പന്ത്രണ്ടാം ദിവസം
"നമുക്ക് പിരിയാം രാജീവ്... രാജീവിന്റെ ജീവിതത്തിൽ ഇപ്പോൾ എനിക്ക് സ്ഥാനമില്ലാലോ ... ഇങ്ങനെയൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലാ... പിരിയാം... "
അത് പറയുമ്പോൾ നിഷയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പക്ഷെ, സ്വന്തം ഭാര്യയുടെ ഈ വാക്കുകൾക്ക് മുന്നിലും, രാജീവ് ഒന്നും പറഞ്ഞില്ല.
"നിങ്ങൾക്ക് ഇപ്പോളും ഒന്നും പറയാനില്ലേ?" നിഷ അതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും നിരാശയായിരുന്നു ഫലം. രാജീവ് ജനാലയ്ക്ക് അരികിൽ നിന്നും പുക വലിച്ച് ഊതുക മാത്രം ചെയ്തു. അയാളുടെ മുഖത്ത് ഭാവങ്ങൾ ഒന്നും തന്നെ വന്നില്ല.
നിഷ ഒരു കൈയിൽ വസ്ത്രം നിറച്ച ബാഗും, മറു കൈയിൽ 6 വയസ്സ് പ്രായമുള്ള മകനെയും ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി.
ഏതോ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത് പോലെ അയാൾ അവളെ വിളിച്ചു: "നിഷ..."
ഒമ്പതാം ദിവസം
ഇന്നും രാജീവ് വൈകിയാണ് വീട്ടിലെത്തിയത്. കാർ ഗാരേജിൽ പാർക്ക് ചെയ്ത് അയാൾ വേഗം വീടിനുള്ളിലേക്ക് കയറി ചെന്നു. അയാളെ കാത്ത് നിഷ ഡൈനിംഗ് ടാബ്ലിന്റെ അരികിൽ ഇരിപ്പുണ്ടായിരുന്നു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. അടച്ചു വെച്ച ഭക്ഷണ പാത്രങ്ങൾ തുറന്നു നിഷ അയാളെ വിളിച്ചു: "രാജീവ്... നിങ്ങൾ ഇന്നും ഒന്നും കഴിക്കുന്നില്ലേ?"
"വേണ്ടാ... എനിക്ക് വിശപ്പില്ലാ.." രാജീവ് ഓഫീസ് ബാഗുമായി സ്വന്തം റൂമിലേക്ക് കയറി പോയി.
അല്പസമയത്തെ മൌനത്തിനു ശേഷം അവൾ അയാളെ നോക്കി അലറി.
"ഇന്നും അവളെ കാണാൻ പോയിട്ടാവും വരുന്നത്."
"ഇല്ലാ.... ഞാൻ ആരെയും കണ്ടില്ല... ഞാൻ ആരെയും കണ്ടില്ലാ..." രാജീവ് പിറുപിറുത്തു. കണ്ണുകളിൽ എന്തിനോടോ ഉള്ള ഭയം നിറഞ്ഞപ്പോൾ അയാൾ മുറിവാതിൽ വലിച്ചടച്ചു.
"നിങ്ങൾ എന്തിനു എന്നോട് ഇങ്ങനെ......" അത് പറഞ്ഞു പൂർത്തിയാകും മുന്പ് അവളുടെ കണ്ണുകൾ വീണ്ടും വിതുമ്പി. പക്ഷെ ആ വാക്കുകൾ അടഞ്ഞ വാതിലിലൂടെ രാജീവിന്റെ ചെവികളിൽ എത്തിയില്ല.
വിതുമ്പുന്ന കണ്ണുകളുമായി നിഷ ഭക്ഷണപാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. ആ കണ്ണീരിലെ ഒരു തുള്ളി മാത്രം ആ പാത്രത്തിൽ വീണു.
ഏഴാം ദിവസം
"രാജീവ്, എന്താ നിങ്ങൾക്ക് പറ്റിയത് ?"
"ഒന്നുമില്ല നിഷ ..."
"രാജീവ്, എന്നോട് കള്ളം പറയരുത്... എന്തോ വിഷമം നിങ്ങളെ അലട്ടുന്നുണ്ട്. എനിക്ക് അത് അറിയണം."
"നിഷാ ...."
"ഹും..?"
"ഞാൻ... അവളെ അന്വേഷിക്കുകയായിരുന്നു."
"ആരെ?"
"അന്ന്.... നമ്മുടെ മോന്റെ ബർത്ത് ഡേയ്ക്കാണ് ഞാൻ അവളെ കണ്ടത്..."
"ആരേ ?? ആരേക്കൊണ്ടാ രാജീവ് ഈ പറയുന്നത്?"
"അത്.... ആരുമില്ല..." എന്തോ പറയാൻ തുടങ്ങിയ രാജീവ് അത് പകുതിയിൽ നിർത്തി, പുറത്തേക്ക ഇറങ്ങി. അയാൾ പോയത് ഗാരേജിൽ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന അയാളുടെ കാറുമായി അയാൾ പുറത്തെവിടെക്കോ പോയി.
മൂന്നാം ദിവസം
"രക്തം... രക്തം..." അലറി കരഞ്ഞു കൊണ്ട് രാജീവ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. രണ്ടുകൈകൾ കൊണ്ടും മുഖത്തെ ഇല്ലാത്ത ചോര കറ മായ്കാൻ അയാൾ ശ്രമിച്ചു.
"എന്തുപറ്റി രാജീവ്?" ഉറക്കം മറാത്ത കണ്ണുകളുമായി, നിഷ ചോദിച്ചു.
"ഞാൻ ........... ഞാൻ ഒരു ദുസ്വപ്നം കണ്ടതാ ..."
"ഹും..... അല്പം വെള്ളം കുടിച്ചിട്ട് കിടന്നോ... "
"നിഷ കിടന്നോ... ഞാൻ ഒരു പുക എടുക്കട്ടെ... എന്താണെന്നറിയില്ല ,,, വല്ലാത്തൊരു ടെൻഷൻ."
"ഈയിടെയായി പുകവലി കുറച്ച കൂടുന്നുണ്ട് ... "
"ഹും... ഞാൻ കുറച്ചോളാം.. നിഷ ഉറങ്ങിക്കോ..."
അയാൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ആ ദിവസം
"രാജീവ്ജി... നിങ്ങൾ ഇറങ്ങുന്നില്ലേ ?"
ഓഫീസിലെ സഹപ്രവർത്തകന്റെ ചോദ്യം കേട്ടാണ് അയാൾ കമ്പ്യൂട്ടർ സ്ക്രീനിലെ ക്ലോക്കിലേക്ക് നോക്കിയത്. സമയം 9 മണിയാവരായിരുന്നു.
"ഈ ടാസ്ക് ഒന്ന് തീർത്തിട്ട് ഇറങ്ങാമെന്ന് കരുതിയത. പക്ഷെ, ഇത്ര വൈകുമെന്ന് കരുതിയില്ല. ഇനി ഇത് നാളെ കമ്പ്ലീറ്റ് ചെയ്യാം."
"ഓക്കേ രാജീവ്ജി... അപ്പൊ നാളെ കാണാം."
"ബൈ ദി വേ ഇഖ്‌ബാൽ, ഇന്ന് എന്റെ മോന്റെ പിറന്നാൾ ആണ്. അവനൊരു ഗിഫ്റ്റും വാങ്ങണം."
"ഓ... മോനോട് എന്റെ വിഷ് പറഞ്ഞോളൂ."
"തീർച്ചയായും "
മകന് നല്ലൊരു പാവയെ വാങ്ങിയശേഷം രാജീവ് നേരെ വീട്ടിലേക്ക് തിരിച്ചു.
പെട്ടന്ന് വീട്ടിലെത്താനുള്ള ധൃതിയിലായിരുന്നു അയാൾ. ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് കയറിയപ്പൊളാണ് അത് സംഭവിച്ചത്.
റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന ആ പെണ്‍കുട്ടിയെ രാജീവ് കണ്ടില്ല. അമിതവേഗത്തിൽ വരികയായിരുന്ന അയാൾ അത് കാണുമ്പോഴേക്കും വൈകിപോയിരുന്നു. കാറിനെ പെട്ടന്ന് നിർത്താൻ അയാൾക്കായില്ല . കാറിന്റെ മുൻവശത്തെ ചില്ലിലൂടെ അവൾ തെറിച്ചു വീഴുന്നത് അയാൾ കണ്ടു. അതെ ചില്ലിൽ ചോരപാടുകൾ വീണതും അയാൾ കണ്ടു. അപ്പോഴേക്കും കാർ നിന്നു . എന്താണ് ചെയ്യേണ്ടാതെന്നു അയാൾക്ക് ഒരൂഹവുമുണ്ടായില്ല. പെട്ടന്നാണ് രാജീവിന്റെ ഫോണ്‍ ശബ്ദിച്ചത്.
"ഹല്ലോ രാജീവ്... നിങ്ങളിതെവിടെയാ? ഇവിടെ എല്ലാരും എത്തി. നമ്മുടെ മോൻ നിങ്ങളെ വെയിറ്റ് ചെയ്യുകയാ, കേക്ക് കട്ട് ചെയ്യാൻ.."
"ഞാൻ ഇതാ എത്തി നിഷ.."
അയാൾ കാൾ കട്ട് ചെയ്ത്, കാർ തുറന്നു സീറ്റിൽ ഉണ്ടായിരുന്ന പാവയെ എടുത്തു. എന്നിട്ട് കാറിന്റെ ചില്ലിലും ബോന്നെട്ടിലും പറ്റിയിരുന്ന ചോരകറകൾ അത് വെച്ച തുടച്ചു വൃത്തിയാക്കി. ആ പാവയെ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം, അയാൾ വീടിലേക്കുള്ള യാത്ര തുടർന്നു.
വീട്ടിലെത്തിയപ്പോൾ മകൻ രാജീവിനു അരികിലേക്ക് ഓടിവന്നു ചോദിച്ചു:
"അച്ഛാ ... ഞാൻ ചോദിച്ച പാവകുട്ടി എവിടെ ?"
"അത് അച്ഛൻ മറന്നുപോയല്ലോ... മോന് അച്ഛൻ നാളെ തന്നെ ഒന്നു വാങ്ങിച്ചുതരാട്ടോ."