Nidhin R Nath.

Author . Screenplay Writer . Director . Engineer . Human

വിശപ്പും ഹൃദയവും

അവനു നല്ല വിശപ്പുണ്ടായിരുന്നു. സഹിക്കാൻ പറ്റാത്ത വിശപ്പ് . പക്ഷേ, കൈയിൽ കാശൊന്നും ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ അവൻ വിഷമിച്ചു. ഒടുവിൽ രണ്ടും കല്പിച്ച് ഒരു ഹോട്ടലിലേക്ക് കയറി. അവിടെയുള്ള ഓരോ മുഖങ്ങളിലെക്കും അവന്റെ കണ്ണുകൾ പാഞ്ഞു. പരിചിതമായ ഒരു മുഖവും അവിടെ കണ്ടില്ല. പക്ഷെ, അവിടെ ഒരു കോണിൽ തേജസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മുഖം അവൻ കണ്ടു. അവൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു.

"എനിക്ക്... എനിക്ക്... നല്ല വിശപ്പുണ്ട്.." അവൻ വിക്കി വിക്കി പറഞ്ഞു.

അവൾ മുഖമുയർത്തി അവനെ അടിമുടി നോക്കി. എന്നിട്ട് നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു:

"അതിനു?"

"എന്തെങ്കിലും വാങ്ങിതന്നിരുന്നെങ്കിൽ..."

"ഉം... നിങ്ങളുടെ കൈയിൽ ഒന്നുമില്ലേ ?"

അവൻ തന്റെ കൈകൾ കൊണ്ട് ശരീരം മൊത്തം പരതി. എന്നിട്ട് നിരാശകലർന്ന മുഖത്തോടെ പറഞ്ഞു:

"ഇല്ല..... പക്ഷെ..."

"എന്താ?"

"എന്റെ കൈയിൽ ഒരു ഹൃദയമുണ്ട്.." അവൻ തന്റെ ഹൃദയം കൈയിൽ എടുത്ത് അവൾക്ക് നേരെ നീട്ടി.

കുറച്ചു സമയം ചിന്തിച്ച ശേഷം അവൾ പറഞ്ഞു:

"ഉം...ശരി, ആ ഹൃദയം ഇങ്ങു തരു.. ഞാൻ നിങ്ങള്ക്ക് ഭക്ഷണം വാങ്ങി തരാം"

അവന്റെ മുഖത്ത് പ്രകാശം വിടർന്നു.



ഭക്ഷണം കഴിച്ച ശേഷം സന്തോഷവാനായി അവൻ ആ ഹോട്ടൽ വിട്ടു. പക്ഷെ, അവളോട് ഒരു നന്ദി വാക്ക് പോലും പറയാൻ അവൻ മെനകെട്ടില്ല.

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുകൊണ്ടേയിരുന്നു. എവിടെയൊക്കെയോ അലഞ്ഞിരുന്ന അവന്റെ ചിന്തകളിലേക്ക് പെട്ടന്ന് ഒരുനാൾ തന്റെ ഹൃദയത്തെ ഓർമ്മ കടന്നു വന്നു.

"എനിക്കെന്റെ ഹൃദയം തിരിച്ച് വേണം"

സംസാരിച്ചുകൊണ്ടിരുന്ന ചിന്തകളുമായി അവൻ അവളെ തേടിയിറങ്ങി. ആദ്യം ചെന്നത് ആ പഴയ ഹോട്ടെലിലേക്കാണു. പക്ഷെ, അവിടെയെവിടെയും അവനു അവളെ കണ്ടെത്താനായില്ല. ആ നഗരത്തിന്റെ ഓരോ കോണിലും അവൻ അവളെ തേടി അലഞ്ഞു.

"അവളെവിടെ?" ചിന്തകൾ അവനെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു.

നിരാശനായി തിരികെ മടങ്ങവേ അവൻ കണ്ടു, അതേ നഗരത്തിന്റെ തെരുവിൽ, ഒരു നടപാതയിൽ അവൾ.

അവൻ അവളുടെ അരികിലേക്ക് നടന്നു. ഇന്ന് അവളുടെ മുഖത്ത് പഴയ തെജുസില്ല. പ്രകാശമില്ല. അവളുടെ വേഷങ്ങളൊക്കെ ആകെ മുഷിഞ്ഞിരിക്കുന്നു.

"എനിക്കെന്റെ ഹൃദയം തിരിച്ച് വേണം..." അവളുടെ അരികിലെത്തിയ ഉടൻ അവൻ പറഞ്ഞു.

ക്ഷീണിച്ച കണ്ണുകളുമായി അവൾ അവനെ നോക്കി, പതിയെ. അവനെ മനസിലായപ്പോൾ അവളുടെ മുഖത്ത് ചെറുപുഞ്ചിരി വന്നു. തൊട്ടുപിറകെ ഇരുളും.

"എനിക്കെന്റെ ഹൃദയം വേണം... പകരം എന്ത് വേണേലും തരാം" അവൻ ചോദ്യം ആവർത്തിച്ചു.

അവളുടെ മുഖത്ത് ദുഃഖം നിറഞ്ഞു: "അത്... ഞാൻ... മറ്റൊരാൾക്ക് വിറ്റു"

"വിറ്റോ ?!! എന്തിനു?"

"വിശപ്പ് സഹിക്കാൻ പറ്റാതിരുന്ന ഒരുനാൾ ഞാൻ അത് ......"

"ഉം.." നിരാശയും സങ്കടവും കൊണ്ടവൻ തല താഴ്ത്തി.

പിന്നെ, ഒന്നും സംസാരിക്കാതെ അവൻ പതുക്കെ അവിടെ നിന്നും നടന്നു നീങ്ങി.

"ഒന്ന് നിൽക്ക്വോ .."

അവൻ നിന്നു.

"നിങ്ങൾക്ക് എന്റെ ഹൃദയം വേണോ?"

അവൻ തിരിഞ്ഞു നോക്കി.

ചോര ഇറ്റുവീഴുന്ന തന്റെ ഹൃദയം അവൾ അവനു നേരെ നീട്ടി.

ദീർഘമായി ഒന്ന് നിശ്വസിച്ച ശേഷം അവൻ നടത്തം തുടർന്നു.