ആരും തന്നെയുണ്ടാവില്ല. കാരണം ഇന്ന് അങ്ങനൊരു പ്രദേശം ഭൂപടങ്ങളിലോ, എന്തിനു ഈ ഭൂമിയിലോ തന്നെ, അവശേഷിപ്പില്ല. വളരെ തുച്ഛമായ ചിലരുടെ ഓർമ്മകളിൽ മാത്രമാണ് ഇന്ന് ആ സ്ഥലം ബാക്കിയുള്ളത്. കാലത്തിന്റെ കുത്തൊഴുക്കിൽ പലതും നശിക്കുമ്പോൾ ഒടുവിൽ അവയെല്ലാം അവശേഷിക്കുന്നത് ഓർമ്മകളിലും മസ്തിഷ്കത്തിന്റെ കാണാ അറകളിലും മാത്രമായിരിക്കും. ഇന്നും നിഴൽമലയെ ചിലരുടെ ഓർമ്മകളിലൂടെ നമുക്ക് കണ്ടെത്താൻ കഴിയും. അതിലൊരാളായിരുന്നു രാഘവേട്ടൻ.
രാഘവൻ.
അന്ന് ഞാൻ കാണുമ്പോൾ രാഘവേട്ടന് എൺപതിനടുത്ത് പ്രായമുണ്ട്. കുറഞ്ഞത് എഴുപത്തെങ്കിലും കാണും. വാർദ്ധക്യത്തിന്റെ അവശതകൾ രാഘവേട്ടനെ ഒരുപാട് അലട്ടുന്നുണ്ടായിരുന്നു. അവയുടെ ഉപദ്രവം അയാളുടെ ഓർമ്മകളെയും ബാധിച്ച് തുടങ്ങിയിരുന്നു. ആളുകളുടെ പേരുകളും സ്ഥലങ്ങളും കൃത്യമായി ഓർമകളിൽ തങ്ങിനിൽക്കുന്നില്ല. ബലം കുറഞ്ഞ തൂക്കുപാലത്തിലെ യാത്ര പോലെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ. എങ്കിലും തൂക്കുപാലം തുടങ്ങുന്ന കരയിലെ സ്ഥായിയായ സ്ഥലങ്ങൾ പോലെ ചില ഓർമ്മകൾ ഇന്നും കോട്ടംതട്ടാതെ കിടപ്പുണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ. നിഴൽമല തന്നെയാണ് അതിൽ ഏറ്റവും ഉത്തുംഗനിലയിൽ.
“ഏതാണ്ട് അൻപതുകളിലായിരിക്കും. അക്കാലത്താണ് മാധവന് പോസ്റ്റ്മാനായി ജോലി കിട്ടുന്നത്. ആ… ഈ മാധവൻ ന്ന് പറയുന്നത് എന്റെ അനിയനാണ്. അന്നൊക്കെ പോസ്റ്റ്മാൻ എന്ന് പറഞ്ഞാൽ ഇന്നത്തെ കളക്റ്റർ ഉദ്ദ്യോഗം പോല. വല്യ യാത്രയയപ്പോടയ ഞങ്ങൾ അന്ന് മാധവനെ വണ്ടികയറ്റി വിട്ടത്. പോയിട്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോ മാധവന്റെ ഒരു കത്ത് വന്നു. സുഖമായി ഇരിക്കുന്നെനും അടുത്ത ദിവസം ജോലി സ്ഥലത്തേക്ക് പോകും എന്നായിരുന്നു കത്തിൽ.”
രാഘവേട്ടൻ ദീർഘമായൊന്നു നിശ്വസിച്ചു. “അതിനു ശേഷം മാധവന്റെ ഒരു വിവരവും ഇല്ല. അന്ന് അമ്മ ഒരുപാട് കത്തുകൾ അയച്ചെങ്കിലും എല്ലാം അതെ പോലെ തിരിച്ചുപോന്നു. അതോടെ ഞങ്ങൾക്ക് ഒരു കാര്യം ബോധ്യമായി. മാധവന് എന്തോ സംഭവിച്ചിരിക്കുന്നു.”
മാധവൻ നിഴൽമലയിലേക്ക് പുറപ്പെട്ടതിന്റെ ആറാമത്തെ ആഴ്ച രാഘവേട്ടനും മലകയറി. ഏറെ ദുഷ്കരമായ യാത്ര. ഇന്നത്തെ പോലെ യാത്ര സൗകര്യമൊന്നും അന്നില്ല. പോകേണ്ട വഴിയുടെ കാര്യമാണെങ്കിൽ അതിനേക്കാൾ കഷ്ടം. മരങ്ങൾക്കിടയിലൂടെ വെളിച്ചം കടക്കാൻ ഭയപ്പെടുന്ന ഇടങ്ങൾ. അലഞ്ഞും തിരിഞ്ഞും മുഷിഞ്ഞും വിയർത്തും രാഘവേട്ടൻ ഏറെ നടന്നു. ഒടുവിൽ നിഴൽമലയുടെ അതിർത്തിയിലെത്തിയപ്പോൾ രാഘവേട്ടന് തേടിയിറങ്ങിയ സ്ഥലം കണ്ടെത്തി എന്ന് ബോധ്യമായി. അതുവരെയുണ്ടായിരുന്ന കാടിൽ നിന്നും വ്യത്യസ്തമായി കുറച്ചു വീടുകളും കടയുമൊക്കെ ഉള്ള സ്ഥലം. രാഘവേട്ടന്റെ ശ്വാസം നേരെ വീണു. രാഘവേട്ടൻ ആദ്യം കയറി ചെന്നത് ഒരു ചായക്കടയിലേക്കാണ്. വർക്കിയുടെ ചായക്കടയിൽ.
വർക്കി.
വർക്കി അന്ന് ചെറുപ്പമായിരുന്നു. ഒരു മുപ്പത്തിനപ്പുറം പ്രായം തോന്നിക്കില്ല. ഒട്ടും തിരക്കില്ലാത്ത ഒരു ചെറിയ ചായക്കടയായിരുന്നു വർക്കിയുടേത്. വല്ലപ്പോഴും ആരേലും വന്നാലായി. എങ്കിലും സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെ അയാൾ ആ കട നടത്തും.
“ഒരു ചായ കിട്ടുവോ?” അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം, അതും ആ നേരത്ത്.
പാത്രങ്ങൾ കഴുകിവെക്കുകയിരുന്ന വർക്കി തിരിഞ്ഞു നോക്കി. ഒട്ടും പരിചിതനല്ലാത്ത ഒരാൾ. വർക്കി അടിമുടി നോക്കി. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, മ്ലാനിയായ ഒരു വ്യക്തി.
“മനസ്സിലായില്ല” ചുളിഞ്ഞ നെറ്റിയോടെ വർക്കി ചോദിച്ചു.
“ഞാൻ കുറച്ചു ദൂരെ നിന്ന് വരുവാണ്. രാഘവൻ എന്ന പേര്. കുറെ നാൾ ഈ കാട്ടിൽ കിടന്നുകറങ്ങി. ഇവിടെ എത്താൻ ഒത്തിരി കഷ്ടപ്പെട്ടു.”
“ഇങ്ങോട്ടേക്ക് തന്നെയാണോ വന്നത്?”
“അതെ. ഇതല്ലേ നിഴൽമല?” നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് രാഘവൻ ചോദിച്ചു.
“നിഴൽമല ഇത് തന്നെ. പക്ഷേ, ഇവിടേക്ക് ആളുകൾ വരുന്നത് വളരെ വളരെ അപൂർവ്വമാണ്.”
ആ നാട് അന്വേഷിച്ച് തന്നെയാണ് രാഘവൻ വന്നിരിക്കുന്നത്. അതിൽ അത്ഭുതവും അതുപോലെ ആശങ്കയും വർക്കിക്ക് തോന്നി. എങ്കിലും ആഗതന് ചായ തയ്യാറാക്കാൻ അയാൾ ഒരുങ്ങി.
“ഇവിടെ എന്താ?” അതിനിടയിൽ വർക്കി ചോദിച്ചു.
“ഞാൻ എന്റെ അനിയനെ അന്വേഷിച്ചു വന്നതാ. അവൻ ഇവിടെ പോസ്റ്റ്മാനാ. മാധവൻ. മാധവനെ അറിയോ?”
ചായക്കടയുടെ കരിപിടിച്ച അടുപ്പിൽ നിന്നും കണ്ണെടുക്കാതെ വർക്കി പറഞ്ഞു:
"മാധവൻ... ആ പയ്യനെ ഞാൻ കുറച്ചു ദിവസം കണ്ടിരുന്നു. ഇടയ്ക്ക് ഇവിടെ വന്നു ചായ കുടിക്കാറുണ്ട്. പക്ഷേ ഇപ്പൊ കുറച്ചു ദിവസമായി അങ്ങേരെ ഇവിടെങ്ങും കാണാറില്ല. ഞാൻ വിചാരിച്ചു പുള്ളി നാട്ടിലേക്ക് തിരിച്ചു പോയിക്കാണുമെന്ന്."
രാഘവൻ പരിഭ്രമത്തോടെ വർക്കിയുടെ അടുത്തേക്ക് നീങ്ങി. "ഇല്ല, അവൻ നാട്ടിൽ എത്തിയിട്ടില്ല. വീട്ടിൽ ഒരറിവുമില്ല. അതുകൊണ്ടാ ഞാൻ ഇത്രയും ദൂരം വന്നത്."
വർക്കി ചായയുമായി രാഘവന്റെ അടുത്തെത്തി.
"അവൻ ഈ അടുത്തുള്ള എവിടെയെങ്കിലും പോയതാവും. ഈ മലയോരത്തൊക്കെ വരുമ്പോൾ ആൾക്കാർക്ക് പെട്ടെന്ന് തിരിച്ചു പോകാൻ തോന്നില്ല. വരും... അവൻ ഉടനെ വരും. പേടിക്കണ്ട." വളരെ ശാന്തനായാണ് വർക്കി മറുപടി നൽകിയത്. എന്നാൽ വർക്കിയുടെ വാക്കുകൾ രാഘവനെ സമാധാനിപ്പിച്ചില്ല. എങ്കിലും അവിടെ കൂടുതൽ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് അയാൾക്ക് തോന്നി. രാഘവൻ കടയിൽ നിന്നിറങ്ങി.
വെയിൽ മാഞ്ഞുതുടങ്ങി. ഇടവഴിയുടെ വശങ്ങളിൽ അങ്ങിങ്ങായി ചില വീടുകളുണ്ട്. എങ്കിലും ആളനക്കം തീരെ കുറവ്. അവിടുള്ള വീടുകൾക്ക് വല്ലാത്തൊരു നിശബ്ദതയാണ്. മിക്ക വീടുകളുടെയും വാതിലുകൾ അടഞ്ഞു കിടക്കുന്നു.
അലഞ്ഞുതിരിഞ്ഞ രാഘവൻ എത്തിപ്പെട്ടത് ഒരു വലിയ പറമ്പിന് മുന്നിലാണ്. അവിടെ പായൽ പിടിച്ച ചുമരുകളുള്ള ഒരു വീട്. ഉമ്മറത്ത് ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും വെയിലിന്റെ തീവ്രത മങ്ങിയിരുന്നു.
കത്രീന.
അമ്പതിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയാണ് കത്രീന. വാർദ്ധക്യം ബാധിച്ചുതുടങ്ങിയെങ്കിലും അവരുടെ മുഖത്തെപ്പോഴും ഒരു ചിരിയുണ്ട്.
"അല്ല.., ആരാ ഈ നേരത്ത്?!!" ചിരപരിചതകാരനെ കണ്ടപ്പോലെ രാഘവനോട് അവർ ചോദിച്ചു. താൻ മാധവനെ തിരക്കി വന്നതാണെന്നും, യാത്ര ചെയ്ത് ക്ഷീണിച്ചതിനാൽ ആ രാത്രി തങ്ങാൻ ഒരിടം വേണമെന്നും രാഘവൻ അവരോട് പറഞ്ഞു. ഒരു നിസ്സഹായിയുടെ ഭാവമായിരുന്നു രാഘവനപ്പോൾ. കത്രിന അയാളെ ആശ്വസിപ്പിച്ചു.
"എന്റെ പേര് കത്രീന. ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് സൗകര്യങ്ങൾ കുറവാണ്. എങ്കിലും ഇന്നത്തെ രാത്രി നിനക്കിവിടെ കിടക്കാം."
ആശ്വാസം. അകത്തെ ചെറിയ മുറിയിൽ സാധനങ്ങൾ വെച്ച് രാഘവൻ പുറത്തിറങ്ങി.
"കത്രീനേച്ചി, ഇവിടെ പോസ്റ്റ്മാനായി വന്ന ഒരു മാധവനെ അറിയാമോ?"
കത്രീന അത് കേട്ട് ഒന്ന് സ്തംഭിച്ചു. പിന്നെ അവർ പതുക്കെ ചിരിച്ചു.
"മാധവനോ? ഇവിടെ അങ്ങനെയൊരാളും വന്നിട്ടില്ല കൊച്ചേ. ഈ നാടിനെ കുറിച്ച തന്നെയാണോ പറയുന്നത്? ഇവിടെ ഈ നിഴൽമലയിൽ ഒരു പോസ്റ്റ് ഓഫീസുമില്ല. പിന്നെങ്ങനെയാ ഒരു പോസ്റ്റ്മാൻ വരുന്നത്?"
രാഘവന്റെ നെഞ്ചിടിപ്പ് കൂടി. "പക്ഷേ... ആ ചായക്കടക്കാരൻ വർക്കി പറഞ്ഞല്ലോ മാധവൻ ഇവിടെ വന്നിരുന്നെന്ന്! കുറച്ചു ദിവസം വർക്കി അവനെ കണ്ടിരുന്നെന്ന്!! മാധവൻ എന്റെ അനിയന. വീട്ടിൽ നിന്ന് അവൻ ഇങ്ങോട്ടാ ജോലിക്ക് പോന്നത്."
കത്രീന ഉറക്കെ ചിരിച്ചു. അവരുടെ ചിരിക്ക് ഒരു തുരുമ്പിച്ച വാതിൽ തുറക്കുന്ന ശബ്ദമായിരുന്നു.
"ആ വർക്കി ഒരു തമാശക്കാരനാ. അവൻ ഇടയ്ക്കിടെ ഇങ്ങനെയൊക്കെ ആൾക്കാരെ പറ്റിക്കും. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പേടിപ്പിക്കുകയോ കുഴപ്പിക്കുകയോ ചെയ്യുന്നത് അവന്റെ ഒരു സ്വഭാവാ. അവൻ പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട. നിന്റെ അനിയൻ വന്നത് ഇങ്ങോട്ടായിരിക്കില്ല."
രാഘവൻ ആകെ ആശയക്കുഴപ്പത്തിലായി. കത്രീന തുടർന്നു:
“കൊച്ച് എന്തായാലും ഇന്നിവിടെ വിശ്രമിക്ക്. അനിയൻ ചെക്കനെ നമുക്ക് നാളെ അന്വേഷിക്കാം.”
സൂര്യന്റെ കിരണങ്ങൾ മാനത്തുനിന്നും മായാൻ തുടങ്ങി. നിഴൽമലയിലെ സന്ധ്യകൾക്ക് ഇരുട്ടിന്റെ കനം കൂടുതലാണ്. കരിമ്പടം മൂടിയതുപോലെ അത് ആകാശത്ത് വരിഞ്ഞു മുറുകി.
വിശ്രമമില്ലാത്ത അലച്ചിൽ കാരണം രാഘവന്റെ കണ്ണുകൾ ഭാരത്തോടെ മൂടി. അയാൾ ഉറക്കത്തിലേക്ക് തെന്നിവീഴുകയായിരുന്നു. ഈ സമയം കത്രീന ഒരു കമ്പളം പുതച്ചുകൊണ്ട് ഇരുട്ടിലേക്ക് ഇറങ്ങി.
അജയൻ.
അടുത്ത ദിവസം ഏറെ വൈകിയാണ് രാഘവൻ ഉണർന്നത്. ആ തണുത്ത അന്തരീക്ഷത്തിലും സൂര്യന്റെ തീവ്രമായ വെളിച്ചം രാഘവനെ അസ്വാരസ്യപ്പെടുത്തി. കത്രീനേച്ചി അവരുടെ കരിപിടിച്ച അടുക്കളയിൽ കാപ്പി തിളപ്പിക്കുകയിരുന്നു. അതിൽ നിന്നും അൽപം ഒരു മൺപാനപാത്രത്തിലേക്ക് പകർന്നുകൊണ്ട് ആ സ്ത്രീ രാഘവന് നേരെ നീട്ടി. രാഘവൻ അതുവാങ്ങി. ആ പാത്രത്തിൽ അപ്പോഴും കാപ്പി തിളച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുണ്ടോട് അടുപ്പിക്കാൻ പറ്റാത്ത ചൂട്. എങ്കിലും ആ പത്രം മുറുകെ പിടിച്ചപ്പോൾ ആ തണുപ്പത്ത് രാഘവന് അല്പം ആശ്വാസം തോന്നി.
“കുടിച്ചോ” കത്രീന വികൃതമായ ഒരു ചിരിയോടെ പറഞ്ഞു.
രാഘവൻ വീണ്ടും ആ പാത്രത്തിലേക്ക് നോക്കി. ഇപ്പോഴും കാപ്പി ആ പാത്രത്തിൽ കിടന്ന് തിളച്ചുമറിയുകയാണ്. കറുകറുത്ത നിറം. രാഘവൻ എന്തോ അത് കുടിക്കാൻ തോന്നിയില്ല. കത്രീനേച്ചിയെ നോക്കി ഒന്നു ചിരിച്ച ശേഷം രാഘവൻ അവിടെ നിന്നും തിരികെ നടന്നു. പോകുന്ന വഴിയിൽ അയാൾ ആ കാപ്പി, കത്രീന കാണാതെ മറിച്ചു കളയുകയും ചെയ്തു.
കത്രീനയുടെ വീട്ടിൽ നിന്നും ഇറങ്ങിയശേഷം രാഘവൻ ആ ഗ്രാമത്തിന്റെ പല വഴികളിലൂടെയും നടന്നു. മാധവനെ കുറിച്ചുള്ള തുമ്പ് തേടി അലയുകയായിരുന്നു അയാളുടെ മനസ്സും കണ്ണുകളും. അപ്പോഴാണ് സാമാന്യം ഭേദപ്പെട്ട ഒരു ഭവനം അയാളുടെ കണ്ണിലുടക്കിയത്. ആ ഗ്രാമത്തിലെ ഏറ്റവും ഭംഗിയുള്ള ഭവനം. മതിലുകളില്ലാത്ത ആ വീട്ടുമുറ്റത്തേക്ക് രാഘവൻ നടന്നു. വീടിനു ചുറ്റും മനോഹരമായ പൂന്തോട്ടം. അതിനു നടുവിലായി, ചൂരൽ കസേരയിൽ ഒരാൾ ഇരിക്കുന്നത് രാഘവൻ ശ്രദ്ധിച്ചു. രാഘവന്റെ വരവ് അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് ക്ഷണം ലഭിക്കാതെ വന്ന വ്യക്തിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അയാളുടെ കണ്ണുകൾ.
“ആരാ, ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?” ഒടുവിൽ ആ ചോദ്യം അയാൾ രാഘവന് നേരെ നീട്ടി.
“എന്റെ പേര് രാഘവൻ. കുറച്ച് ദൂരെ നിന്ന് വരുവാ. എന്റെ അനിയൻ ഇവിടുത്തെ പോസ്റ്റ്മാനാണ്, മാധവൻ. അവനെ തേടി വന്നതാണ്.”
രാഘവന്റെ മറുപടി കേട്ട് അയാൾ ചിരിച്ചു. പരിഹാസരൂപേണയുള്ള ചിരി. എന്നിട്ട് പറഞ്ഞു:
“രാഘവാ… ഇത് മാധവന്റെ വീടല്ല. ഇത് അജയന്റെ വീടാ. അതായത് എന്റെ. എങ്ങോട്ടാ ഈ തള്ളിക്കയറി പോകുന്നത്!”
രാഘവൻ രണ്ടടി പുറകിലേക്ക് നിന്നു.
“ക്ഷമിക്കണം, ഞാൻ എന്തോ ഓർക്കാതെ അങ്ങ് നടന്നുപോയി. മാധവനെ അടുത്തെങ്ങാനും താങ്കൾ കണ്ടിരുന്നോ?”
മാധവനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു.
"മാധവൻ..! അതെ, അയാൾ ഇവിടെ വന്നിരുന്നു. പക്ഷേ നീയീ പറയുന്നതുപോലെ ഒരു പോസ്റ്റ്മാനൊന്നുമായിരുന്നില്ല അയാൾ. മുഷിഞ്ഞ വസ്ത്രം ധരിച്ച, എങ്ങോട്ടോ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു പാവം ഭ്രാന്തൻ. വഴിതെറ്റി ഇവിടെ എത്തിയതാവാം. ഞാൻ കാണുമ്പോ അയാൾക്ക് വിശക്കുന്നുണ്ടായിരുന്നു, ഞാൻ കുറച്ചു പണം നൽകി. അതല്ലാതെ അയാളെക്കുറിച്ച് എനിക്കറിയില്ല. ആ, പിന്നെ, ഈ നാട്ടിലെ പോസ്റ്റ്മാൻ കുഞ്ഞിരാമനാണ്, മാധവനല്ല."
അജയന്റെ വാക്കുകൾ കൂടെ കേട്ടപ്പോൾ രാഘവന്റെ തലച്ചോർ ആകെ കുഴഞ്ഞുമറിഞ്ഞു. കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിൽക്കാതെ അയാൾ അവിടെ നിന്നും മടങ്ങി. സൂര്യൻ അസ്തമിക്കും വരെ ആ ഗ്രാമത്തിന്റെ പല ഭാഗത്തും രാഘവൻ അലഞ്ഞുതിരിഞ്ഞു.
ദാസൻ.
സൂര്യൻ അസ്തമിക്കുന്നതിന്റെ തൊട്ടുമുൻപാണ് രാഘവൻ ദാസനെ കണ്ടുമുട്ടുന്നത്. ഇരുപത്തിയഞ്ചിലധികം പ്രായം തോന്നിക്കാത്ത ഒരു ചെറുപ്പക്കാരൻ. അവനോടും രാഘവൻ മാധവനെ കുറിച്ച് ചോദിച്ചു.
"മാധവൻ… അങ്ങനെ ഒരാളെ എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ ദിവസം പോസ്റ്റ്മാന്റെ യൂണിഫോം ധരിച്ച ഒരാളെ ഞാൻ കണ്ടിരുന്നു. എന്നാൽ അയാളുടെ കയ്യിൽ കത്തുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അയാൾ ആ കാട്ടിലേക്ക് ഓടി മറഞ്ഞു.”
ഒന്ന് നിർത്തിയ ശേഷം ദാസൻ തുടർന്നു:
“ആ പിന്നെ… ഇവിടെ ഇന്നേവരെ ഒരു പോസ്റ്റ്മാൻ ഉണ്ടായിട്ടില്ല രാഘവേട്ടാ. ഈ കുന്നിൻ മുകളിലൊക്കെ ആർക്ക് കത്ത് വരാനാ?!!"
ദാസന്റെ വാക്കുകൾ കാതുകളിൽ പതിഞ്ഞപ്പോൾ രാഘവന്റെ തലയിൽ ഒരു മിന്നൽ ചുഴലി വീശി. അയാളുടെ തല കറങ്ങുന്നതുപോലെ. ഇവരിൽ ആര് പറയുന്നതാണ് സത്യം? എവിടെയാണ് മാധവൻ?? എന്താണ് ഇവിടെ നടക്കുന്നത്???
അപ്പോഴേക്കും സൂര്യൻ അസ്തമിച്ച് കഴിഞ്ഞിരുന്നു. ആ ഗ്രാമത്തിലെ എല്ലാ വീടുകളിൽ നിന്നും ആളുകൾ ആ ഇരുട്ടത്ത് പന്തങ്ങളുമായി കുന്നിൻ മുകളിലേക്ക് നടക്കുന്നത് രാഘവൻ കണ്ടു.
“എല്ലാരും എങ്ങോട്ടാ?” രാഘവൻ സംശയത്തോടെ ചോദിച്ചു.
“അന്തിപ്പള്ളിയിലേക്ക്” ദാസൻ മറുപടി നൽകി.
അതെ സമയം ദാസനും തന്റെ കയ്യിലിരുന്ന പന്തം തെളിച്ചു. സന്ധ്യ കഴിഞ്ഞതോടെ നിഴൽമലയുടെ തണുപ്പിന് ഒരു മൂർച്ച കൂടിയിട്ടുണ്ട്. കാറ്റില്ലെങ്കിലും മരങ്ങൾക്കിടയിൽ നിന്ന് ഒരു നേർത്ത വിറയൽ അന്തരീക്ഷത്തിൽ പടർന്നു. ദാസന്റെ പിന്നാലെ രാഘവനും ആ പള്ളി ലക്ഷ്യമാക്കി നടന്നു. വളവുകളും തിരിവുകളുമുള്ള യാത്ര. മസ്തിഷ്കത്തിലെ ചുളിവുകൾ പോലെ.
ദാസന്റെ പന്തം വീശുന്ന വെളിച്ചത്തിൽ രാഘവൻ നടന്നു. മഞ്ഞുമൂടിയ ആ കുന്നിൻ ചെരിവിലെ അവസാന വളവും തിരിഞ്ഞപ്പോൾ അയാളുടെ മുന്നിൽ ആ കാഴ്ച തെളിഞ്ഞുവന്നു. അതുവരെ കണ്ട കാടും പടർപ്പിൽ നിന്നും വിഭിന്നമായി, വൃത്തിയുള്ള മുറ്റത്തോട് കൂടിയ ഒരിടം. അതിന്റെ ഒത്ത നടുക്ക്, കൃത്യമായ അളവുകളിൽ വെട്ടിയൊതുക്കിയ കരിങ്കല്ലുകൾ പാകിയ ഒരു വലിയ ചതുരക്കട്ട. അതായിരുന്നു അവരുടെ അന്തിപ്പള്ളി.
ആളുകൾ നിശ്ശബ്ദരായി അതിനുള്ളിലേക്ക് പ്രവേശിക്കുകയാണ്. രാഘവൻ ആ കെട്ടിടത്തെ സസൂക്ഷ്മം നിരീക്ഷിച്ചു. പള്ളിയെന്നാണ് പേരെങ്കിലും എവിടെയും ഒരു കുരിശുപോലും അവിടെയുണ്ടായിരുന്നില്ല. അതിനുള്ളിൽ ഇരിപ്പിടങ്ങൾ ഒന്നുമില്ല. വന്നവർ വന്നവർ കരിങ്കൽ പാകിയ തണുത്ത നിലത്ത് ഇരിക്കുകയാണ്. ആരും ഒന്നും ഒന്നും സംസാരിക്കുന്നില്ല. തികഞ്ഞ മൂകത. അവർക്കിടയിലും മാധവനെ തിരയുകയായിരുന്നു രാഘവന്റെ കണ്ണുകൾ.
“സ്വാഗതം രാഘവൻ!”
നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഒരു ശബ്ദം അവിടെ മുഴങ്ങി. രാഘവൻ തിരിഞ്ഞു നോക്കി. അൾത്താരയെന്ന് തോന്നിക്കുന്ന ഭാഗത്തു നിന്നും ചുവന്ന വസ്ത്രം ധരിച്ച ഒരാളാണ് സംസാരിച്ചത്. പുഞ്ചിരിച്ച മുഖം. അവിടെയുള്ള എല്ലാവരും അപ്പോൾ രാഘവനെ തന്നെ നോക്കുകയായിരുന്നു.
അന്തിപ്പള്ളി.
അപ്രതീക്ഷിതമായ ആ വിളി രാഘവനെ അമ്പരിപ്പിച്ചു. തന്റെ നേരെ നീളുന്ന മുഖകളിലേക്ക് അയാൾ നോക്കി. അതിൽ കത്രീനയും വർക്കിയും അജയനും ദാസനുമെല്ലാം ഉണ്ടായിരുന്നു.
“സ്വാഗതം രാഘവൻ!” അവർ എല്ലാവരും ഒന്നിച്ച് രാഘവനോട് പറഞ്ഞു. രാഘവനു പക്ഷേ ആ സ്വാഗതം വളരെ അരോചകവും അസ്വസ്ഥത ഉളവാക്കുന്നതുമായി തോന്നി. അവിടെ തുടരാൻ അയാൾക്ക് തോന്നിയില്ല. അയാൾ അവിടെ നിന്നും മടങ്ങി. ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന്ന രാഘവനെ അന്തിപ്പള്ളിക്ക് ഉള്ളിലുള്ളവർ നോക്കി നിന്നു.
പിറ്റേന്ന് നേരം പുലർന്നപ്പോൾ രാഘവൻ വർക്കിയുടെ ചായക്കടയുടെ ബെഞ്ചിൽ കിടക്കുകയായിരുന്നു. ഞെട്ടിയുണർന്ന രാഘവൻ ചുറ്റും പകച്ചുനോക്കി. പള്ളിയിൽ നിന്നും ഇറങ്ങിയ ശേഷം നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ല. എങ്ങനെ ഇവിടെയെത്തി? എന്താ തലേന്ന് രാത്രി നടന്നത്?? എന്തായിരുന്നു ആ പള്ളി???
അപ്പോഴേക്കും വർക്കിയുടെ വക ഒരു ചായ അയാൾക്ക് മുന്നിലെത്തി. രാഘവൻ അത് വാങ്ങിയെങ്കിലും കുടിച്ചില്ല. തൊണ്ടയിൽ ഇറുകി കിടന്ന ചോദ്യങ്ങൾ അയാൾ വർക്കിയോട് ചോദിച്ചു:
“ഞാൻ എങ്ങനെ ഇവിടെയെത്തി? അത്… ആ പള്ളി… അവിടെ എന്താ നടക്കുന്നെ?”
“രാഘവേട്ടൻ ആ ചായ കുടിക്കൂ…” ഒരു പുഞ്ചിരിയോടെ വർക്കി പറഞ്ഞു.
“ആദ്യം ഇത് പറ… ആ പള്ളിയിൽ എന്താ നടക്കുന്നേ?”
ആ ചായക്കടയിൽ രാഘവനെ കൂടാതെ രണ്ടുമൂന്നുപേർ കൂടി ഉണ്ടായിരുന്നു. വർക്കി അവരെ നോക്കി, ഒരു ചോദ്യം പോലെ. സമ്മതം പോലെ അവർ കുലുക്കി. അതോടെ വർക്കി ആ ചരിത്രം പറഞ്ഞു. ഒരു കഥാകാരന്റെ മികവോടെയാണ് അവൻ അത് പറഞ്ഞത്:
“പണ്ടെങ്ങാണ്ട് ഒരു സായിപ്പ് സ്വർണ്ണം തേടി വന്നതാണ് ഇവിടെ. അതിന്റെ പണിക്കായി അങ്ങേര് കോട്ടയത്തൂന്നും തൃശൂരിനും കൊറേ പേരെ കൊണ്ടുവരുവേം ചെയ്ത്. എന്നാ, പണി തുടങ്ങും മുൻപ് സായിപ്പ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. സായിപ്പ് കൊണ്ടുവന്നൊരൊക്കെ ഇവിടെ ബാക്കിയായി. സായിപ്പ് മടങ്ങിയ വിവരം അവരാരും അറിഞ്ഞില്ല. അങ്ങേരുടെ കൂലി പ്രതീക്ഷിച്ച് വന്നവരൊക്കെ വെറും കൈയോടെ ഇരിപ്പായി. അന്ന് സായിപ്പിനെ കാത്ത് ഞങ്ങളുടെ അപ്പനമ്മമാരുടെ അപ്പനമ്മമാർ ആ പള്ളിയുടെ ചുവരുകൾക്ക് താഴെ ഇരിക്കുമായിരുന്നു. ഓരോ മണി മുഴക്കം കേൾക്കുമ്പോളും സായിപ്പിന്റെ കാർ വരുന്നതാണെന്ന് അവർ കരുതി. പക്ഷേ… വന്നത് കാറല്ല, മറിച്ച് ഈ മലയിറങ്ങി വന്ന മഞ്ഞും വസൂരി മരണവുമായിരുന്നു. സ്വന്തം കുടുംബത്തിനും സായിപ്പിനും വേണ്ടി മലകയറി വന്നവരായിരുന്നു അവർ. എന്നാ, അവരെ തേടി മനുഷ്യരാരും തന്നെ ഇങ്ങോട്ട് വന്നില്ല. ആർക്കും വേണ്ടാതെ കിടന്ന ഈ ഭൂമിയിൽ അവർ തനിച്ചായി.”
വർക്കി ഒന്ന് നിർത്തി. നാല് ജോഡി കണ്ണുകൾ അവനെ തന്നെ നോക്കിയിരിപ്പായിരുന്നു. ആ സമയം ചായക്കട നിശ്ശബ്ദമായിരുന്നു. ഏഴു പതിറ്റാണ്ട് മുൻപ് മലകേറി വന്നവർ കേട്ട അതെ നിശ്ശബ്ദത.
വർക്കി തുടർന്നു:
“അങ്ങനെ ഒരു രാത്രി. പണിഞ്ഞുതീരാത്ത ആ പള്ളിക്കുള്ളിലേക്ക് കുറച്ചുപേർ കയറി. അന്ന് അവിടെ മണി ഉണ്ടായിരുന്നില്ല. പകരം, പള്ളിയുടെ നടുമുറ്റത്തെ കല്ലിൽ ആ കൂട്ടത്തിൽ ഒരാൾ ഒരു ഇരുമ്പ് കഷ്ണം കൊണ്ട് താളത്തിൽ അടിക്കാൻ തുടങ്ങി. ആ താളം കേട്ട്, വിശന്നു തളർന്നു കിടന്നവർ ഓരോരുത്തരായി എഴുന്നേറ്റു. ബോധമില്ലാത്തവരെപ്പോലെ അവർ ആ പള്ളി കെട്ടിടത്തിലേക്ക് നടന്നുവന്നു എന്നാണ് പറയപ്പെടുന്നത്. വിശപ്പും വിഷമങ്ങളും മറന്ന് അവർ എല്ലാവരും അവിടെ ആ രാത്രി ഒത്തുകൂടി. അടുത്ത ദിവസം മുതൽ പുതിയൊരു ജീവിതം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരു ഒത്തുകൂടൽ. അന്ന് മുതൽ എല്ലാ രാത്രികളിലും അവർ ഒത്തുകൂടും, എല്ലാം മറക്കും. അതാണ് ഞങ്ങളുടെ അന്തിപ്പള്ളി. എല്ലാം മറക്കാനും ഒത്തുകൂടാനുമുള്ള ഒരിടം.”
ഒരു കൃതിമ ചിരിയോടെ വർക്കി പറഞ്ഞു നിർത്തി. വർക്കി പറഞ്ഞതിൽ രാഘവന് തൃപ്തി തോന്നിയില്ല. മറ്റെന്തൊക്കെയോ അവിടെ നടക്കുന്നുണ്ടെന്ന് രാഘവന് തോന്നി. ചോദിച്ചാൽ അവരാരും എല്ലാം തുറന്നു പറയാൻ പോകുന്നില്ല. ആ നാട്ടുകാർ പറയുന്നത് വിശ്വസിക്കാനും പറ്റാത്ത അവസ്ഥയാണ്. അവരുടെ വാക്കുകൾ പരസ്പരം ചേരാത്തവയാണെന്നു രാഘവന് ഇതിനകം പൂർണ്ണ ബോധ്യമായിരുന്നു.
അന്ന് രാത്രി, ഇരുട്ടിന്റെ മറപിടിച്ച് രാഘവൻ അന്തിപ്പള്ളിക്ക് പുറത്ത് കാത്തിരുന്നു.
“നീ എന്തിനാ ഞങ്ങളെ ഭയക്കുന്നത് രാഘവാ..?” പെട്ടെന്ന് പിന്നിൽ നിന്നൊരു ശബ്ദം. രാഘവൻ പതിയെ തിരിഞ്ഞുനോക്കി. അത് കത്രീനയായിരുന്നു. ഇരുട്ടിലെ അവരുടെ രൂപവും ചിരിയും കണ്ട് രാഘവന്റെ ഹൃദയം ഒരു നിമിഷത്തേക്ക് സ്തംഭിച്ചുപോയി.
“വരൂ…, ഞങ്ങളുടെ കൂടെ ആ പള്ളിക്കുള്ളിലേക്ക് വരൂ.” കത്രീന രാഘവന്റെ കൈയിൽ പിടിച്ചു. ഒന്നും പറയാതെ രാഘവൻ കൂടെ നടന്നു. പള്ളിക്കുള്ളിൽ തലേദിവസത്തെ പോലെ ആളുകൾ നിലത്തിരിപ്പുണ്ടായിരുന്നു.
“വീണ്ടും കണ്ടതിൽ സന്തോഷം. ‘അൾത്താര’യിലെ ചുവന്ന വസ്ത്രം ധരിച്ച മനുഷ്യൻ മന്ദഹാസത്തോടെ രാഘവനോട് പറഞ്ഞു.”
“എനിക്ക് നിങ്ങളുടെ കള്ളങ്ങളും പൊയ്മുഖങ്ങളും ഒന്നും വേണ്ട… ദയവു ചെയ്ത് എന്നോട് സത്യം പറയൂ… എവിടെ എന്റെ അനിയൻ? അവനെ നിങ്ങൾ എന്ത് ചെയ്തു?” പറഞ്ഞു തീർന്നപ്പോഴേക്കും രാഘവൻ വിങ്ങിപ്പോയി.
രാഘവൻ വിങ്ങിപ്പൊട്ടിയപ്പോൾ ആ പള്ളിക്കുള്ളിലെ നിശ്ശബ്ദതയ്ക്ക് ആഴം കൂടി. എന്നാൽ അവിടെയിരുന്ന മനുഷ്യരുടെ മുഖങ്ങളിൽ ഭാവഭേദങ്ങളില്ലായിരുന്നു. അവർ രാഘവനെ നോക്കിയത് വെറുപ്പോടെയല്ല, പകരം സഹതാപത്തോടെയായിരുന്നു.
ചുവന്ന വസ്ത്രമണിഞ്ഞ ആ മനുഷ്യൻ, അദ്ദേഹത്തെ അവർ 'ഫാദർ' എന്നാണോ അതോ 'ഗുരു' എന്നാണോ വിളിക്കുന്നതെന്ന് രാഘവന് അറിയില്ലായിരുന്നു. പതുക്കെ അൾത്താരയുടെ പടികൾ ഇറങ്ങി അയാൾ രാഘവന്റെ അരികിലെത്തി. അയാളുടെ ശബ്ദം ഒരു മന്ത്രം പോലെ ശാന്തമായിരുന്നു.
"സത്യം... അത് വലിയൊരു ഭാരമാണ് രാഘവാ. അന്ന് സ്വർണ്ണം തേടി വന്ന സായിപ്പ് ഞങ്ങളുടെ മുൻതലമുറയ്ക്ക് കൊടുത്തത് വിശപ്പും അവഗണനയുമാണ്. മറ്റുള്ളവർക്കായി ഇവിടേക്ക് കയറിവന്ന അവർക്കായി ആരും വന്നില്ല. അന്ന് ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ പഠിച്ച ഒരു പാഠമുണ്ട്. സ്വന്തം സമാധാനമാണ് വലുത്. നിന്റെ സമാധാനത്തിന് തടസ്സമാകുന്ന എന്തിനേയും നീ ഉപേക്ഷിക്കണം. അത് സ്നേഹമാണെങ്കിലും ശരി, ഓർമ്മകളാണെങ്കിലും ശരി. സ്വന്തം ആത്മാവിനെ ശുശ്രൂഷിക്കാത്തവൻ പാപിയാണ്."
രാഘവൻ ഒരടി പിന്നിലേക്ക് നീങ്ങി. “എന്റെ അനിയൻ എവിടെ? വർക്കി പറഞ്ഞത് ഈ പള്ളി സമാധാനത്തിനുള്ള ഇടമാണെന്നാണ്. പക്ഷേ ഇവിടെയുള്ള നിങ്ങളോരോരുത്തരും ഓരോന്നാണല്ലോ പറയുന്നത്! ആ അജയൻ പറയുന്നു അവൻ ഭിക്ഷക്കാരനാണെന്ന്, ഈ ദാസൻ പറയുന്നു അവൻ ഓടിപ്പോയെന്ന്... അതോ ആ കത്രീന പറയുന്നു ഇവിടെ ഒരു പോസ്റ്മാനേ ഇല്ല എന്ന്. നിങ്ങൾ എല്ലാം കള്ളം പറയുകയാണ്!”
ചുവന്ന വസ്ത്രധാരി പുഞ്ചിരിച്ചു. “കള്ളം... സത്യം... ഇവയൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടുകളല്ലേ രാഘവാ? നിന്റെ മനസ്സിന് സമാധാനം തരുന്നതെന്തോ അത് നീ വിശ്വാസിക്ക്. നിനക്ക് വേണമെങ്കിൽ മാധവൻ സുഖമായി മറ്റൊരു നാട്ടിൽ ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാം. അതോടെ നിന്റെ സങ്കടം തീരുമല്ലോ? പിന്നെന്തിനാണ് നീ അവനെ തിരഞ്ഞ് നിന്റെ മനസ്സിനെ വേദനിപ്പിക്കുന്നത്?”
“എനിക്ക് നിങ്ങൾ പറയുന്നതൊന്നും… ഒന്നും… ഒന്നും… എന്റെ തലയിൽ കയറുന്നില്ല. യാഥാർത്ഥ്യത്തെ നേരിടാൻ പറ്റാതെ സ്വാർത്ഥരായിപോയ ഒരു ജനക്കൂട്ടമാണ് നിങ്ങൾ… വെറും വിഡ്ഢികൾ…” രാഘവൻ ഒരു ഭ്രാന്തനെ പോലെ സ്വന്തം മുടിയിഴകളിലൂടെ കൈവിരലുകൾ ചലിപ്പിക്കാൻ തുടങ്ങി.
ആ പള്ളിയിൽ ഉണ്ടായിരുന്നവരാരും രാഘവനോട് തർക്കിച്ചില്ല. പക്ഷേ, അവരെല്ലാവരും ശാന്തരും സമാധാനത്തിലുമായിരുന്നു.
“മാധവനെ മറക്കൂ… അല്ലെങ്കിൽ മാധവൻ നല്ല രീതിയിൽ ജീവിക്കുകയാണെന്നു വിശ്വസിക്കൂ. നിന്റെ മനസ്സിന് സന്തോഷം നൽകേണ്ടത് നിന്റെ ചുമതലയാണ് രാഘവാ…” ചുവന്ന വസ്ത്രധാരി രാഘവന്റെ തോളിൽ കൈവെച്ചു.
രാഘവൻ ആ കൈ തട്ടിമാറ്റി. ചിത്തഭ്രമം പിടിച്ചതുപോലെ രാഘവന്റെ കണ്ണുകൾ ചഞ്ചലമായിരുന്നു. “എനിക്ക് സത്യം അറിയണം. സത്യം മാത്രം..!”
“സ്വയം സന്തോഷം കണ്ടെത്താൻ കഴിയാത്തവർ പാപികളാകുന്നു. പാപികൾക്ക് ശിക്ഷ നൽകണമെന്ന് ഏതൊരു മതവും പറയുന്നു. അതിനാൽ ഞങ്ങളും.” ചുവന്ന വസ്ത്രധാരി പറഞ്ഞുകഴിഞ്ഞതോടെ അവിടെയുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു.
“സ്വന്തം മനസ്സിനെ സംരക്ഷിക്കാത്തവനുള്ള ശിക്ഷ മനസ്സ് മരവിച്ച ജീവിതമാണ്” അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, യന്ത്രങ്ങളെ പോലെ. അവർ എല്ലാവരും രാഘവന് നേരെ നടന്നു. അവർക്കും രാഘവനുമിടയിൽ ആ ചുവന്ന വസ്ത്രധാരി.
“നീ മനഃസമാധാനം ആഗ്രഹിക്കാത്തവനെന്നു മനസ്സിലായി. നിന്റെ അനിയനും അങ്ങനെയായിരുന്നു. മറ്റുള്ളവരെ കുറിച്ചോർത്ത് ദുഃഖിക്കാതെ സ്വന്തം മനസ്സിനെ സംരക്ഷിക്കാൻ ഞങ്ങൾ അവനോട് പറഞ്ഞതാ. എന്തോ അവനും അതൊന്നും മനസ്സിലായില്ല. പിന്നെ എന്ത് ചെയ്യാനാകും! അവന്റെ മനസ്സിനെ ഞങ്ങളിങ്ങ് പറിച്ചെടുത്തു.” ഭാവഭേദമന്യേ ആ ചുവന്ന വസ്ത്രധാരി പറഞ്ഞു.
“എന്റെ അനിയനെവിടെ?” ദുഖത്തിന്റെയും വേദനയുടെയും അഗ്നിപർവ്വതമെന്നോണം രാഘവൻ ഉച്ചത്തിൽ അലറി. അത് ആ പള്ളിയുടെ നാലുചുവരുകളിലും തട്ടി പ്രതിഫലിച്ചു. ആ ബഹളത്തിന് മുന്നിലും അവരാരും ദേഷ്യപ്പെട്ടില്ല, രാഘവനോട് കയർത്തില്ല.
ആ ചുവന്ന വസ്ത്രധാരി പള്ളിയുടെ ഒരു കോണിലേക്ക് ചൂണ്ടി.
“അതാ നിൻ്റെ മാധവൻ.”
ആ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് രാഘവൻ നോക്കി. പള്ളിയുടെ ഒരു മൂലയിൽ, നിഴലുകൾക്കിടയിൽ കാൽമുട്ടുകൾ കെട്ടിപിടിച്ച് ഒരാൾ ഇരിക്കുന്നത് രാഘവൻ കണ്ടു. അതേ, അത് മാധവനായിരുന്നു! പക്ഷേ, മാധവൻ ഓടിവന്ന് ചേട്ടനെ കെട്ടിപ്പിടിച്ചില്ല. അവൻ അവിടെ നിശ്ചലനായി ഇരിക്കുകയാണ്. അവന്റെ തോളിൽ ഒരു പഴയ തുകൽ ബാഗ് മുറുക്കിപ്പിടിച്ചിട്ടുണ്ട്.
രാഘവൻ അലറിക്കൊണ്ട് അവന്റെ അടുത്തേക്ക് ഓടി.
"മാധവാ! എടാ, ഇത് ഞാനാടാ... രാഘവൻ!"
മാധവൻ പതുക്കെ തലയുയർത്തി. ആ മുഖം കണ്ട് രാഘവന്റെ നെഞ്ച് തകർന്നുപോയി. മാധവന്റെ കണ്ണുകളിൽ ജീവന്റെ ഒരു തരിമ്പുപോലുമില്ലായിരുന്നു. അവ ശൂന്യമായിരുന്നു. ഒരു കണ്ണാടിയിലേക്ക് നോക്കുന്നതുപോലെ രാഘവന് സ്വന്തം പ്രതിബിംബം ആ കണ്ണുകളിൽ കാണാം. പക്ഷേ, ആ കണ്ണുകൾക്ക് പുറകിൽ മാധവൻ ഇല്ലായിരുന്നു.
വിറയ്ക്കുന്ന കൈകളോടെ രാഘവൻ മാധവന്റെ തോളിൽ പിടിച്ചു കുലുക്കി. "നീ എന്താടാ ഒന്നും മിണ്ടാത്തത്? നമുക്ക് വീട്ടിൽ പോകണ്ടേ? അമ്മ അവിടെ കാത്തിരിക്കുവാടാ..."
അമ്മ എന്ന വാക്ക് കേട്ടപ്പോൾ ആ പള്ളിക്കുള്ളിൽ ഒരു ചെറിയ പിറുപിറുപ്പ് ഉയർന്നു. അവിടെയിരുന്നവർ അസ്വസ്ഥരായി പരസ്പരം നോക്കി. ചുവന്ന വസ്ത്രധാരിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
"നീ വീണ്ടും പാപം ചെയ്യുന്നു രാഘവൻ!" അയാളുടെ ശബ്ദം ആ സമയം കടുപ്പമേറിയതായിരുന്നു.
"ബന്ധങ്ങൾ, ഓർമ്മകൾ, വേദനകൾ... ഇവയെല്ലാം നിന്റെ ആത്മാവിനെയും മനസ്സിനെയും കാർന്നുതിന്നുന്ന വിഷപുഴുക്കളാണ്. അന്ന് സായിപ്പ് ഞങ്ങളുടെ മുന്തലമുറക്കാരെ ഇവിടെ ഉപേക്ഷിച്ചു പോയപ്പോൾ, വിശന്ന് മരിക്കാറായ അവർക്ക് ലഭിച്ച ഒരേയൊരു വെളിപാട് അതായിരുന്നു, സ്വയം സ്നേഹിക്കാത്തവൻ പാപിയാണ്. മറ്റൊരാൾക്ക് വേണ്ടി കരയുന്നത് നിന്റെ ഉള്ളിലെ ദൈവത്തെ അപമാനിക്കലാണ്."
ഒരു കരിങ്കൽ പാത്രവുമായി ആ ചുവന്ന വസ്ത്രധാരി രാഘവന്റെ അടുത്തേക്ക് ചെന്നു.
"ഇനി നിന്റെ ഊഴമാണ് രാഘവൻ," അയാൾ ആ പാത്രം രാഘവന് നേരെ നീട്ടി. അതിൽ നീല നിറത്തിലുള്ള ഒരു ദ്രാവകമുണ്ടായിരുന്നു.
"ഇത് കുടിക്കൂ. നിന്റെ എല്ലാ ഓർമ്മകളും, മാധവനോടുള്ള നിന്റെ ഈ ഭ്രാന്തമായ സ്നേഹവും ഇതോടെ അവസാനിക്കും. നിന്റെ മനസ്സിനും നിത്യമായ ശാന്തിയിലേക്ക് പ്രവേശിക്കാം."
രാഘവൻ ആ പാത്രത്തിലേക്ക് നോക്കി. ആ ദ്രാവകത്തിൽ സ്വന്തം മുഖം കണ്ടപ്പോൾ പെട്ടെന്ന് രാഘവന്റെ ഉള്ളിലേക്ക് ഒരു ഭയം ഇരച്ചുകയറി. അയാൾ മാധവനെ നോക്കി. ഒരു ഓർമ്മ പോലുമില്ലാതെ മാധവൻ അവിടെ തല താഴ്ത്തിയിരിക്കുകയാണ്. തന്നെയും അവർ അതുപോലെ ഒരു ജീവച്ഛവമാക്കാൻ പോകുന്നു. രാഘവൻ ആ സത്യം തിരിച്ചറിഞ്ഞു.
“ഇല്ല, കള്ളങ്ങളുടെയും കപട ആനന്ദത്തിന്റെയും ഈ ഭൂമിയിൽ ഞാൻ ഇങ്ങനെ തളച്ചുകിടക്കില്ല.” രാഘവന്റെ മനസ്സ് മന്ത്രിച്ചു.
അയാൾ മാധവന്റെ കൈ പിടിച്ചുവലിച്ചു. പക്ഷേ മാധവൻ അനങ്ങിയില്ല. അവൻ ആ കരിങ്കൽ തറയുടെ ഭാഗമായി മാറിയതുപോലെ ഉറച്ചുപോയിരുന്നു. മാധവന്റെ കൈകളിൽ നിന്ന് ആ കത്ത് മാത്രം രാഘവന്റെ കയ്യിൽ കിട്ടി. രാഘവന് സമയമുണ്ടായിരുന്നില്ല. ആ കരിങ്കൽ പാത്രം തട്ടിമാറ്റികൊണ്ട്, അയാൾ ആ പള്ളിയുടെ പുറത്തുള്ള ഇരുട്ടിലേക്ക്, മസ്തിഷ്കത്തിലെ ചുളിവുകൾ പോലുള്ള ആ വഴികളിലേക്ക്, ജീവനും കൊണ്ട് ഓടി.
പിന്നിൽ ആ ചുവന്ന വസ്ത്രധാരിയുടെ ശാന്തമായ ശബ്ദം കാറ്റിൽ ഒഴുകിവന്നു: "നീ എങ്ങോട്ട് ഓടാനാണ് രാഘവൻ? നീ എവിടെ പോയാലും, നിന്റെ സമാധാനം തേടി നീ എന്നെങ്കിലും ഇവിടേക്ക് തന്നെ മടങ്ങിവരും."
സഹവാസം
2000 ഏപ്രിൽ മാസമാണ് ഞാൻ ആദ്യമായി രാഘവേട്ടനെ കാണുന്നത്. പരിചയപ്പെട്ട് ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ രാഘവേട്ടൻ എന്നോട് ഈ കഥ അത്രയും പറയുന്നത്.
നിങ്ങളിൽ എത്രപേർ ഈ നിഴൽമലയിൽ പോയിട്ടുണ്ട്? കുറഞ്ഞത് നിഴൽമലയെ കുറിച്ച് കേട്ടിട്ടുണ്ട്? ആരും തന്നെയുണ്ടാവില്ല. കാരണം അങ്ങനൊരു പ്രദേശം ഇന്ന് ഭൂപടങ്ങളിലോ, ഈ ഭൂമിയിലോ തന്നെ, അവശേഷിപ്പില്ല. ഏതൊരു കാലത്തെ ഉരുൾപൊട്ടലിൽ ആ പ്രദേശം ഒലിച്ചുപോയി എന്നാണ് രാഘവേട്ടൻ എന്നോട് പറഞ്ഞത്. ആ കുത്തൊഴുക്കിൽ അവരുടെ അന്തിപ്പള്ളിയും തകർന്നുപോയിട്ടുണ്ടാകും.
രാഘവേട്ടന്റെ കഥകളെ ഞാൻ വിശ്വസിച്ചെങ്കിലും വേറെ ആരും വിശ്വസിച്ചില്ല. രാഘവേട്ടന് മാധവൻ എന്നൊരു സഹോദരനെ ഇല്ല എന്നാണ് എല്ലാവരും പറയുന്നത്. നിഴൽമല എന്ന പ്രദേശം രാഘവേട്ടന്റെ വെറും ഭ്രാന്താണെന്ന്. ഭ്രാന്താശുപത്രിയിൽ കഴിയുന്നവരുടെ കഥകൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ട്. ആരും അത് വിശ്വസിക്കില്ല. പക്ഷേ, ഞാൻ വിശ്വസിച്ചു. ഞാനും അതെ ആശുപത്രിയിലെ ഒരു അന്തേവാസിയായതുകൊണ്ടാകാം.
2008ലെ ഒരു മഴയുള്ള രാത്രിയിൽ രാഘവേട്ടൻ വിടവാങ്ങി. ഉറക്കത്തിൽ സമാധാനപൂർവ്വമാണ് അദ്ദേഹം മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ്, വിറയ്ക്കുന്ന കൈകളാൽ ഒരു പഴയ കടലാസ് കഷ്ണം അദ്ദേഹം എന്റെ കയ്യിൽ വെച്ചുതന്നു.
"ഇത് സത്യമാണ്... ഇത് തന്നത് അവനാണ്" എന്ന് മാത്രം അദ്ദേഹം എന്നോട് മന്ത്രിച്ചു. എനിക്കെന്തോ ആ കത്ത് വായിച്ചുനോക്കാൻ തോന്നിയില്ല. ആ കത്ത് വായിച്ചിട്ട് ഇനി രാഘവേട്ടൻ പറഞ്ഞതെല്ലാം കള്ളമാണെന്ന് തോന്നിയാൽ… അദ്ദേഹത്തിന് ഭ്രാന്താണെന്ന് ഞാനും കരുതിയാൽ… വേണ്ട, അത് വേണ്ട.
രാഘവേട്ടൻ പോയിട്ട് പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു. എനിക്ക് ഇന്ന് എഴുപത് വയസ്സുണ്ട്. ഇപ്പോഴും ഇവിടുത്തെ അന്തേവാസി തന്നെയാണ് ഞാൻ. പക്ഷേ, ഇനിയും അധിക നാൾ എനിക്കില്ല എന്നൊരു തോന്നൽ. ചെയ്തു തീർക്കാനുള്ള പലതിൽ ഒന്ന് രാഘവേട്ടൻ എനിക്ക് കൈമാറിയ കത്ത് തുറന്ന് വായിക്കുക എന്നതാണ്. മാധവന്റെ കൈയിൽ നിന്നും രാഘവേട്ടന്റെ കൈകളിലെത്തിയ ആ കത്ത്.
അതിനുള്ളിൽ ഒരു ചിത്രമായിരുന്നു. രാഘവേട്ടൻ പണ്ട് പറഞ്ഞ അന്തിപ്പള്ളിയുടെ ഉൾവശം. പക്ഷേ, അതിൽ ഒരാളല്ല ഇരിക്കുന്നത്. രണ്ടുപേരുണ്ട്. ഒരാൾ മാധവൻ. അയാൾ ആ പഴയ ഖാക്കി വേഷത്തിൽ, കണ്ണുകളിൽ ശൂന്യതയുമായി ഇരിക്കുന്നു. അവന് അരികിലായി മറ്റൊരാൾ കൂടിയുണ്ട്. രാഘവേട്ടൻ! അയാളും ആ പള്ളിയിൽ തന്റെ അനിയനോടൊപ്പം ഒരു ശിലയായി മാറിയിരുന്നു. സ്വന്തം ആത്മാവിനെ സമാധാനപ്പെടുത്താത്തവർ, മറ്റുള്ളവർക്കായി സ്വന്തം മനസ്സിന്റെ സന്തോഷം കളഞ്ഞവർ. അവർക്കുള്ള ശിക്ഷ അവർ നിഴൽമലയിൽ അനുഭവിക്കുന്നു. ഞാൻ ദീർഘമായൊന്നു നെടുവീർപ്പിട്ടു.
സമയം സന്ധ്യ കഴിഞ്ഞിരുന്നു. എന്റെ മുറിയുടെ പുറത്ത് ആരോ നിൽക്കുന്നതുപോലെ. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഞ്ഞിനിടയിൽ ഖാക്കി വസ്ത്രം ധരിച്ച ഒരാൾ. നിഴൽപോലെ നിൽക്കുന്ന അയാളുടെ മുഖം വ്യക്തമല്ല. അയാൾ എന്നെ നോക്കി ചിരിക്കുകയാണോ? വ്യക്തമല്ല. പക്ഷേ, അയാളുടെ ശബ്ദം ഞാൻ കേട്ടു:
“വരൂ, സമയമായിരിക്കുന്നു നിഴൽമലയിലേക്ക് പോകാൻ.”
ഞാൻ കണ്ണുകളടച്ചു. നിഴൽമലയിലേക്ക് എനിക്കും പോകണം. മറ്റാരെയും സ്നേഹിക്കാത്ത, ഒന്നും ഓർമ്മയില്ലാത്ത, മരവിച്ച ആ ആത്മശാന്തിയിലേക്ക്…
- Nidhin R Nath
[Valley of the Seventh Sin Series - Chapter 01: Pride ]