"പോകുവാണോ?"
ശബ്ദം കെട്ട് അയാൾ തിരിഞ്ഞു നോക്കി. അതയാളുടെ ഭാര്യയായിരുന്നു. അയാൾ ഒന്നും പറഞ്ഞില്ല.
അവൾ ആ ചോദ്യം ആവർത്തിച്ചു: "പോകുവാണോ?".
അവളുടെ ചോദ്യത്തെ ഗൌനിക്കാതെ, വീണ്ടും ബസിനായുള്ള കാത്തിരിപ്പുമായി അയാൾ നിന്നു.
അല്പം കഴിഞ്ഞു ബസ് എത്തി. ബസിൽ കയറി, അധികം കഴിയും മുൻപേ അയാൾ ഉറക്കത്തിലേക്ക് വഴുതിവീണു.
"എന്നെ ഉപക്ഷിച്ച് പോകാൻ ആവുമോ നിങ്ങൾക്ക് ??"
ആ ശബ്ദം അയാളെ ഉറക്കത്തിൽ നിന്നും ഉണർത്തി. ശബ്ദം കേട്ട ഭാഗത്തേക്ക് അയാൾ ശ്രദ്ധിച്ചു. അയാൾക്ക് അരികിലെ സീറ്റിൽ അവളുണ്ടായിരുന്നു, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാളുടെ ഭാര്യ. അവളെ കണ്ടപ്പോൾ അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.
"നാശം" എന്ന് പിറുപിറുത്ത് കൊണ്ട് അയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് ബസിന്റെ ഡോറിനു അരികിലേക്ക് നടന്നു.
"ആളിറങ്ങണം" അയാൾ വിളിച്ചു പറഞ്ഞു.ബസിൽ നിന്നും അയാളിറങ്ങിയത് ഒരു കടൽ തീരത്തിനരികിൽ ആയിരുന്നു. ആകാശം കാർമേഘങ്ങളാൽ നന്നായി ഇരുണ്ടിരുന്നു. കടലിൽ നിന്നും വീശുന്ന കാറ്റേറ്റ് അയാൾ ആ തീരത്തിന്റെയൊരു കോണിൽ സ്ഥാനം ഉറപ്പിച്ചു. അവിടെയും അയാൾക്ക് അരികിലേക്ക് അവൾ വന്നു.
"എന്റെ കൂടെ വാ... ഞാൻ അവിടെ തനിച്ചാ..." തേങ്ങുന്ന ശബ്ദത്തോടെ അവൾപറഞ്ഞു.
അവളെ സൂക്ഷിച്ച് നോക്കിക്കൊണ്ട് ചുളിഞ്ഞ നെറ്റിയുമായി അയാളതിനു ഉത്തരം നല്കി:
"ഞാൻ വരില്ല... നീ എന്നെ ശല്യം ചെയ്യാതെ പോകുന്നുണ്ടോ?"
"നിങ്ങളല്ലേ എന്നെ അവിടേക്ക് പറഞ്ഞു വിട്ടത്.! ഞാൻ അവിടെ തനിച്ചാ... ഞാൻ എത്രയായി നിങ്ങളെ കാത്തിരിക്കുന്നു. എന്റെ കൂടെ വാ.." അവൾ അപേക്ഷിച്ചു.
"എല്ലാം നിന്റെ തീരുമാനങ്ങൾ ആയിരുന്നില്ലേ... നിന്റെ മാത്രം തീരുമാനങ്ങൾ"
ഏറെ നേരത്തെ മൌനത്തിനു ശേഷം അവൾ പറഞ്ഞു:
"നിങ്ങൾ... നിങ്ങളാണ് എന്നെ കൊന്നത്..." അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു.
ആ വാക്കുകൾ കേട്ടപ്പോൾ അയാളുടെ മുഖത്ത് നിന്നും ദേഷ്യം മാഞ്ഞു, പകരം കുറ്റബോധം നിറഞ്ഞു. ആ തണുത്ത അന്തരീക്ഷത്തിലും അയാൾ വിയർത്തു. അയാളുടെ തലച്ചോറിലൂടെ ഓർമ്മകൾ അലതല്ലി. -"ദമ്പതികളുടെ ആത്മഹത്യ: യുവതി മരിച്ചു, യുവാവ് ആശുപത്രിയിൽ"-
"ഇല്ലാ... ഞാൻ ആരെയും കൊന്നിട്ടില്ല..." അയാൾ അലറി കരഞ്ഞു.
"എന്റെ കൂടെ വാ..."
"എനിക്ക് ജീവിക്കണം"
"എന്റെ കൂടെ വാ.."അവൾ അയാൾക്ക് നേരെ കൈ നീട്ടി.
"എനിക്ക് ജീവിക്കണം" അയാൾ അവളുടെ കൈകളെ തട്ടിമാറ്റി കടലിനരികിലേക്ക് ഓടി. തിരകൾക്ക് ഉള്ളിലേക്ക് ഓടിയൊളിക്കുമ്പോഴും അയാൾ പറയുന്നുണ്ടായിരുന്നു "എനിക്ക് ജീവിക്കണം" കുമിളകളായി ആ ശബ്ദം വന്നു കൊണ്ടേയിരുന്നു. ഒടുവിൽ അതും അവസാനിച്ചു. അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു.