ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന കഥയാണ്. അക്കാലത്താണ് അശോകൻ തിരികെ നാട്ടിലേക്കെത്തുന്നത്. നാട്ടിലെത്തിയാൽ ഉടനെ നല്ലൊരു പണി തരപ്പെടും എന്നാണ് അയാൾ വിശ്വസിച്ചിരുന്നത്. പക്ഷേ, എല്ലാ വിശ്വാസങ്ങളും ശരിയായിരിക്കണമെന്നില്ലല്ലോ. നാട്ടിലെത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിചാരിച്ചതുപോലൊരു ജോലി കണ്ടെത്താൻ ഇതുവരെ അയാൾക്ക് സാധിച്ചില്ല. പലതും ശ്രമിച്ചു നോക്കി, ഒന്നും നടന്നില്ല. നിരാശയിൽ തലതാഴ്ത്തി നിൽക്കെ, തീർത്തും സ്വാഭാവികവും എന്നാൽ കുറച്ച് അസ്വാഭാവികതയുമുള്ള ഒരു കാര്യം നടക്കുകയുണ്ടായി. അന്നൊരു ലൈബ്രറിയിൽ വെച്ച് പത്രം വായിക്കുന്നതിനിടയിലാണ്, യാദൃശ്ചികമായി അശോകൻ ഒരു പരസ്യം കാണാനിടയായത്. ക്ലാസിഫൈഡ്സ് പേജിലെ “ഉപയോഗിച്ച ഫർണിച്ചറുകൾ” വിൽക്കാനുണ്ട് എന്നൊരു പരസ്യമായിരുന്നു അത്. സാധാരണഗതിയിൽ അശോകൻ ഇത്തരം പരസ്യങ്ങൾക്ക് പ്രാധാന്യം നൽകാത്തതാണ്. എന്നാലെന്തോ ആ പരസ്യം കണ്ടപ്പോൾ അയാളുടെ മനസ്സിൽ ചില ആശയങ്ങൾ ഉദിച്ചുവന്നു. അയാൾ, നേരെ പരസ്യത്തിൽ പറഞ്ഞിരുന്ന, വിലാസത്തിലേക്ക് വെച്ചുപിടിച്ചു.
നഗരത്തിന് പുറത്തുള്ള ഒരു റോഡിനരികിൽ, വെളുത്ത പെയിന്റ് പൂശിയ ചില്ലു ജാലകങ്ങളുള്ള മനോഹരമായ ഒരു ബംഗ്ലാവ്. അതിന്റെ വിശാലമായ മുറ്റത്ത് കറുത്ത അംബാസിഡർ കാർ കിടപ്പുണ്ടായിരുന്നു. മതിലുകൾക്ക് ഭംഗികൂട്ടാൻ ചുറ്റും ഭംഗിയുള്ള പൂക്കളും ചെടികളും വളർന്ന് നിൽപ്പുണ്ടായിരുന്നു. അശോകൻ മുറ്റം കടന്ന് ബംഗ്ലാവിനടുത്തേക്ക് നടന്നു. അതിന്റെ ചുമരിൽ ഡി’സൂസ ബംഗ്ലാവ് എഴുതിയിരുന്നു. അതിന്റെ തൊട്ട് താഴെ കാളിങ് ബെല്ലും. അശോകൻ അതിൽ വിരലമർത്തി. രണ്ടാമത്തെ കാളിങ് ബെല്ലിൽ ആ വാതിൽ തുറന്നു. മുപ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ് വാതിൽ തുറന്നത്. പാടല നിറത്തിലുള്ള, അൽപം സുതാര്യതയുള്ള, സാരിയായിരുന്നു അവർ ഉടുത്തിരുന്നത്. അവരുടെ ആകാരഭംഗി അതിലൂടെ ദൃശ്യമായിരുന്നു. ഒരു നിമിഷം അതിൽ ഭ്രമിച്ചു നിന്ന അശോകനെ ആ സ്ത്രീ ചെറിയ ശബ്ദമുണ്ടാക്കി ഉണർത്തി. ചെറിയൊരു ജാള്യതയോടെ അശോകൻ അവരുടെ മുഖത്തേക്ക് നോക്കി. അവരാണ് പത്രത്തിൽ പരസ്യം നൽകിയ ഇസബെല്ല എന്ന് അശോകൻ ഊഹിച്ചു.
“ഇവിടെ ഈ പഴയ ഫർണിച്ചേർസ് ഒക്കെ കൊടുക്കാണുന്നുണ്ടെന്നു പത്രത്തിൽ കണ്ടു.”
അശോകൻ മുഖവുരയായി പറഞ്ഞു.
“യെസ്, ഇവിടെയാണ്. ഉള്ളിലേക്ക് വരൂ.” ആ സ്ത്രീ അയാളെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു.
വിശാലമായ ഹാളിലെ ഒരു സോഫയിലേക്ക് കൈകാണിച്ചുകൊണ്ട് ഇസബെല്ല അയാളോട് അവിടെ ഇരുന്നുകൊള്ളാൻ പറഞ്ഞു. അയാൾ ഇരുന്നു. ഒരുപാട് പുരാവസ്തുക്കൾ ആ വീടിന്റെ ചുവരലമാരയിൽ അശോകൻ കണ്ടു. എല്ലാം ഭംഗിയുള്ളവ. അവ ഓരോന്നിലും മാറിമറിനോക്കികൊണ്ടിരിക്കെ പെട്ടെന്ന്, ആ സ്ത്രീ ചോദിച്ചു:
“നിങ്ങൾക്ക് ചായ എടുക്കട്ടെ?”
“അയ്യോ വേണ്ട… ഞാൻ ആ ഫർണിച്ചർസ് ഒന്ന് കാണാൻ വന്നതാ. ഇഷ്ടപ്പെട്ടാൽ വാങ്ങും”
“തീർച്ചയായും. ഞാൻ കൊണ്ടുവരാം.” ആ സ്ത്രീ സ്റ്റെയർ കേസിന്റെ പടികൾ കയറി മുകളിലേക്ക് പോയി. അശോകൻ ആ സമയം ആ മുറിയും ആ വീടിന്റെ മറ്റു ഭാഗങ്ങളുമെല്ലാം ചുറ്റി കാണുകയായിരുന്നു.
ഒരാഴ്ച്ച മുൻപാണ് അശോകൻ നാട്ടിലെത്തിയത്. കഴിഞ്ഞ നാല് വർഷമായി അയാൾ ജയിലിലായിരുന്നു. മോഷണമായിരുന്നു കുറ്റം. ഇത് ആദ്യമായല്ല അയാൾ ജയിലിലാവുന്നത്. മുൻപ് പലപ്പോഴും അയാൾ ഇതേ കുറ്റത്തിന് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത്തവണ നാട്ടിൽ വന്നപ്പോഴും അയാൾ ചിന്തിച്ചത് പുതിയ മോഷണത്തെ കുറിച്ച് തന്നെയാണ്. പക്ഷേ, മനസ്സിന് ബോധിച്ച ഒരു “പണി”യും അയാൾക്ക് കണ്ടെത്താനായില്ല. അതിനിടയിലാണ് അശോകൻ പത്രത്തിലെ ഈ പരസ്യം ശ്രദ്ധിക്കുന്നത്. അതിലെന്തോ അയാൾക്ക് വല്ലാത്തൊരു ആകർഷണം തോന്നി. ഫർണിച്ചറല്ല, മറിച്ച് ആ വീട് ഒന്ന് പോയി കാണാൻ അയാൾക്ക് തോന്നി. അയാളുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ആ വീട്. ബൃഹത്തായ ഒരു ബംഗ്ലാവ്! ഒരു രാത്രി കയറി ഇറങ്ങിയാൽ വിലപിടിപ്പുള്ളത് പലതും സ്വന്തമാക്കാം. ആ കെട്ടിടത്തിനുള്ളിലേക്ക് കയറാനുള്ള വഴികളും രക്ഷപ്പെടാനുള്ള വഴികളും അയാൾ നോക്കി വെച്ചു.
അൽപം കഴിഞ്ഞ് ആ സ്ത്രീ തിരികെ താഴെയെത്തി.
“ഇതാ, ഇതാണ് ഞാൻ വിൽക്കാൻ ഉദ്ദേശിക്കുന്ന വസ്തു. ഇതൊരു ഫർണിച്ചറാണോ എന്ന് പറയാൻ പറ്റില്ല.” ആ സ്ത്രീ ബദ്ധപ്പെട്ട് അവരുടെ കൈകളിലുണ്ടായിരുന്ന വസ്തു മുന്നോട്ട് നീക്കി. അതൊരു വലിയ ഫ്ലവർ വാസ് ആയിരുന്നു. മരത്തിൽ നിർമ്മിച്ച, മനോഹരമായ കൊത്തുപണികളുള്ള ഒരു ഫ്ലവർ വാസ്. അശോകൻ ഇസബെല്ലയുടെ കൈകളിൽ നിന്നും ആ ഫ്ലവർ വാസ് വാങ്ങി. കടുംചുവപ്പ് നിറമുള്ള ഒരു മനോഹര ശിൽപം പോലൊരു വസ്തു. ആരെയും ആകർഷിക്കാൻ തക്ക സൗന്ദര്യം അതിനുണ്ടായിരുന്നു.

“രക്തചന്ദനത്തിന്റെ തടിയിൽ നിർമ്മിച്ചതാണ്.” ഇസബെല്ല പറഞ്ഞു.
“അതിമനോഹരം!” അതിൽ അടിമുടി നോക്കുന്നതിനിടയിൽ അശോകന്റെ ചുണ്ടുകൾ മന്ത്രിച്ചു.
“ഇഷ്ടപ്പെട്ടോ?” ആ സ്ത്രീ ചോദിച്ചു.
“തീർച്ചയായും. എത്രയാണ് ഇതിനു വിലയിട്ടിരിക്കുന്നത്?” അശോകൻ ആ ഫ്ലവർ വാസ് തിരികെ നൽകികൊണ്ട് ചോദിച്ചു.
“ആറായിരം രൂപ”
“ആറായിരം രൂപയോ?”
“അതെ. ഇത് പൂർണമായും രക്തചന്ദനത്തിൽ നിർമ്മിച്ച ഫ്ലവർ വാസാണ്.”
“എങ്കിലും ആറായിരം ഒരൽപം കൂടുതലാണ്. ഉപയോഗിച്ച വസ്തു എന്ന് പറയുമ്പോൾ… അതിനു പുതിയതിന്റെ വില ലഭിക്കില്ലല്ലോ മാഡം.”
“അത് ഞാൻ സമ്മതിക്കുന്നു. ശരി, നിങ്ങൾ തന്നെ ഒരു വില പറയൂ.”
“മൂവ്വായിരം… അല്ല, ഒരു മൂവ്വായിരത്തി അഞ്ഞൂറ്.”
അശോകൻ പറഞ്ഞ വില കേട്ട് ആ സ്ത്രീ കുറച്ചു സമയം ആലോചനയിലായി.
“മൂവ്വായിരത്തി അഞ്ഞൂറ് ഒരൽപം കുറവാണ്. പക്ഷേ, റൊക്കം കാശ് തരികയാണെങ്കിൽ ഞാൻ തരാം .” ഇസബെല്ല ആ ഫ്ലവർ വാസ് അശോകന് നേരെ നീട്ടി.
“തരാം.”
അശോകൻ അത് വാങ്ങി. അയാൾ മനസ്സിൽ അതിന്റെ ഭാരം കണക്കുകൂട്ടി. രണ്ടു കിലോഗ്രാമിൽ കുറയില്ല, തീർച്ച. മാർക്കെറ്റിൽ ഈ വസ്തുവിന് കുറഞ്ഞത് പതിനായിരമെങ്കിലും ലഭിക്കും. എന്തുകൊണ്ടും ലാഭം തന്നെ. അശോകൻ ഉള്ളാലെ ചിരിച്ചു.
“ഇനി ഒരു ചായ ആവാം, അല്ലെ?” ഇസബെല്ല ചോദിച്ചു.
ആ ചോദ്യം അശോകനെ ചിന്തകളിൽ നിന്നും ഉണർത്തി.
“പിന്നെന്താ, തീർച്ചയായും!” അയാൾ സമ്മതം അറിയിച്ചു.
ആ സ്ത്രീ അടുക്കളയിലേക്ക് നടന്നു. ഏതാനും സമയം കഴിഞ്ഞപ്പോൾ രണ്ടു കപ്പിൽ ചായയുമായി തിരികെ അതെ ഹാളിലെത്തി. അതിൽ ഒന്ന് അശോകന് നേരെ നീട്ടി.
“താങ്കൾ എന്ത് ചെയ്യുന്നു?” ഇസബെല്ല ചോദിച്ചു.
“ഞാനോ? ഞാൻ… ഞാൻ ഒരു ആർട്ടിസ്റ്റാണ്” കപ്പ് വാങ്ങുന്നതിനിടയിൽ തപ്പിത്തടഞ്ഞുകൊണ്ട് അശോകൻ പറഞ്ഞു.
“ആഹാ, കൊള്ളാമല്ലോ… ആർട്ടിസ്റ്റ് എന്ന് പറയുമ്പോൾ… പെയ്ൻറ്റർ?” ആ സ്ത്രീ വിടർന്ന കണ്ണുകളോടെ ചോദിച്ചു.
“അതേ… അതേ…” അയാൾ കള്ളം പറഞ്ഞു. എന്നിട്ട് ആ കപ്പിൽ നിന്നും ചായ വലിച്ചുകുടിക്കാൻ തുടങ്ങി.
“നിങ്ങൾ ഇവിടെ തനിച്ചാണോ?” അശോകൻ ചോദിച്ചു.
“അല്ല, ഹസ്ബന്റുണ്ട്. അദ്ദേഹമിപ്പോൾ പുറത്തു പോയിരിക്കുകയാ. രാത്രി വരും.”
“ഓ…അതുവരെ മാഡം തനിച്ചാണോ? ജോലിക്കാർ ആരുമില്ലേ?”
“ഉണ്ട്. പക്ഷേ, ആ സ്ത്രീ ഇന്ന് അവധിയാണ്. മൂന്ന് ദിവസം കഴിഞ്ഞു വരും എന്നാണ് പറഞ്ഞത്. അതുവരെ എല്ലാം ഞാൻ തന്നെ ചെയ്യണം.” തെല്ല് സങ്കടത്തോടെയും ചിരിയോടെയും ഇസബെല്ല പറഞ്ഞു. ഈ കാര്യങ്ങളെല്ലാം അശോകൻ മനസ്സിൽ കുറിച്ചിട്ടു.
മൂവ്വായിരത്തി അഞ്ഞൂറ് മൊത്തം തുക നൽകി അയാൾ ആ ഫ്ലവർ വാസ് ആ സ്ത്രീയിൽ നിന്നും വാങ്ങിച്ചു. ഇസബെല്ലയ്ക്ക് ഒരു ചിരി നൽകി അയാൾ അവിടെ നിന്നുമിറങ്ങി. മടങ്ങും മുൻപ് ആ വീട് ഒരിക്കൽ കൂടി നോക്കിക്കാണാൻ അയാൾ മറന്നില്ല.
വീട്ടിലെത്തിയ ശേഷം അശോകൻ ചിന്തയിലായിരുന്നു. അന്ന് രാത്രി തന്നെ ഡി’സൂസ ബംഗ്ലാവിൽ കയറിയാൽ ആ സ്ത്രീയ്ക്ക് സംശയം വരും. ഇന്ന് രാത്രിയും നാളെ രാത്രിയും കഴിഞ്ഞ് മറ്റന്നാൾ രാത്രി ആ ബംഗ്ലാവിലേക്ക് പ്രവേശിക്കാനും മോഷണം നടത്താനും അയാൾ തീരുമാനിച്ചു. അന്ന് അയാൾ സമാധാനത്തോടെ ഉറങ്ങി. അടുത്ത ദിവസം അശോകൻ തലേന്ന് ലഭിച്ച രക്തചന്ദനത്തിന്റെ ഫ്ലവർ വാസുമായി അയാൾക്ക് പരിചയമുള്ള കരിഞ്ചന്തയിലെ ഒരു കച്ചവടക്കാരന്റെ അടുക്കലേക്ക് പോയി. അയാൾ ആ ഫ്ലവർ വാസ് അടിമുടി പരിശോദിച്ചു.
“പൂർണമായും രക്തചന്ദനത്തിൽ തീർത്ത പുരാവസ്തുവാണ്. നിങ്ങളിത് എടുത്തിട്ട് മോശമല്ലാത്ത ഒരു വില എനക്ക് തരീ” അശോകൻ തല ചൊറിഞ്ഞുകൊണ്ട് അയാളോട് പറഞ്ഞു.
കച്ചവടക്കാരൻ അശോകനെ മുഖത്തേക്ക് രൂക്ഷമായി നോക്കി.
“പൂർണമായും രക്തചന്ദനത്തിൽ തീർത്ത പുരാവസ്തുവോ? ഇതോ? നീ എന്താ ആളെ കളിയാക്കുവാ?”
“എന്തേ?” അശോകൻ സംശയഭാവത്തിൽ അയാളെ നോക്കി.
“ഡോ, ഇത് രക്തചന്ദനോ മൈ… മരതകമോ ഒന്നുമല്ല… വെറും റബ്ബറിന്റെ തടിയിലുണ്ടാക്കിയ ഫ്ലവർ വാസാണ്. അതിന്റെ പുറത്ത് ചുവന്ന നിറവും രക്തചന്ദനത്തിന്റെ ഗന്ധവും പൂശി ഇങ്ങനെ ആകിയതാണ്. ഞാൻ വേണേൽ ഒരു മൂന്നൂറു ഉറുപ്പിക തരാം. അത് തന്നെ കൂടുതലാണ്. ഇതിന്റെ സൈഡിലൊക്കെ പൊട്ടലുണ്ട്. ആരും എടുക്കില്ല.”
കച്ചവടക്കാരന്റെ വാക്കുകൾ കേട്ട് അശോകന് കലികയറി. അയാൾ ഒന്നും പറയാതെ ആ ഫ്ലവർ വാസും തിരിച്ചു വാങ്ങി സ്വന്തം ഗൃഹത്തിലേക്ക് വലിച്ച് നടന്നു.
ആ സ്ത്രീ തന്നെ ചതിച്ചതാണെന്നു അയാൾക്ക് മനസ്സിലായി. നാളെ തന്നെ ആ വീട്ടിലേക്ക് കയറി അവിടെയുള്ള സകലതും കൈക്കലാക്കി അവരോട് പകരം വീട്ടണമെന്നു അശോകൻ ദൃഢനിശ്ചയം ചെയ്തു.
ആ പകലും രാത്രിയും കൂടെ കടന്നുപോയി. അതിനു ശേഷമുള്ള പകൽ. അന്ന് രാത്രിയാണ് അശോകൻ ഡി’സൂസ ബംഗ്ലാവിലെ മോഷണം പദ്ധതിയിട്ടിരിക്കുന്നത്. രാവിലെ എഴുന്നേറ്റ് ഉമ്മറത്തു എത്തിയ ശേഷം അയാൾ മുറ്റത്തുണ്ടായിരുന്ന പത്രം കൈയിലെടുത്തു. സാവധാനം ഓരോ വർത്തയിലൂടെയും കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒന്നാമത്തെ പേജിന്റെ ഏറ്റവും താഴെയായി ഒരു വാർത്ത അയാൾ ശ്രദ്ധിച്ചത്. ഒന്നാം പേജിന്റെ താഴെയായി ഒരു വാർത്ത അയാളുടെ കണ്ണിലുടക്കി: "പ്രമുഖ വ്യവസായിയും ഭാര്യയും കാണാതായി." വാർത്ത കണ്ട് അശോകന്റെ ശ്വാസം നിലച്ചുപോയി. വാർത്ത ഇങ്ങനെയായിരുന്നു:
“നഗരത്തിലെ പ്രമുഖ വ്യവസായിയായ വിൻസെന്റ് ഡി’സൂസയെയും ഭാര്യ ഇസബെല്ലയെയും കാണാതായിട്ട് രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു. ഇരുവരെ കുറിച്ചും ഇതുവരെ യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. എന്നാൽ അവരുടെ വസതിയിൽ രക്തം പുരണ്ടതിന്റെ ലക്ഷണങ്ങൾ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകശ്രമത്തിന്റെ സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.” ഇങ്ങനെ പോകുന്നു വാർത്ത. അതിനൊപ്പം വിൻസെന്റ് ഡിസൂസയുടെയും ഭാര്യ ഇസബെല്ലയുടെയും ചിത്രങ്ങൾ കൊടുത്തിരുന്നു. എന്നാൽ ആ ചിത്രത്തിലുണ്ടായിരുന്ന ഇസബെല്ലയെ ആയിരുന്നില്ല അശോകൻ അന്ന് ആ ബംഗ്ലാവിൽ വെച്ച് കണ്ടത്. ഭയത്തോടെയും ആശങ്കയോടെയും അയാൾ വീടിനകത്തേക്ക് നോക്കി. അവിടെ ആ ഫ്ലവർ വാസ് ഇരിപ്പുണ്ടായിരുന്നു. അതിന്റെ പൊട്ടലിലൂടെ രക്തം ഒഴുകിവരുന്നതുപോലെ അയാൾക്ക് തോന്നി.