റെ ബട്ടണുകൾ ഇടുമ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്. സ്‌ക്രീനിൽ വല്യച്ഛന്റെ പേരായിരുന്നു. വല്ലപ്പോഴും മാത്രമേ വല്യച്ഛൻ ആനന്ദിനെ വിളിക്കാറുള്ളൂ. ഇത്ര രാവിലെ, അതും ഒരു ജോലിദിവസം, വല്യച്ഛന്റെ ഫോൺ വന്നപ്പോൾ തന്നെ അവന്റെ ഹൃദയം അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി. കേൾക്കാൻ പോകുന്ന വാർത്തയുടെ ഭാവം അവൻ ചിന്തിച്ചുകൂട്ടി കൊണ്ട് അവൻ ആ ഫോൺ ചെവിയോട് ചേർത്തു.
"ആനന്ദേ, അച്ഛന് തീരെ സുഖമില്ല... ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നീ ഉടനെ വരണം," വലിയച്ഛന്റെ വാക്കുകളിലെ ആ വിറയൽ ആനന്ദിന്റെ ചിന്തകളുടെ ഭാരം വർദ്ധിപ്പിച്ചു. നെഞ്ചിനുള്ളിൽ ഒരു കരിങ്കല്ല് വന്നു വീണതുപോലെ. കൂടുതലൊന്നും അവൻ ചിന്തിക്കാൻ നിന്നില്ല. കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ ഒരു ബാഗിലേക്ക് വാരിയിട്ട് ആനന്ദ് നാട്ടിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്തു. വണ്ടി കോഴിക്കോട് ടൗൺ പിന്നിടുമ്പോഴേക്കും അവന്റെ ഉള്ളിൽ നിഗൂഢമായ ഒരു നിശബ്ദത പടർന്നിരുന്നു. ടാക്സിക്കുള്ളിലെ എയർ ഫ്രഷ്നറിന്റെ ഗന്ധം പോലും അവന് അസ്വസ്ഥത നൽകി. വഴിയിലുടനീളം ഫോണിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരുന്ന മിസ്സ്ഡ് കോളുകളും സന്ദേശങ്ങളും ആ നിശബ്ദതയെ കൂടുതൽ ഭീകരമാക്കി. താമരശ്ശേരി ചുരം കയറാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് വന്ന വല്യച്ഛന്റെ രണ്ടാമത്തെ ഫോൺ കോളിന് മുൻപ് തന്നെ അവൻ ആ സത്യം തിരിച്ചറിഞ്ഞിരുന്നു, അച്ഛൻ തന്നെ വിട്ടുപോയിരിക്കുന്നു. കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഓടിമറയുന്ന മരങ്ങൾക്കും മനുഷ്യർക്കും വല്ലാത്തൊരു വിളർച്ച ബാധിച്ചതുപോലെ അവന് തോന്നി. അവൻ കണ്ണുകളടച്ച് ദീർഘമായൊന്നു നിശ്വസിച്ചു. കൺപോളകൾക്കുള്ളിൽ മിഴികൾ ആർദ്രമായിരുന്നു.
ഓർമ്മകളിൽ നിന്ന് കണ്ണുകൾ പുറംകാഴ്ചകളിലേക്ക് തിരികെ വന്നപ്പോഴും ആനന്ദ് ദീർഘമായൊന്ന് നിശ്വസിച്ചു. വണ്ടി താമരശ്ശേരി ചുരത്തിന്റെ ഒൻപതാമത്തെ ഹെയർപിൻ വളവും പിന്നിട്ട് ലക്കിടിയിലെ തണുപ്പിലേക്ക് പ്രവേശിച്ചു. പുറത്ത് മഞ്ഞിന്റെ കനത്ത പാളികൾക്കിടയിലൂടെ വഴിയോരത്തെ വിളക്കുകൾ മങ്ങിക്കത്തുന്നുണ്ടായിരുന്നു. കാറിന്റെ ജനാലയിലൂടെ അരിച്ചുകയറുന്ന മഞ്ഞുകാറ്റിന് വല്ലാത്തൊരു ആലസ്യം. പുൽപ്പള്ളിയിലെ ആ വലിയ പറമ്പിന്റെ ഗേറ്റിന് മുന്നിൽ കാർ നിർത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഏറെ നാളുകളായി വിജനത അനുഭവിച്ചിരുന്ന ആ പറമ്പിൽ നിറയെ ഒരു ആയുഷ്കാലം കാറ്റിലും മഴയിലും തളരാതെ പിടിച്ചുനിന്ന ഇലകൾ വീണുകിടക്കുന്നു. അതിനെല്ലാം നടുവിൽ അനാഥമാക്കപ്പെട്ട ആ തറവാട് വീടും. അച്ഛന്റെ മരണശേഷം അമ്മ അധികനാൾ ആ വീട്ടിൽ നിന്നില്ല. ആനന്ദിന്റെ അനിയൻ അഭിലാഷിന്റെ കൂടെയാണ് അമ്മ ഇപ്പോൾ. ഒരുപാട് കാലം ഒരു കുടുംബത്തിന്റെ ആനന്ദവും വിരഹവും കോപവും മ്ലാനതയും പേറിയ ആ അകത്തളങ്ങൾ പെട്ടെന്ന് ഒരുനാൾ നിശ്ശബ്ദമായി.
കാറിൽ നിന്നുമിറങ്ങിയ ആനന്ദ് തറവാട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ ആനന്ദിനെയും കാത്ത് അയൽവാസിയായ രവിയേട്ടൻ നിൽപ്പുണ്ടായിരുന്നു. ആനന്ദ് രവിയേട്ടനെ നോക്കി പുഞ്ചിരിച്ചു. എന്നാൽ തിരികെ വന്ന രവിയേട്ടന്റെ ചിരിയിൽ ഒരുതരം അസ്വസ്ഥത കലർന്നിരുന്നു. വിയർപ്പിൽ കുതിർന്നിരുന്ന ഷർട്ടും ധരിച്ചാണ് അയാൾ അവിടെ നിൽക്കുന്നത്. കണ്ണുകളിൽ ഭയത്തിന്റെ ഒരു നേർത്ത പാട.
"ആനന്ദേ... നീ വരാൻ വേണ്ടി ഞാൻ കാത്തുനിൽക്കുകയായിരുന്നു. ഈ മുറ്റത്തേക്ക് കയറിയപ്പോൾ മുതൽ എന്തോ ഒരു വല്ലായ്മ..." രവിയേട്ടൻ കിതച്ചുകൊണ്ട് പറഞ്ഞു. ആനന്ദ് അത് ശ്രദ്ധിച്ചു. സിറ്റൗട്ടിലേക്ക് നടക്കുന്തോറും ചൂട് അല്പാല്പമായി കൂടിക്കൊണ്ടിരുന്നു. ഇതുവരെ അനുഭവിച്ച അന്തരീക്ഷമല്ല ഇപ്പോൾ. മഞ്ഞുകാലത്തിന്റെ തണുപ്പിൽ നിന്നും മീനമാസത്തിലെ വേനലിലേക്ക് കാലെടുത്ത് വെച്ചതുപോലെ.
"രവിയേട്ടാ... ഇതെന്താ ഇങ്ങനെ?" ആനന്ദിന്റെ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞു.
"എനിക്കറിയില്ല ആനന്ദേ... ഞാനീ താക്കോൽ ഇവിടെ വെക്കാം. നീ നോക്കിയിട്ട് വാ..." വിയർപ്പ് തുടച്ചുകൊണ്ട് താക്കോൽക്കൂട്ടം സിറ്റൗട്ടിലെ തിണ്ണയിൽ വെച്ചിട്ട് രവിയേട്ടൻ വേഗത്തിൽ ഗേറ്റിന് പുറത്തേക്ക് നടന്നു. പറമ്പിന്റെ ഗേറ്റ് കടന്നതും അദ്ദേഹം ആശ്വാസത്തോടെ ദീർഘമായി ശ്വാസമെടുക്കുന്നത് ആനന്ദ് കണ്ടു. ഏറെ നാളായി അടഞ്ഞു കിടക്കുന്ന വീടല്ലേ… ഉഷ്ണം താങ്ങിനിൽക്കുന്നതാവാം. സ്വയം അനുമാനിച്ചുകൊണ്ട് ആനന്ദ് വീടിനുള്ളിലേക്ക് കടന്നു. സുസഹമായ ചൂട് വീടിനകത്തുണ്ട്. ജനാലകളും വാതിലുകളും ഓരോന്നായി ആനന്ദ് തുറന്നിട്ടു.
ദശാബ്ദങ്ങളുടെ പഴക്കമുണ്ട് തറവാട്ടിന്. അതിന്റെതായ ചില പ്രശ്നങ്ങളും ആ വീടിനുണ്ട്. ചെറിയ അറ്റകുറ്റപ്പണികൾ നടത്തി അവയെല്ലാം പരിഹരിച്ച് തറവാട് വിൽക്കുക എന്നതായിരുന്നു ആനന്ദിന്റെ വരവിന്റെ പ്രഥമ ലക്ഷ്യം. അച്ഛന്റെ മരണശേഷം ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ അമ്മയ്ക്ക് ഭയമായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അമ്മ അഭിലാഷിന്റെ വീട്ടിലേക്ക് മാറി. അതോടെ അവർ മൂന്നുപേരും കൂടി എടുത്ത തീരുമാനമായിരുന്നു ഈ വീട് വിൽക്കുക എന്നത്.
അത്താഴത്തിന് ശേഷം, ആനന്ദ് അമ്മയെ വീഡിയോ കോൾ ചെയ്തു. സ്ക്രീനിൽ ആ പഴയ തറവാടിന്റെ അകത്തളങ്ങൾ കണ്ടപ്പോൾ അമ്മയുടെ മുഖം പെട്ടെന്ന് മങ്ങി. അവരുടെ കണ്ണുകൾ നിറയുന്നത് അവന് കാണാമായിരുന്നു. ഒരുപാട് കാലത്തെ ഓർമ്മകൾ ഉറങ്ങുന്ന ആ വീട് അന്യർക്ക് നൽകുന്നതിലെ സങ്കടമാണോ, അതോ അച്ഛനുമൊത്തുള്ള ആ നാളുകളുടെ ഓർമ്മയാണോ അമ്മയെ കരയിച്ചത് എന്ന് അവന് മനസ്സിലായില്ല. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ശബ്ദം ഇടറിക്കൊണ്ട് അമ്മ വേഗം ഫോൺ വെച്ചു. ഫോൺ മേശപ്പുറത്തേക്ക് വെച്ച് ആനന്ദ് കട്ടിലിലേക്ക് കിടന്നു. സീലിംഗ് ഫാനിന്റെ കരകര ശബ്ദത്തിനൊപ്പം ജനലിലൂടെ വന്ന കാറ്റിനും നേർത്ത ചൂടുണ്ടായിരുന്നു. അവൻ പതുക്കെ കണ്ണുകളടച്ചു. ഉറങ്ങാൻ ശ്രമിക്കുമ്പോഴും അവന്റെ ചിന്തകൾ പുറകോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു. ഓർമ്മകൾ ഒരു പുഴപോലെ അവനിലേക്ക് ഇരച്ചുകയറി.
അച്ഛൻ മരിച്ചതറിഞ്ഞ് കോഴിക്കോട് നിന്നും ടാക്സിയിൽ പാഞ്ഞെത്തിയ ആ ദിവസം. വണ്ടി മുറ്റത്ത് എത്തുമ്പോൾ അവിടെ നിറയെ ആളുകൾ കൂടിനിൽപ്പുണ്ടായിരുന്നു. അകത്ത് നിലവിളക്കിന് മുന്നിൽ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ അവന് അന്ന് കഴിഞ്ഞില്ല. മരണകാരണം പെട്ടെന്നുണ്ടായ ഹൃദയാഘാതമാണെന്നായിരുന്നു വല്യച്ഛൻ ഫോണിൽ പറഞ്ഞിരുന്നത്. എന്നാൽ, മുറ്റത്തെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ, ആരൊക്കെയോ അടക്കിപ്പിടിച്ച് സംസാരിക്കുന്നത് അവൻ കേട്ടു.
"എന്തൊക്കെയായാലും ഇത്രയും മനക്കരുത്തുള്ള ഒരു മനുഷ്യൻ... ഒടുവിൽ സ്വന്തം ജീവനെടുക്കാൻ എങ്ങനെ തോന്നി?"
ആ വാക്കുകൾ അവന്റെ നെഞ്ചിൽ വല്ലാത്തൊരു ആഘാതമാണ് സൃഷ്ടിച്ചത്. അച്ഛൻ മരിച്ചത് സ്വാഭാവികമായല്ല. അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് അദ്ദേഹം സീലിംഗ് ഫാനിൽ തൂങ്ങി സ്വയം ജീവനൊടുക്കുകയായിരുന്നു. സത്യം ആനന്ദ് കയ്പ്പ് നീർ പോലെ തിരിച്ചറിഞ്ഞു. തന്റെ ഉള്ളിലെ ആ വലിയ ക്രോധം പൊട്ടിത്തെറിക്കുന്നത് താങ്ങാനാവാതെ, സകലരെയും വെറുപ്പിച്ച് ഒടുവിൽ അദ്ദേഹം സ്വയം എരിഞ്ഞടങ്ങുകയായിരുന്നു. ആ ഓർമ്മകളിൽ നിന്ന് ആനന്ദ് കണ്ണ് തുറന്നു. മുറിയിലെ ചൂടിന്റെ അളവ് കൂടിയിട്ടുണ്ട്. എങ്കിലും നല്ല ക്ഷീണം കാരണം ശരീരത്തിന് വിശ്രമം വേണമായിരുന്നു. ആനന്ദ് മയങ്ങി.
സമയം പാതിരാത്രി കഴിഞ്ഞിരുന്നു. മയക്കം മുറിഞ്ഞ് ആനന്ദ് ഉണർന്നു. അസഹ്യമായ ചൂട്. ആ ഉഷ്ണമാണ് അവനെ ഉണർത്തിയത്. അവന്റെ ദേഹമാസകലം വിയർപ്പിൽ കുതിർന്നിരിക്കുന്നു. കട്ടിലിലെ വിരികൾ പോലും നനഞ്ഞ് ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുകയാണ്. മുകളിൽ കറങ്ങുന്ന ഫാനിൽ നിന്നും വരുന്നത് ഉഷ്ണക്കാറ്റാണ്. സഹിക്കാനാവാതെ അവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. തൊണ്ട വരളുന്നു. ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാനായി ആനന്ദ് അടുക്കളയിലേക്ക് നടന്നു. ആ നടത്തിനിടയിലാണ് ഇടനാഴിയോട് ചേർന്നുള്ള മുറിയിലേക്ക് ആനന്ദിന്റെ നോട്ടം പോയത്. അച്ഛന്റെ കിടപ്പുമുറി. അച്ഛൻ ജീവനൊടുക്കിയ ആ മുറി! അതിനു മുന്നിലൂടെ കടന്നുപോയപ്പോൾ കുട്ടിക്കാലത്ത് കേട്ട അച്ഛന്റെ കനത്ത ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി.
"വഴിയിലിരുന്ന് കളിക്കുന്നോടാ..."
ഒരു പ്രകമ്പനം പോലെ അതിന്റെ പ്രതിധ്വനി ഇപ്പോഴും അവനു ആ ചുവരുകൾക്കുള്ളിൽ കേൾക്കാം.
ഓരോ തവണ അച്ഛൻ പടി കടന്നുവരുമ്പോഴും ആ വലിയ തറവാട് പൂർണ്ണ നിശബ്ദമാകുമായിരുന്നു. മുറ്റത്ത് അച്ഛന്റെ ബുള്ളറ്റ് വന്ന് നിൽക്കുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ ആനന്ദും അഭിലാഷും കളി നിർത്തി പുസ്തകങ്ങൾക്ക് പിന്നിലൊളിക്കും. വീട്ടിലെ ഒരു ചെറിയ ശബ്ദം, അല്ലെങ്കിൽ സാധനങ്ങൾ ഇരിക്കുന്നതിലെ ചെറിയൊരു മാറ്റം, അതുമതിയായിരുന്നു അച്ഛൻ എന്ന ആ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ. അച്ഛന്റെ സ്നേഹത്തേക്കാൾ ആനന്ദ് അനുഭവിച്ചത് ആ കണ്ണുകളിലെ തീക്ഷ്ണമായ വെറുപ്പും ദേഷ്യവുമായിരുന്നു. അവന് പത്തുവയസ്സുള്ളപ്പോഴത്തെ ആ സായാഹ്നം ഇന്നും ആനന്ദിന്റെ ഓർമ്മയിൽ ഒരു തീക്കനൽ പോലെ കിടപ്പുണ്ട്. വല്യച്ഛൻ അവന് സമ്മാനിച്ച ചുവന്ന നിറമുള്ള ആ ചെറിയ പ്ലാസ്റ്റിക് കാർ. അത് വെച്ചുകൊണ്ട് ഹാളിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ കയറിവന്നത്. അബദ്ധത്തിൽ ആ കാർ അച്ഛന്റെ ചെരിപ്പിനുമുകളിൽ തട്ടി നിന്നു. ഒരു നിമിഷം... കണ്ണുകൾ ചുവന്നുതുടുത്ത്, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി നിൽക്കുന്ന അച്ഛന്റെ ആ ഭീകരരൂപം കണ്ടപ്പോൾ ആനന്ദിന്റെ ശ്വാസം നിലച്ചുപോയി. "വഴിയിലിരുന്ന് കളിക്കുന്നോടാ..." എന്നലറിക്കൊണ്ട് അച്ഛൻ ആ കാർ വലിച്ചെറിഞ്ഞു. അത് ചെന്ന് പതിച്ചത് മുറ്റത്ത് ചവറുകൾ കത്തിക്കാൻ കൂട്ടിയിരുന്ന തീക്കുണ്ടത്തിലേക്കായിരുന്നു. തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം തീയിൽ ഉരുകിയൊലിക്കുന്നത് നോക്കി നിൽക്കാനേ ആനന്ദിന് കഴിഞ്ഞുള്ളൂ. ഉരുകുന്ന പ്ലാസ്റ്റിക്കിന്റെ ആ രൂക്ഷഗന്ധം അന്ന് ആ മുറ്റം നിറയെ പരന്നിരുന്നു. ഇപ്പോഴും ആ വാതിലിനടിയിലൂടെ പുറത്തേക്ക് വരുന്നത് അതേ കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ ഗന്ധമാണ്.
അച്ഛന്റെ മുറി കടന്ന് ആനന്ദ് അടുക്കളയിലെത്തി. മൺപാത്രത്തിൽ നിറച്ചുവെച്ചിരുന്ന വെള്ളം ധാരധാരയായി അവൻ വായയിലേക്ക് ഒഴിച്ചു. വാ നിറഞ്ഞപ്പോൾ അത് അവന്റെ കവിളിലൂടെയും നെഞ്ചിലൂടെയും ഒഴുകി. ആ നീർച്ചാലിനും അവൻ അനുഭവിക്കുന്ന ചൂടിനെ തണുപ്പിക്കാനായില്ല. തിരിച്ചുപോയി കിടക്കാൻ അവനു തോന്നിയില്ല. സ്വീകരണ മുറിയിലെ സോഫയിൽ അവൻ ചെന്നിരുന്നു. ജനാലകൾ എല്ലാം തുറന്നിട്ടിട്ടും മുറിയിലെ ചൂട് കുറയുന്നില്ല. അവന്റെ ചിന്തകളും.
സ്കൂളിലെ കൂട്ടുകാരെ ആരെയും ആനന്ദ് ഒരിക്കൽപ്പോലും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നില്ല. എപ്പോഴാണ് അച്ഛന്റെ മുഖം കറുക്കുന്നതെന്നും, ഏത് ചെറിയ കാര്യത്തിനാണ് ആ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതെന്നും പ്രവചിക്കുക അസാധ്യമായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷാഫലം വന്ന ആ ദിവസം ആനന്ദിന് ഒരിക്കലും മറക്കാനാവില്ല. സ്കൂളിൽ മികച്ച വിജയം നേടിയിട്ടും, ഒരു വിഷയത്തിന് മാത്രം കുറച്ചു മാർക്ക് കുറഞ്ഞതിന്റെ പേരിൽ അന്ന് ആ ഹാളിൽ അരങ്ങേറിയത് വലിയൊരു ഭൂകമ്പമായിരുന്നു. അന്ന് ആദ്യമായി അവൻ അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നു മറുപടി പറയാൻ ശ്രമിച്ചു. എന്നാൽ ആ വാക്കുകൾ പുറത്തുവരുന്നതിന് മുൻപേ അവന്റെ കവിളിൽ വീണ ആ ഭാരമുള്ള കൈകളുടെ പ്രഹരം... അന്ന് അവന്റെ ചുണ്ടിൽ നിന്ന് പൊടിഞ്ഞ ചോരയുടെ ഉപ്പുരുചി ആനന്ദിന്റെ ചുണ്ടിൽ വീണ്ടും കിനിഞ്ഞു.
പെട്ടെന്നാണ് അവന് പിന്നിൽ ആരോ നിൽക്കുന്നുണ്ടെന്നൊരു തോന്നൽ ആനന്ദിനുണ്ടായി. അവൻ തിരിഞ്ഞുനോക്കി. മാഞ്ഞുപോകുന്ന നേർത്ത പുകയാണ് അവൻ കണ്ടത്. കണ്ണുകളെ പൂർണ്ണമായും വിശ്വസിക്കാൻ പറ്റുന്ന അവസ്ഥയിലല്ല അവനിപ്പോൾ. ക്ഷീണിതമായ ശരീരവും അസ്വസ്ഥമായ മനസ്സും അവനെ തളർത്തികൊണ്ടിരുന്നു. അവൻ ആ സോഫയിൽ ഇരുന്നുകൊണ്ട് ഉറക്കത്തിനായി ശ്രമിച്ചു. പുറത്ത് അപ്പോഴും നല്ല ഇരുട്ടായിരുന്നു.
“അച്ഛാ... ഇങ്ങനെ എത്ര നേരം ഈ ഇരുട്ടിൽ ഇരിക്കും? അല്പം പുറത്തിറങ്ങിക്കൂടെ? അമ്മയ്ക്കും അത് ആശ്വാസമാകും” ഉറക്കത്തിലെപ്പോഴോ അവന്റെ ചിന്തകൾ വീണ്ടും മന്ത്രിച്ചു.
ജാലകപ്പടികളിലൂടെ അരിച്ചെത്തിയ ഇളംവെയിൽ ആനന്ദിന്റെ മുഖത്ത് തട്ടിയപ്പോഴാണ് അവൻ കണ്ണ് തുറന്നത്. പുറത്ത് മഞ്ഞുകാലത്തിന്റെ തണുപ്പും മൂടൽമഞ്ഞും ബാക്കിനിൽക്കുന്നുണ്ടെങ്കിലും വീടിനുള്ളിലെ അന്തരീക്ഷം അപ്പോഴും തളർത്തുന്ന ഉഷ്ണത്തിലായിരുന്നു. സോഫയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവന്റെ ശരീരം വല്ലാതെ വേദനിച്ചു. രാത്രിയിലെ ആ ദുസ്വപ്നങ്ങളും അച്ഛനുമായുള്ള സംഭാഷണവും ഒരു മനോരോഗിയുടെ ഭ്രമം പോലെ ആനന്ദിന്റെയുള്ളിൽ ഉള്ളിൽ അലയടിച്ച് തളർന്നിരുന്നു. ആനന്ദ് വേഗം കുളിച്ച് തയ്യാറായി. തറവാട് വീടിന്റെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ അവന്റെ കോളേജ് സുഹൃത്തും സിവിൽ എഞ്ചിനീയറുമായ ഹരി അന്ന് രാവിലെ എത്താമെന്ന് പറഞ്ഞിരുന്നു. വീട് വിൽക്കുന്നതിന് മുൻപ് ചുമരിലെ വിള്ളലുകളും തറയിലെ തകരാറുകളും മറ്റു പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്.
പത്തു മണിയോടെ മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. പ്രതീക്ഷിച്ചതുപോലെ ഹരിയായിരുന്നു അത്. ചിരിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങിയ ഹരി സിറ്റൗട്ടിലേക്ക് കയറിയതും പെട്ടെന്ന് ഒന്ന് ഞെട്ടി. അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു.
"എന്താടാ ആനന്ദേ ഇത്? ഇവിടെ എന്താ ഇത്ര ചൂട്? നീ ഹീറ്റർ വല്ലതും ഓൺ ചെയ്തിട്ടുണ്ടോ?" പുറത്ത് നിന്ന് ഇവിടേക്ക് കയറിയപ്പോ ഏസിയിൽ നിന്ന് മരുഭൂമിയിലേക്ക് ഇറങ്ങിയതുപോലുണ്ട ഹരി നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് ചോദിച്ചു.
"സത്യം പറഞ്ഞാ എനിക്കും അത് മനസ്സിലാവുന്നില്ല. വീട് കുറെ കാലമായി അടച്ചിട്ടതുകൊണ്ടാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ ജനലുകളെല്ലാം തുറന്നിട്ടും ഈ ചൂട് കുറയുന്നില്ല," ആനന്ദ് ഒരുവിധം മറുപടി നൽകി.
“നമുക്ക് നോക്കാം. പഴയ വീടുകളിൽ വായുസഞ്ചാരം കുറവാകുമ്പോൾ ഇതുപോലെ ഹീറ്റ് ട്രാപ്പ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ, എന്നാലും…. ഇത് അല്പം കൂടുതലാണല്ലോ..!"
അവർ വീടിനുള്ളിലേക്ക് കടന്നു. ആ ഉഷ്ണതരംഗത്തിന്റെ ഉറവിടം അന്വേഷിച്ച ഹരിയുടെ കണ്ണുകൾ ചെന്നെത്തിയത് ഇടനാഴിയുടെ അറ്റത്തെ ആ അടഞ്ഞ വാതിലിലാണ്. ആനന്ദിന്റെ അച്ഛന്റെ കിടപ്പുമുറി. അച്ഛന്റെ മരണശേഷം ആരും ആ മുറി തുറന്നിട്ടില്ല. അകത്തെ ജനലുകളും വാതിലുകളും ഭദ്രമായി അടച്ചിട്ടിരിക്കുകയാണ്. എന്നിട്ടും, ആ വാതിലിനടിയിലെ ചെറിയ വിടവിലൂടെ നേരിയ പുകപോലെ ഉഷ്ണം പുറത്തേക്ക് തള്ളിവരുന്നുണ്ടായിരുന്നു.
ഹരി തന്റെ ബാഗിൽ നിന്നും ഇൻഫ്രാറെഡ് തെർമോമീറ്ററും മോയിസ്ചർ മീറ്ററും പുറത്തെടുത്തു. ഒരു എഞ്ചിനീയറുടെ ആത്മവിശ്വാസത്തോടെ അവൻ ആ ഭിത്തികളിൽ സ്കാൻ ചെയ്യാൻ തുടങ്ങി. "നോക്ക് ആനന്ദേ, ശാസ്ത്രത്തിന് കൃത്യമായ ഉത്തരമുണ്ടാകും. ഒന്നുകിൽ ഭൂമിക്കടിയിലെ മീഥേൻ ഗ്യാസിന്റെ സാന്നിധ്യം, അല്ലെങ്കിൽ പഴയ വയറിംഗിൽ എവിടെയെങ്കിലും ഉണ്ടായ ഷോർട്ട് സർക്യൂട്ട്... ഇതിൽ ഏതെങ്കിലും ഒന്നാവാം ഈ ചൂടിന് കാരണം," ഹരി യുക്തിയോടെ സംസാരിച്ചു.
പക്ഷേ, തെർമോമീറ്ററിലെ ഡിജിറ്റൽ ഡിസ്‌പ്ലേയിലേക്ക് നോക്കിയ ഹരിയുടെ മുഖത്തെ ആത്മവിശ്വാസം നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി.
"ഇതെന്താ..?" ഹരി അത്ഭുതത്തോടെ പിറുപിറുത്തു.
ഡിസ്‌പ്ലേയിലെ അക്കങ്ങൾ അതിവേഗം മാറിക്കൊണ്ടിരുന്നു. അറുപത് ഡിഗ്രീ… എൺപത് ഡിഗ്രി… ഒടുവിൽ അത് നൂറ്റിപ്പത്ത് ഡിഗ്രിയിൽ വന്ന് നിന്നു. തിളയ്ക്കുന്ന വെള്ളത്തേക്കാൾ ചൂട്.
"ആനന്ദേ, ഈ താപനിലയിൽ ഇത്രയും നേരം നിന്നാൽ ആ വാതിൽ കത്തേണ്ടതാണ്. പക്ഷേ ഇവിടെ ഈ വാതിലിന് ഒരു പോറൽ പോലുമില്ല. പക്ഷേ തൊട്ടാൽ പൊള്ളുന്നു" ഹരി തന്റെ കൈവിറയ്ക്കുന്നത് മറച്ചുവെക്കാൻ ശ്രമിച്ചു. “ഇവിടെ അസാധാരണമായ എന്തോ ഒന്ന് സംഭവിക്കുന്നുണ്ട്.” ഹരിയുടെ ചുണ്ടുകൾ മന്ത്രിക്കാൻ തുടങ്ങി. ഏറെ നേരം അവിടെ നിൽക്കാൻ വയ്യ. ഹരി ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ട് ആ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
“ആനന്ദേ, ആദ്യം ഇതിനൊരു സൊല്യൂഷൻ കണ്ടുപിടിക്കണം. അല്ലാതെ ഇവിടെ പണി തുടങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.” വിയർപ്പിൽ നനഞ്ഞ മുഖം തുടച്ചുകൊണ്ട് ഹരി പറഞ്ഞു.
പോകും മുൻപ് ആനന്ദ് ഹരിയുടെ കാറിന് അരികിലേക്ക് ചെന്നു. “ഞാൻ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. ചില സമയത്ത് നമുക്ക് ഉത്തരം നൽകാൻ പറ്റാത്ത കാര്യങ്ങൾ നടക്കുമ്പോൾ ചില വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നത് നല്ലതാണ്. അതിലൂടെയാവും അതിന്റെ പരിഹാരം. ഞാൻ പറയുന്നത് നിനക്കു മനസ്സിലാവും എന്ന് കരുതുന്നു.” ഹരി പറഞ്ഞു. ആനന്ദ് തലയാട്ടിയെങ്കിലും അതൊന്നും അവന്റെ തലയിൽ പൂർണ്ണ അർത്ഥത്തിൽ കയറുന്നുണ്ടായിരുന്നില്ല.
ആ തറവാട് എത്രയും വേഗം വിറ്റ് തന്റെ പുതിയ ബിസിനസ്സ് സ്വപ്നങ്ങൾക്ക് മൂലധനം കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് ആനന്ദ് അങ്ങോട്ട് വന്നത്. എന്നാൽ ആ വീടിന്റെ ഉമ്മറപ്പടി ചവിട്ടിയത് മുതൽ, അവന്റെ ആത്മവിശ്വാസം ഓരോ തരിയായി ചോർന്നുപോകുകയായിരുന്നു. ആ ദിവസം ഹരി പറഞ്ഞുകൂടെയായപ്പോൾ ആനന്ദ് ആകെ വിഷമസ്ഥിതിയിലായി.
ആ വീടിനുള്ളിലെ അസഹനീയമായ ഉഷ്ണം അവിടുത്തെ അന്തരീക്ഷത്തിന്റെ അവസ്ഥ മാത്രമായിരുന്നില്ല. അത് അവന്റെ ചിന്തകളെ തളർത്തുന്ന, മസ്തിഷ്കത്തെ വരിഞ്ഞുമുറുക്കുന്ന, ഒരു ഇരുമ്പ് വല പോലെയായിരുന്നു അവന്. ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. ഒരു തീരുമാനമെടുക്കാൻ പോലുമാവാതെ അവന്റെ ബുദ്ധി ശ്വാസം മുട്ടി. ശരീരം തളർന്നു. ഓരോ ചുവടുവെക്കുമ്പോഴും ഭൂമി അവനെ താഴേക്ക് വലിക്കുന്നതുപോലെ ഒരു ഭാരം. മനസ്സ് കടുത്ത നിരാശയിലേക്കും മരവിപ്പിലേക്കും വഴുതി വീണു.
ആ ചുട്ടുപൊള്ളുന്ന തറവാടിന്റെ ഹാളിൽ, ശ്വാസം കിട്ടാതെ തളർന്നിരിക്കുമ്പോൾ ആനന്ദിന്റെ മനസ്സിലേക്ക് പഴയൊരു ഓർമ്മ പെയ്തിറങ്ങി. ഈ ഭീകരമായ ഉഷ്ണത്തിന് നടുവിലും ആ ഓർമ്മ അവനിൽ വല്ലാത്തൊരു നോവുണ്ടാക്കി.
ജോലിക്കായി കൊച്ചിയിൽ താമസിച്ചിരുന്ന കാലം. അന്ന് അമ്മയെ വിളിക്കുമ്പോഴൊക്കെ അച്ഛന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുന്നുണ്ടെന്നു പറയാറുണ്ടായിരുന്നു. പക്ഷേ, ചെറുപ്പത്തിലേ ഉറച്ചുപോയ ആനന്ദിന്റെ ഉള്ളിലെ വികാരങ്ങൾക്ക് ആ വാക്കുകൾ കൊണ്ട് ചലനമുണ്ടായില്ല. അച്ഛന്റെ മാറ്റങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ ദൂരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. അത് അമ്മയ്ക്ക് ആശ്വാസത്തിൽ നിന്നും വിഷമവും ഭയവുമായി തീർന്നു. അമ്മ അവനെ നിരന്തരം ഫോണിൽ വിളിച്ച് കരയുമായിരുന്നു. "ഒരിക്കലെങ്കിലും നീ വന്ന് അച്ഛനെ ഒന്ന് കാണണം ആനന്ദേ... ആൾ ആകെ മാറിയിരിക്കുന്നു." ആ വാക്കുകൾ കേട്ടിട്ടും, കുട്ടിക്കാലത്ത് തന്റെ കളിപ്പാട്ടങ്ങൾ ചുട്ടെരിച്ച, തന്നെയും അമ്മയെയും ക്രൂരമായി മർദ്ദിച്ച ആ പഴയ ഭീകരരൂപിയെ ഓർത്ത് അവൻ വരാൻ മടിച്ചുനിന്നു. എന്നാൽ ഒടുവിൽ, അമ്മയുടെ കണ്ണീരിന് മുന്നിൽ തോറ്റ് അവൻ ആ വീട്ടിലെത്തി.
വെളിച്ചം കടക്കാത്ത ആ മുറിയുടെ മൂലയിൽ ചുരുണ്ടുകൂടിയിരുന്ന അച്ഛനെ കണ്ടപ്പോൾ ആനന്ദ് ശരിക്കും നടുങ്ങിപ്പോയി. തന്നെ എപ്പോഴും വിറപ്പിച്ചിരുന്ന ആ മനുഷ്യന്റെ കണ്ണുകളിൽ അന്ന് അവൻ ആദ്യമായി ആ ഭാവം കണ്ടു. ഭയം! സ്വന്തം നിഴലിനെപ്പോലും പേടിക്കുന്ന, ലോകത്തെ മുഴുവൻ ഭീതിയോടെ നോക്കുന്ന തീർത്തും അപരിചിതനായ ഒരു മനുഷ്യൻ. ആനന്ദ് പതുക്കെ മുറിക്കുള്ളിലേക്ക് കയറി.
"അച്ഛാ... ഇങ്ങനെ എത്ര നേരം ഈ ഇരുട്ടിൽ ഇരിക്കും? അല്പം പുറത്തിറങ്ങിക്കൂടെ? അമ്മയ്ക്കും അത് ആശ്വാസമാകും," ആനന്ദ് കടുപ്പത്തിൽ തന്നെ പറഞ്ഞു.
അച്ഛൻ പതിയെ തലയുയർത്തി. ആ കണ്ണുകളിലെ പഴയ തീക്ഷ്ണത പോയിരിക്കുന്നു. പകരം വല്ലാത്തൊരു ശൂന്യതയായിരുന്നു അവിടെ. "വെളിച്ചം... അത് എന്നെ പൊള്ളിക്കുന്നുണ്ട് ആനന്ദേ. ഈ ഇരുട്ടാ നല്ലത്. ഇവിടെയെങ്കിലും എനിക്ക് ആ ചൂട് അറിയാതിരിക്കാം" അച്ഛൻ വിറയലോടെ പറഞ്ഞു.
"എന്ത് ചൂട്? പുറത്ത് നല്ല തണുപ്പുള്ള കാറ്റാണ് വീശുന്നത്," ആനന്ദ് പുച്ഛത്തോടെ മറുപടി നൽകി.
അച്ഛൻ ഒന്ന് ദീർഘമായി ശ്വസിച്ചു. "പുറത്തല്ല ആനന്ദേ... ഉള്ളിൽ.” അദ്ദേഹം നെഞ്ചിൽ തലോടിക്കൊണ്ട് തുടർന്നു: “എവിടെയോ ഒരു കനൽ വീണിട്ടുണ്ട്. അത് അണയ്ക്കാൻ നോക്കുന്തോറും പടരുകയാണ്. എനിക്ക്... എനിക്ക് നിന്നോട് പലതും പറയണമെന്നുണ്ടായിരുന്നു. പണ്ട് ആ ചുവന്ന കാർ ഞാൻ തീയിലേക്ക് എറിഞ്ഞപ്പോൾ..." അച്ഛന്റെ ശബ്ദം ഇടറി.
"അതൊക്കെ പണ്ടത്തെ കാര്യമല്ലേ അച്ഛാ, വിട്ടേക്ക്," ആനന്ദ് താല്പര്യമില്ലാതെ പറഞ്ഞു.
"ഇല്ല... എനിക്ക് വിടാൻ പറ്റുന്നില്ല. ഞാൻ അന്ന് എറിഞ്ഞത് നിന്റെ കളിപ്പാട്ടമായിരുന്നില്ലടാ... എന്റെ സമാധാനമായിരുന്നു. ഓരോ തവണ ഞാൻ നിങ്ങളെ വേദനിപ്പിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു ചൂട് പടരുമായിരുന്നു. അതൊക്കെ ഇന്ന് എന്റെ ഉള്ളിലിരുന്ന് എന്നെ ചുട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് ശ്വാസം മുട്ടുന്നു..." അച്ഛന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു.
പക്ഷേ, അന്ന് ആനന്ദിന്റെ ഹൃദയം മരവിച്ചിരിക്കുകയായിരുന്നു. "അതിനൊക്കെയുള്ള മരുന്നുകൾ ഡോക്ടർ തന്നിട്ടുണ്ടല്ലോ. അത് കൃത്യമായി കഴിച്ചാൽ ഈ 'ചൂട്' ഒക്കെ മാറും" എന്ന് വളരെ യാന്ത്രികമായി പറഞ്ഞ് അവൻ ആ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. വാതിൽക്കൽ വെച്ച് അവൻ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തളർന്ന് ആ കട്ടിലിലേക്ക് തന്നെ വീണിരുന്നു. "ഈ തീ അണയ്ക്കാൻ ആ ഗുളികകൾക്ക് കഴിയില്ലടാ..." എന്ന അച്ഛന്റെ അവസാനത്തെ വാക്കുകൾ ഒരു നേർത്ത ദീർഘനിശ്വാസം പോലെ ആ മുറിയിൽ തങ്ങിനിന്നു.
ക്ഷമകെട്ട് തിരികെ പോകാനിറങ്ങിയ ആനന്ദിനോട് അമ്മ ഒരു അപേക്ഷ പോലെ പറഞ്ഞു: “അച്ഛനെ ഒന്ന് പുറത്തേക്ക് കൊണ്ടുപോ മോനെ… നിനക്കെ അദ്ദേഹത്തെ ഒന്ന് സഹായിക്കാൻ പറ്റു”
അമ്മയെ വിഷമിപ്പിക്കാൻ അവന് തോന്നിയില്ല. ഒരുപാട് നിർബന്ധിച്ചാണ് അന്ന് അച്ഛനെ അവൻ പുറത്തേക്ക് കൊണ്ടുപോയത്. വെളിച്ചത്തിലേക്ക് ഇറങ്ങാൻ അദ്ദേഹം വല്ലാതെ ഭയപ്പെട്ടിരുന്നു. പക്ഷേ ആ യാത്ര പതുക്കെ അദ്ദേഹത്തെ മാറ്റുന്നത് ആനന്ദ് കണ്ടു. അവർ ഒരുമിച്ച് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു, പാർക്കിലൂടെ നടന്നു. ഒടുവിൽ കടൽത്തീരത്ത്, ആർത്തലച്ചുവരുന്ന തിരമാലകളെ നോക്കിയിരിക്കുമ്പോൾ അച്ഛന്റെ മുഖത്തെ ആ കനത്ത ഇരുളിമ പതുക്കെ മായുന്നത് ആനന്ദ് അത്ഭുതത്തോടെ നോക്കിനിന്നു. എപ്പോഴും വലിഞ്ഞുമുറുകിയിരുന്ന ആ നെറ്റിയിലെ ചുളിവുകൾ അയഞ്ഞു. കാറ്റിൽ അദ്ദേഹത്തിന്റെ മുഖത്ത് വീണ ആ ശാന്തത... വർഷങ്ങൾക്ക് ശേഷം ആദ്യമായി അച്ഛൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സമാധാനത്തിന്റെ, സകല ഭാരങ്ങളും ഇറക്കിവെച്ചതുപോലെയുള്ള ഒരു പുഞ്ചിരി. ആനന്ദിന് തിരികെ ചിരിക്കാനായില്ല. പക്ഷേ, അമ്മയുടെ മുഖത്തു അതെ പുഞ്ചിരി അവൻ കണ്ടു. എന്നാൽ ആ പുഞ്ചിരിക്ക് വെറും രണ്ടു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
നാട്ടിൽ നിന്നുമെത്തിയ ആ ഫോൺകോൾ ആനന്ദിന്റെ ഉള്ളിൽ ഒരു പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് നിശബ്ദതയെ വല്ലാത്തൊരു ഭാരമുള്ളതാക്കി മാറ്റി. അച്ഛൻ ആ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചിരിക്കുന്നു. അന്ന് കണ്ട ആ ചിരി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റേതായിരുന്നില്ല. പകരം മരണമെന്ന അന്തിമ തീരുമാനമെടുത്തതിന്റെ ആശ്വാസമായിരുന്നുവെന്ന് അവൻ വൈകിയാണ് തിരിച്ചറിഞ്ഞത്. വിഷാദരോഗം അത്രമേൽ ആ മനസ്സിനെ കാർന്നുതിന്നിരുന്നു.
അച്ഛന്റെ മരണശേഷം, എല്ലാവരും ആ വീട് പൂട്ടിയിറങ്ങി. പക്ഷേ, തങ്ങൾ ആരെയാണ് ആ വീട്ടിൽ ഇരുട്ടിൽ തനിച്ചാക്കി പോയതെന്ന് ഇപ്പോഴാണ് ആനന്ദിന് മനസ്സിലാകുന്നത്. അവൻ ഭീതിയോടെ ആ ഇടനാഴിയിലെ അടഞ്ഞ വാതിലിലേക്ക് നോക്കി. അച്ഛൻ ആ വീട്ടിൽ നിന്നും പോയിട്ടില്ല. ഭാര്യയോടും മക്കളോടും കാട്ടിയ ആ ക്രൂരതകൾ, നിഷ്കരുണം തല്ലിക്കെടുത്തിയ അവരുടെ ഓരോ നിമിഷത്തെയും സന്തോഷങ്ങൾ... ആ കനത്ത ഓർമ്മകൾ അദ്ദേഹത്തെ ഇന്നും ആ മുറിക്കുള്ളിൽ തന്നെ തളച്ചിട്ടിരിക്കുകയാണ്. അന്ന് അച്ഛൻ മന്ത്രിച്ച ആ 'ചൂട്' വെറുമൊരു തോന്നലായിരുന്നില്ല; അത് അദ്ദേഹത്തിന്റെ ആത്മാവിനെ ഉള്ളിലിരുന്ന് ദഹിപ്പിച്ചുകൊണ്ടിരുന്ന അതിതീക്ഷ്ണമായ പാപബോധത്തിന്റെ കനലുകളായിരുന്നു. മരണം അദ്ദേഹത്തിന് ശാന്തി നൽകിയില്ല. പകരം, ആ പഴയ ക്രോധവും പശ്ചാത്താപവും ചേർന്ന് അദ്ദേഹത്തെ ഈ അടച്ചിട്ട വീടിനുള്ളിൽ എരിച്ചുകൊണ്ടിരിക്കുകയാണ്. മാസങ്ങളായി, ആരുമില്ലാത്ത ഈ ഇരുട്ടിൽ, സ്വന്തം തീയിൽ വെന്തുരുകുകയാണദ്ദേഹം. ആരും കാണാതെ, ആർക്കും കേൾക്കാൻ കഴിയാതെ ഒരു നരകത്തിൽ പെട്ടതുപോലെ.
അന്ന് ആദ്യമായി ആനന്ദിന് അച്ഛനോട് സഹതാപം തോന്നി. ആദ്യമായി അച്ഛൻ എന്ന വ്യക്തിയോട് സ്നേഹവും. അച്ഛൻ തീർത്തും അവശനായിരുന്ന ആ നാളുകളിൽ, നൽകേണ്ടിയിരുന്ന സ്നേഹത്തിന് പകരം താൻ നൽകിയ അവഗണനയും വാക്കുകളിലെ മൂർച്ചയും ആനന്ദിന്റെയുള്ളിൽ നീറാൻ തുടങ്ങി.
ആനന്ദ് അമ്മയെ വിളിച്ചു. “അമ്മേ, നമുക്ക് ഈ വീട് വിൽക്കണ്ട.”
രൂക്ഷമായാണ് അമ്മ അതിനോട് പ്രതികരിച്ചത്. “നീ എന്താ ഇപ്പൊ ഇങ്ങനെ പറയുന്നത് ആനന്ദെ? വീട് വിൽക്കേണ്ടത് നിന്റെ കൂടെ ആവശ്യമല്ലേ..? എന്നിട്ട് ഇപ്പൊ അവിടെ പോയപ്പോ നിനക്കെന്തുപറ്റി?”
“വിൽക്കാൻ പറ്റില്ല. അത്രതന്നെ.” അങ്ങനെ പറയുമ്പോൾ അതിനുള്ള കാരണം വ്യക്തമാക്കാൻ അവനു തോന്നിയില്ല.
“എല്ലാം നിന്റെ ഇഷ്ടം പോലെയാവട്ടെ. അല്ലേലും നിനക്ക് ഒരിക്കലും മറ്റുള്ളോരെ പറ്റി ചിന്തയില്ലല്ലോ.” അമ്മ പറയുന്നത് മുഴുവൻ കേൾക്കും മുൻപ് അവൻ ആ കാൾ കട്ട് ചെയ്തു. ആനന്ദിന് എന്തോ അതൊന്നും കേട്ടുനിൽക്കാൻ തോന്നിയില്ല. ഫോൺ സോഫയിലേക്ക് വലിച്ചെറിയുമ്പോൾ ആനന്ദിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ ശ്വാസം വേഗത്തിലായി. നെഞ്ചിനുള്ളിൽ വിചിത്രമായൊരു ഭാരം. എന്തോ ഒന്ന് അവിടെ കിടന്ന് തിളച്ചുമറിയുന്നതുപോലെ അവന് അനുഭവപ്പെട്ടു. അടങ്ങാത്ത ക്രോധം. ആ നിമിഷം, ചുറ്റുമുള്ള ആ കനത്ത ഉഷ്ണം പുറത്തല്ല, മറിച്ച് തന്റെ സിരകളിലൂടെയാണ് ഇപ്പോൾ ഒഴുകുന്നതെന്ന് ആനന്ദ് ഭീതിയോടെ തിരിച്ചറിഞ്ഞു. ആനന്ദ് വിയർത്തു. അപ്പോഴേക്കും തറവാടും പ്രകൃതിയും ഒരു പോലെ തണുത്തിരുന്നു.
- Nidhin R Nath
[Valley of the Seventh Sin Series - Chapter 03: Wrath ]