എല്ലാ കണ്ണുകളും വിധുലിനു നേരെയാണു. ഗാലറിയിലെ കാണികൾ അവന്റെ പേരു ആർത്തുവിളിച്ചു.
“വിധുൽ… വിധുൽ…”
സ്റ്റേഡിയം മുഴുവൻ അവന്റെ പേരു നിറഞ്ഞു. ആർപ്പുവിളികളാൽ ആ കളിസ്ഥലം ഇരമ്പുകയായിരുന്നു.
അഞ്ചാമത്തെ പെനാൽറ്റി കിക്കെടുക്കാനായി വിധുൽ മുന്നിലേക്ക് വന്നു.
സെന്റ് ജോസഫ്‌സ് കോളേജും മൗണ്ട് ഹിൽസ് കോളേജും തമ്മിലുള്ള ഫുട്ബോൾ മത്സരം, രണ്ടു ടീമുകളും ഗോളുകളടിക്കത്തതിനാൽ, പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയിരിക്കുകയാണു. മൗണ്ട് ഹിൽസ് നിശ്ചിത അഞ്ചവസരങ്ങളും ഗോളാക്കിമാറ്റികഴിഞ്ഞിരിക്കുന്നു. സെന്റ് ജോസഫ്സിന്റെ അവസാന അവസരമാണു. ഇതുംകൂടി ഗോളാക്കിയാൽ, കളി സഡൻ ഡെത്തിലേക്ക് നീളും.
സെന്റ് ജോസഫ്‌സിന്റെ അറിയപ്പെടുന്ന താരമാണു വിധുൽ. കാണികൾക്ക് ഏറെ പ്രിയപ്പെട്ടവൻ.
വിധുൽ കിക്കെടുക്കാനായി പന്തിനടുത്തേക്ക് ചെന്നു. ആർപ്പുവിളികൾ അവന്റെ കാതുകൾക്ക് ഭാരമേകി. അവന്റെ നിശ്വാസങ്ങളും ദ്രുതഗതിയിലുള്ള ചങ്കിടിപ്പും അവനു കേൾക്കാമായിരുന്നു. കാണികളുടെ ആരവത്തെക്കാൾ അവൻ കേട്ടത്ത് ആ ഹൃദയമിടിപ്പായിരിന്നു. നെറ്റിയിൽ നിന്നും ഒരു വിയർപ്പിന്റെ കണം ഒഴുക്കി താഴേക്ക് വീണു.
അവൻ എതിർ ടീമിലെ ഗോളിയെ നോക്കി. ഒരു രാക്ഷസചിരിയോടെ, ഗ്ലൗസിട്ട കൈകൾ തിരുമ്മി, അയാൾ അവനെ നോക്കി. അവന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.
റഫറി വിസിലൂതി. ഒന്നു പിന്നിലേക്ക് പോയ ശേഷം, വിധുൽ തന്റെ വലതുകാലിന്റെ ശക്തിമുഴുവൻ പകർന്നുനൽകികൊണ്ട്, പന്തു ലക്ഷ്യത്തിലേക്ക് പായിച്ചു. ഒരു വെളുത്ത വാൽനക്ഷത്രം കണക്കെ അത് പറന്നുയരുന്നത് അവൻ നോക്കി നിന്നു. പക്ഷേ അവന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട്, ആ പന്ത് ക്രോസ്സ്ബാറിൽ തട്ടി ഗ്രൗണ്ടിലേക്ക് തിരിച്ചുവന്നു. കാണികളെല്ലാവരും നിശബ്ദരായി. സ്റ്റേഡിയം ശ്മശാനമൂകമായി. ഗ്രൌണ്ടിൽ മൗണ്ട് ഹിൽസിലെ താരങ്ങൾ നൃത്തംവെച്ചു. സംഭവിച്ചത് വിശ്വസിക്കാൻ വിധുലിന്റെ കണ്ണുകൾക്കായില്ല. തലയിൽ കൈവെച്ച് അവൻ അവിടെ മുട്ടുകുത്തിയിരുന്നു. കൈയിൽ കിട്ടിയ കുപ്പികളും മറ്റും അവനു നേരെ വലിച്ചെറിഞ്ഞു കാണികൾ അവരുടെ ദേഷ്യം തീർത്തു.
“അയ്യേ… ഒരു പെനാൽറ്റി പോലും ഗോളാക്കാൻ ആ കളിക്കാരനറിയില്ല.”
ടിവിയിൽ ഫുട്ബോൾ മത്സരം കാണുന്നതിനിടെ, വിധുലിന്റെ പേരകുട്ടി അയാളോട് പറഞ്ഞു. അയാൾ ആ കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി, പുഞ്ചിരിച്ചു.
“മുത്തശാ… മുത്തശനു ഫുട്ബോൾ കളിക്കാനറിയാമോ ?”
അയാൾ ഒരിക്കൽകൂടി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“മുത്തശനറിയില്ലല്ലൊ മോനെ..”
“എന്നാ എന്റെകൂടെ വാ... ഞാൻ പഠിപ്പിച്ചുതരാം…”
അവന്റെ തന്റെ കൊച്ചു കൈവിരലുകൾകൊണ്ട്, അയാളുടെ കൈയിൽ പിടിച്ചു വെളിയിലേക്ക് നടന്നു.
“രാഹുൽ…” അടുക്കളയിൽനിന്നും അവന്റെ അമ്മ ഉച്ചത്തിൽ അവനെ വിളിച്ചു.
“എവിടെയാ മുത്തശനേയുംകൊണ്ട് പോകുന്നത്.? അങ്ങേർക്ക് ഷുഗരും പ്രഷറുമൊക്കെയുള്ളതാ. എവിടേലും പോയ് എന്തേലും പറ്റിയാൽ ഇവിടെ നോക്കാൻ വേറെയാളില്ലാ…”
തന്റെ മുഖത്തെ നിരാശ മറച്ചുവെക്കാൻ പാടുപ്പെട്ടുകൊണ്ട് അയാൾ തിരികെ നടന്നു. സ്റ്റേഡിയത്തിലെ കാണികൾ ദേഷ്യത്തോടെ വീണ്ടും ആക്രോശിച്ചു.