“നിങ്ങളിത് എങ്ങോട്ടാ?”
വഴിയരികിൽ കാത്തുനിന്ന കുമാരൻ, അതുവഴിയെ വന്നവരോടായി ചോദിച്ചു. അപ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. ഇരുട്ട് പറന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.
“ഞങ്ങൾ ആ ഇല്ലത്തെ വേളി കൂടാൻ പോകുവാ. കുമാരൻ വരണില്യേ?”
“ഉണ്ട്… തനിച്ചു പോകാനൊരു പേടി” കുമാരൻ അൽപം ജാള്യതയോടെ പറഞ്ഞു.
“എന്തിനാ?” വന്നവരിൽ ഒരാൾ ചോദിച്ചു.
“ഏയ് ഒന്നൂല്യ” പരസ്യമായ എന്തോ ഒന്നിനെ കുമാരൻ രഹസ്യമാക്കി.
അങ്ങനെ കുമരനും അവരുടെ കൂടിച്ചേർന്നു നടന്നു. കുറച്ചു ദൂരം നടക്കാനുണ്ട്. അതിനിടയിൽ കൂട്ടത്തിൽ മറ്റൊരാൾ ചോദിച്ചു:
“കേളനെ പിന്നീട് ആരെങ്കിലും കണ്ടോ?”
“ഏത് കേളൻ? ആ കള്ളൻ കേളനോ?”
“അതന്നെ. കണ്ടായിരുന്നോ?”
“ഇല്ല, അവനെന്തുപറ്റി?”
“അറിഞ്ഞില്ലേ അപ്പൊ?” കുമാരൻ ചോദിച്ചു.
“കാര്യം എന്താന്ന് വെച്ച തുറന്നു പറയ്യ.”
കുമാരൻ കാര്യങ്ങൾ സ്പഷ്ടമാക്കാൻ തുടങ്ങി.
“കുറച്ച് ദിവസങ്ങൾക്കു മുൻപ്. ആ കേളൻ നമ്മുടെ യക്ഷിയുള്ള കാവിന്റെയങ്ങോട്ട് പോകുന്നത്, രാത്രി കഥകളി കഴിഞ്ഞു വരുന്ന കൃഷ്ണനും രാമനാഥനും കണ്ടിരുന്നു.”
“ഓ”
“മോഷണം തന്നെയാവും ലക്ഷ്യം. പക്ഷേ, പേടി കാരണം അവർ അവന്റെ പിന്നാലെ പോയില്യ.”
“നന്നായി”
“അതിനു ശേഷം കേളനെ ആരും കണ്ടിട്ടില്ല. അവന്റെ കെട്ട്യോൾ അവനെയും അന്വേഷിച്ചു നാടുനീളെ നടക്കുന്നുണ്ട്. അവൾക്കിപ്പോ ചിത്തഭ്രമം ബാധിച്ചുവെന്ന കേൾക്കണേ”
“അവനല്ലാതെ ആരേലും ആ കാവിലേക്ക് പോകുവോ. അവിടെ ചോര ഊറ്റികുടിക്കുന്ന രക്ഷസ്സില്ല്യേ. അവനെ അവൾ തിന്നുകാണും, തീർച്ച.”
സംസാരിച്ചുസംസാരിച്ച് അവർ ആ ഇല്ലത്തെത്തി.
***
വർഷങ്ങൾക്ക് മുൻപ്. എന്ന് പറയുമ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപ്. പതിനെട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. ആരണ്യകം എന്ന ദേശത്തു, വലിയ ആൽമരവും കുളവുമൊക്കെയുള്ള ഒരു കാവുണ്ടായിരുന്നു. കാവ് അത്ര മനോഹരമായിരുന്നെങ്കിലും അവിടെ പൂജയോ ഉത്സവമോ ഒന്നും നടത്താറുണ്ടായിരുന്നില്ല. കാരണമെന്തെന്നാൽ, അതിനടുത്തുള്ള കാട്ടിൽ ഒരു രക്ഷസ്സ് താമസിച്ചിരുന്നു. ആളുകൾക്കൊക്കെ ആ കാവിൽ പോകാൻ പേടിയായിരുന്നു. രക്ഷസ്സിന്റെ മാന്ത്രികവലയത്തിലാണ് ആ പ്രദേശമെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം.
അങ്ങനെയിരിക്കെ, ആ നാട്ടിലെ ഒരു പെൺകുട്ടിയുടെ വിവാഹം അന്യനാട്ടില ഒരു യുവാവുമായി നടന്നു. കോലത്തിരിയുടെ നാട്ടുരാജ്യത്തിലെ ഒരു പ്രമാണിയായ ഗംഗാദത്തനാണ് വരൻ. വിവാഹശേഷം അന്ന് രാത്രി തന്നെ അവർ മഞ്ചലിൽ ഗംഗാദത്തന്റെ നാട്ടിലേക്ക് തിരിച്ചു. മഞ്ചലിൽവെച്ചു പലതും പറയുന്നതിനിടയിൽ അവൾ അവനോട് ഈ കാവിനെ പറ്റിയും പറഞ്ഞു.
“ഞങ്ങളുടെ ഈ നാട്ടിൽ യക്ഷി കൈയടക്കിയ ഒരു കാവുണ്ട്.” വിവാഹിതയായ ദേവി പറഞ്ഞു.
“യക്ഷി കൈയടക്കിയ കാവോ?” അത് കേട്ട് ഗംഗാദത്തന്റെ മുഖത്തു അത്ഭുതവും ആശ്ചര്യവും വിടർന്നു.
“അതെ, യക്ഷി വസിക്കുന്ന ഒരു കാവ്. എന്റെ മുത്തച്ഛൻ പറഞ്ഞുകേട്ടിട്ടുള്ളതാ… പത്തഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് ഈ കാവിൽ പൂജയും ഉത്സവവുമൊക്കെ നടന്നിരുന്നു എന്ന കേൾക്കണേ. ഒരുപാട് പേര് ഒത്തുചേർന്നിരുന്ന ഉത്സവമായിരുന്നുത്രേ. അങ്ങനെയിരിക്കെ, ഒരുനാൾ പൂജ നടത്താൻ പോയ പൂജാരിയെ കാണാതായി. നാട്ടുകാർ എല്ലാരും അയാൾക്ക് വേണ്ടി തിരിച്ചിലായി. കുളത്തിലനടിയിൽ വരെ തിരഞ്ഞു. പൂജാരിയെ കാണാനേ ഇല്ല. കാവിനു പിന്നിൽ ഘോരവനമാണ്. അങ്ങനെ പൂജാരിയെ അന്വേഷിച്ചു കുറെപേര് ആ കാടിനുള്ളിലേക്ക് പോയി. പിന്നീട് അവരാരും തിരിച്ചു വന്നില്ല.”
“എന്നിട്ട്?”
“തൽക്കാലത്തേക്ക് പുതിയൊരു ശാന്തിയെ കാവിലെ പൂജകൾക്ക് നിയോഗിച്ചു. പക്ഷേ, അയാളേയും പെട്ടെന്നോരിസം കാണാതായി. അയാളെ കുറിച്ചും യാതൊരു അറിവുമില്ല. അന്വേഷിച്ചുപോകാനും എല്ലാര്ക്കും മടി. മുന്നത്തെ അനുഭവം അങ്ങനല്ലേ!” ദേവി ദീർഘമായൊന്നു നിശ്വസിച്ചു.
രാത്രിയുടെ ശാന്തതയും പാടവരമ്പത്തെ താവളകളുടെയും ചീവിടുകളുടെയും ശബ്ദത്തിനൊത്ത് ദേവി കഥ പറഞ്ഞ കഥ, ഗംഗാധരൻ ശ്രദ്ധയോടെ കേട്ട് ഇരുന്നു.
“എന്നിട്ടെന്തുണ്ടായി?” അയാൾ ആകാംക്ഷയോടെ ചോദിച്ചു.
“അങ്ങനെ ആ കാവിൽ സ്വർണപ്രശ്നം വെച്ചു. പ്രശ്നത്തില മനസ്സിലായത് കാവിനടുത്തൊരു രക്ഷസ്സുണ്ടെന്നും അവൾ ഓരോരുത്തരെയായി ഭക്ഷിക്കുകയാണെന്നും. പിന്നീട് ആരും പേടിച്ചിട്ട് ആ കാവിന്റെ അടുത്തേക്കെ പോയിട്ടില്ല.”
“ഓഹോ” അവിശ്വാസം കലർന്ന ശബ്ദത്തോടെയാണ് ഗംഗാധരൻ അവളുടെ വാക്കുകൾക്ക് മറുപടിനൽകിയത്.
“പിന്നീട് ആ കാവിൽ പൂജയോ ഉത്സാവോ ഒന്നും നടന്ന്ട്ടില്ല. പകലുപോലും അവിടേക്ക് പോകാൻ ആളോള്ക്ക് പേടിയാ…” വാക്കുകളിലെ ഭയം ദേവിയുടെ മുഖത്ത് പ്രകടമായിരുന്നു. എന്നാൽ ഒരു പുഞ്ചിരിയോടെയാണ് ഗംഗാധരൻ അത് കേട്ടിരുന്നത്.
“ദേവി പോയിട്ടുണ്ടോ?” അതെ പുഞ്ചിരിയോടെ അയാൾ ചോദിച്ചു.
“അയ്യോ, എനിക്ക് പേടിയാ. ഞാൻ മാത്രല്ല, ഇല്ലത്തെയാരും കാവുപോലും കണ്ടിട്ടില്ല.”
“എനിക്ക് കാണണം”
“വേണ്ടാട്ടോ. അതൊന്നും നല്ലതല്ല. കണ്ണുപൊട്ടിപോകും”
ദേവിയുടെ വാക്കുകൾകേട്ട് ഗംഗാദത്തൻ ഒരുപാട് ചിരിച്ചു. ദേവിയും നിഷ്‍കളങ്കമായി ചിരിച്ചു. പിറ്റേന്ന് പുലർച്ചെ അവർ ഗംഗാദത്തന്റെ നാട്ടിലെത്തി.
***
മാസങ്ങൾ കഴിഞ്ഞു. ഒരുനാൾ അവർ രണ്ടുപേരും ദേവിയുടെ നാട്ടിലേക്ക് തിരിച്ചുവന്നു. ഗംഗാദത്തൻ ആ കാവിനെ പറ്റി അവിടെയുള്ളവരോടൊക്കെ ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും ആരും അയാളുടെ കൂടെ പോകാൻ തയ്യാറായില്ല. അങ്ങനെ അയാൾ തനിച്ച് പോകാൻ തീരുമാനിച്ചു. അയാളുടെ ഭാര്യ പോകരുതെന്ന് ശഠിച്ചെങ്കിലും ഗംഗാദത്തൻ അതൊന്നും ചെവിക്കൊണ്ടില്ല. അങ്ങോട്ട് പോയവരാരെയും പിന്നീട് ആരും കണ്ടിട്ടില്ല.
വൈകുന്നേരമാണ് അയാൾ പുറപ്പെട്ടത്. നടന്നു അവിടെ എത്തിയപ്പോഴേക്കും സന്ധ്യയായി. അയാൾ ആ കുളത്തിൽ കാലു കഴുകി, കാവിന്റെ മുറ്റത്തേക്കിറങ്ങി. അപ്പോൾ നല്ല കാറ്റുവീശാൻ തുടങ്ങി. ആകാശത്തു നല്ല മഴക്കാറും. അയാൾ ആ കാവിൽ തൊഴുതു. കാവ് ചുറ്റി. എന്നിട്ടാ പടിക്കൽ ഇരുന്നു. ഒന്നും സംഭവിച്ചില്ല.
ഒടുവിൽ അയാൾ തിരിച്ചു പോകാൻ തീരുമാനിച്ചു. പെട്ടന്ന് പിന്നിൽ നിന്നൊരു വിളി.
അയാൾ തിരിഞ്ഞുനോക്കി.ഒരു കൊച്ചുപെണ്കുട്ടി. ആ കുട്ടി കരയുകയാണ്.
“എന്തുപറ്റി?” അയാൾ ആ കുട്ടിയോട് ചോദിച്ചു.
“എനിക്കെന്റെ വീട്ടിൽ പോണം. ഒറ്റയ്ക്കു പോകാൻ പേടിയാവുന്നു” ആ കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.
“ശരി, ഞാൻ നിന്നെ കൊണ്ടുച്ചെന്നാക്കാം”
അയാൾ ആ കുട്ടിയേയും കൂട്ടി അവളുടെ വീട്ടിലേക്ക് നടന്നു. പലവഴികളൂടേയും അവർ നടന്നു. കിഴക്കോട്ട് പിന്നെ വടക്കോട്ട്. ഇടത്തോട്ട് പിന്നെ വലത്തോട്ട്.
“എങ്ങനെയാ ആ കാവിന്റെ അടുത്തെത്തിയത്?”
നടക്കുന്നതിടയിൽ ഗംഗാദത്തൻ ആ കുട്ടിയോട് ചോദിച്ചു.
“എന്റെ അച്ഛനെ അന്വേഷിച്ചു ഇറങ്ങിയത.”
“അച്ഛനെ കണ്ടില്ലേ എന്നിട്ട്?”
“ഇല്ല, ആ കാവിനടുത്ത അച്ഛനു ജോലിന്ന അമ്മ പറഞ്ഞെ”
“അച്ഛൻ വീട്ടിലേക്ക് വരും,ട്ടോ.” കുട്ടിയെ ആശ്വസിപ്പിക്കാൻ ഗംഗാദത്തൻ പറഞ്ഞു.
ഏറെ ദൂരം നടന്നപ്പോൾ അവരൊരു വീടിന്റെ മുന്നിലെത്തി. അപ്പോഴേക്കും സമയം രാത്രിയായിരുന്നു. ആ വീടിന്റെ ഉമ്മറത്തു ഒരു ചെറിയ മണ്ണെണ്ണ വിളക്ക് കത്തുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ആ കുട്ടി, അയാളുടെ കൈ വിട്ടു, ചിരിച്ചുകൊണ്ട് വീടിന്റെ ഉള്ളിലേക്കു ഓടിപോയി. ഉള്ളിൽ കുട്ടിയും അമ്മയും സംസാരിക്കുന്ന ശബ്ദം അയാൾ കേട്ടു. അതോടെ അയാൾക്ക് ആശ്വാസമായി.
നേരം ഏറെ വൈകിയിരിക്കുന്നു. പെട്ടെന്ന് തിരിച്ചു പോകണം. വന്ന വഴിയേ അയാൾ തിരികെ നടന്നു. ആകാശത്തു മേഘങ്ങൾ ഇരുണ്ടുകൂടി. ഇരുട്ടിൽ എവിടെയോ അയാൾക്ക് വഴിതെറ്റി എന്നു തോന്നി. മുന്നോട്ട് എങ്ങനെ പോകണം എന്ന് നിശ്ചയമില്ല. തിരിക്കെ നടന്നു, ആ കുട്ടിയുടെ വീട്ടുകാരോട് തന്നെ പോയി വഴി ആരായാം. അയാൾ മനസ്സിലുറപ്പിച്ചു. വീണ്ടും ആ കുട്ടിയുടെ വീട് തേടി നടന്നു. ഏറെനേരം നടന്നിട്ടും വീട് കണ്ടെത്താനായില്ല. അയാളെ അതിശയിപ്പിച്ചത് മറ്റൊന്നാണ്. മുന്നോട്ട് നടക്കുമ്പോൾ കണ്ട അതേ വഴി തന്നെയാണ് പിന്നിലേക്ക് നടക്കുമ്പോളും കാണുന്നത്. ഒരു വ്യൂഹം പോലെ. അയാൾക്ക് തല കറങ്ങുന്നതുപോലെ തോന്നി. അപ്പോഴേയ്ക്കും ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി. ഇനി ഈ മഴയത്ത് രാത്രി യാത്ര വേണ്ട. അയാൾ വഴിയരികിൽ കണ്ട വലിയൊരു മരത്തിന്റെ കീഴെ നനയാതെ കിടന്നു. നേരം പുലരട്ടെ. എന്നിട്ടാവാം യാത്ര. അടുത്ത സൂര്യോദയം കാത്ത്, അയാൾ ആ മരച്ചോട്ടിൽ ഉറങ്ങി. ഇടയ്ക്ക് ഞെട്ടിയുണർന്നെങ്കിലും മഴ ചോർന്നത് കണ്ടില്ല, രാത്രി തീർന്നതുമില്ല. അയാൾ വീണ്ടും ഉറങ്ങി. ഇടയ്ക്കിടെ ഞെട്ടിയുണർന്നു. പക്ഷേ, നേരം പുലർന്നിരുന്നില്ല. ഇടക്കെപ്പോഴോ അവന്റെ അരികിലൂടെ ആരൊക്കെയോ നടന്നുപോയതുപോലെ അവനു തോന്നി. പക്ഷേ, കണ്ണ് തുറന്ന് നോക്കിയപ്പോൾ ഗംഗാധരൻ ആരെയും കണ്ടില്ല.
***
“ഇന്നേക്ക് പതിനാറു നാളായല്ലേ ഗംഗാദത്തനെ കാണാതായിട്ട്.” നാട്ടിലെ കവലയിൽ വീണ്ടും ചോദ്യങ്ങളുയർന്നു.
“അയാൾക്ക് ഭ്രാന്താണെന്നെ ഞാൻ പറയു. രക്ഷസ്സുള്ള ആ കാവിലേക്ക് ആരെങ്കിലും പോകുവോ. അവനെ അവൾ തിന്നുകാണും, തീർച്ച. പാവം ദേവി… അവൾക്കും ചിത്തഭ്രമം ആയെന്ന കേൾക്കണേ”