ചുറ്റും ഇരുട്ടായിരുന്നു. നല്ല കൂരാകൂരിരുട്ട് . ദൂരെ എവിടെയോ അല്പം പ്രകാശമുണ്ടാകുമെന്നു അവൾ പ്രതീക്ഷിച്ചു. പക്ഷേ , എങ്ങൊട്ട് ? എങ്ങൊട്ട് നടക്കണം ഇനി?
ഏതാനും ദിവസങ്ങൾക്ക് മുൻപ് , ഒരു പത്ര പരസ്യം കണ്ടാണു, അവൾ ആ നഗരത്തിലെത്തിയത്. "പ്രസിദ്ധമായ ഒരു ആയുർവേദ മരുന്ന് കമ്പനിയിലേക്ക് സൈൽസ് ഗേൾസിനെ ആവശ്യമുണ്ട്. " അവളുടെ കുറഞ്ഞ വിദ്യാഭ്യാസത്തിനും വീട്ടിലെ കഷ്ടപാടുകൾ മറികടക്കാനും ഇത് യോജിക്കുമെന്നു അവൾക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമാണ് അവളെ ഈ നഗരത്തിൽ എത്തിച്ചത്.
"പേര്?"
"ശ്യാമ "
ആയുർവേദ മരുന്ന് കമ്പനിയെ പ്രതിനിധികരിച്ച് വന്നവർ , ചോദ്യങ്ങൾ ഓരോന്നായി തുടർന്നു .
"ശ്യാമയുടെ ബയോഡാറ്റ ഞങ്ങൾ പരിശോധിച്ചു. നിങ്ങൾക്ക് ഈ ജോലിയിൽ പ്രവേശിക്കാനുള്ള യോഗ്യതയുണ്ട്. "
"താങ്ക് യു സാർ " അവൾ സന്തോഷം മറച്ചു വെക്കാതെ പുഞ്ചിരിച്ചു.
"പക്ഷെ, ചില നിബന്ധനകൾ ഉണ്ട്. അതൊക്കെ ഈ പേപ്പറിലുണ്ട്. വായിച്ചു നോക്കിയിട്ട് സമ്മതമാണെങ്കിൽ താഴെ ഒപ്പിട്ടോളു "
"എല്ലാം സമ്മതമാണെന്ന് പറയ്യ് " സന്തോഷത്താൽ കണ്ണുമൂടിയ അവളുടെ മനസ്സ് അവളോട് മന്ത്രിച്ചു. അവളാ പേപ്പറിൽ ഒപ്പിട്ടു തിരിച്ചുനൽകി .
ജോലി ആരംഭിച്ചു, പതിനഞ്ചു ദിവസം ഫീൽഡ് വർക്കാണ് . ഓരോ ദിവസവും 1750 രൂപയുടെ ബിസിനസ് നടത്തണം എന്നായിരുന്നു ആദ്യ നിബന്ധന. ആദ്യ ദിവസം അവൾക്ക് ലക്ഷ്യത്തിൽ എത്താൻ സാധിച്ചു. പക്ഷെ, ദിവസം കഴിയുംതോറും ലക്‌ഷ്യം വിദൂരമായികൊണ്ടിരുന്നു. ആറാം ദിവസമായപ്പോളെക്കും നൂറു രൂപ പോലും കണ്ടെത്താൻ അവൾക്ക് ആയില്ല. അവളാ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അപ്പോളാണ് രണ്ടാമത്തെ നിബന്ധന കടന്നു വന്നത്. പതിനഞ്ചു ദിവസം വിജയകരമായി പൂർത്തിയായാൽ മാത്രമേ ശമ്പളം നൽകുള്ളു.
തിരിച്ചു നാട്ടിലേക്ക് പോവാൻ അവളുടെ കൈയിൽ കാശൊന്നും അവശേഷിച്ചിരുന്നില്ല. ഇനി ആകെയുള്ളത് ഒരു മൊബൈൽ ഫോണ്‍ മാത്രമാണ്. കാശു കണ്ടെത്താന് ഒരു വഴിയുമില്ലാതെ അവളാ മൊബൈൽ, ഒരു ഷോപ്പിൽ വിറ്റു . വഴിയാത്രയ്ക്കുള്ള പണം മാത്രമാണ് അവള്ക്ക് അതിൽ നിന്നും ലഭിച്ചത്. സാരമില്ല.., നാട്ടിൽ തിരിച്ചെത്തിയാൽ എന്തേലും ഒരു വഴി തെളിയും. അവൾ വിശ്വാസം കൈ വിട്ടില്ല.
റെയിൽ വേ സ്റ്റേഷനിലേക്കുള്ള ബസ്സിലാണ് അവൾ കയറിയത്. പക്ഷെ, ഇറങ്ങിയപ്പോളാണ് അവൾക്ക് വഴിതെറ്റിയത് മനസിലായത്. മുന്നിലും പിന്നിലും ഇരുട്ട് മാത്രം. എങ്ങോട്ട് പോകാണമെന്നു അവൾക്ക് അറിയില്ലായിരുന്നു. അവൾ രണ്ടു ദിക്കിലേക്കും നടന്നു, പക്ഷെ പ്രകാശം കണ്ടെത്താനായില്ല. അല്പം കഴിഞ്ഞപ്പോൾ, ഒരു കോണിൽ നിന്നും ഒരു നേർത്ത പ്രകാശം വരുന്നത് അവൾ കണ്ടു. കൂടെ കാൽപെരുമാറ്റവും. അത് അടുത്തെത്തി. ഒന്നോ രണ്ടോ - എത്ര പേരുണ്ടെന്ന് അവൾക്ക് മനസിലായില്ല. അവൾ നടന്നു, വേഗത്തിൽ നടന്നു. അവരും അതെ വേഗതയിൽ അവളെ പിന്തുടര്ന്നു . അവളുടെ കാലുകൾ തളരാൻ തുടങ്ങി. ഇനി വയ്യ. അവൾ കിതച്ചു. അപ്പോഴേക്കും ഒരു കൈ അവളുടെ തോളിൽ പതിച്ചിരുന്നു. ഒന്ന് കരയും മുൻപേ, മറ്റൊരു കൈ അവളുടെ വായ പൊത്തി. എല്ലാം അവസാനിക്കുന്നു, അവൾ അറിഞ്ഞു. സിനിമകളിലെ പോലെ, ഒരു സൂപ്പർ ഹീറോ വന്നു അവളെ രക്ഷിക്കില്ലാന്നു അവൾക്ക് അറിയാമായിരുന്നു. അവസാനിക്കട്ടെ എല്ലാം. അവൾ അവളുടെ ചിന്തകളിൽ ആത്മഹത്യ ചെയ്തു.
- കഥ എഴുതി അവസാനിപ്പിച്ചിട്ടു, ബാലു ദീർഘമായൊന്നു നിശ്വസിച്ചു.
"ഈ സമൂഹത്തിൽ സ്ത്രീകളെങ്ങനെ സമാധാനത്തോടെ ജീവിക്കും?" അദ്ദേഹം സ്വയം ചോദിച്ചു.
"ദേ, മനുഷ്യാ... നിങ്ങളീ അവിഞ്ഞ കഥയെഴുത്തൽ നിർത്തിയിട്ട്, കടയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്നുണ്ടോ ?" ചുവന്ന കണ്ണുകളും അരിശം നിറഞ്ഞ മുഖവുമായി നിൽക്കുന്ന ഭാര്യയെ കണ്ട് , ബാലു, പറഞ്ഞു:
"ഈ സമൂഹത്തിൽ പുരുഷന്മാർ എങ്ങനെ സമാധാനത്തോടെ ജീവിക്കും?"