Nidhin R Nath.

Author . Screenplay Writer . Director . Engineer . Human

അഴിമുഖം

തീരങ്ങളിലെ മണലിനെ നനയിച്ച് കൊണ്ട് ഒഴുകുകയായിരുന്നു പുഴ. ആഴങ്ങളിൽ മുങ്ങുവാൻ കൊതിച്ച് ദൂരങ്ങളിൽ എവിടെയോ സൂര്യനും.

ആ നനഞ്ഞ പൂഴി മണലിൽ പുഴയെ നോക്കി ഇരിക്കുകയായിരുന്നു ഇരുവരും.

“എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്.”

“എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.”

“പക്ഷെ…”

“ഉം ?”

“നിനക്ക് എന്നെയായിരുന്നില്ലേ ഇഷ്ടം..?”

“അത് പണ്ടല്ലേ… ഇപ്പൊ എനിക്ക് ആ ഇഷ്ടം ഇല്ല..”

“അതെന്തേ?”

“ഞാനും നീയും തമ്മിൽ ചേരില്ല… അത് തന്നെ..”

“ഇത്ര നാളും ചെരാതിരുന്നിട്ടില്ലലോ … ഇപ്പോഴാണോ ചെരില്ലാന്നു തോന്നിയത്?”

“നിനക്ക് എന്താ പറഞ്ഞാൽ മനസിലാവാത്തത്… എനിക്ക് തിരിച്ചറിവ് വന്നു എന്ന് കരുതിയാ മതി.. വൈകാതെ നിനക്കും വന്നോളും…”

"അവളെ കണ്ടത് മുതലാണോ നിനക്ക് ഇതൊക്കെ തോന്നാൻ തുടങ്ങിയത്?”

“ശരി.. നിനക്ക് എനിക്കൊരു കുഞ്ഞിനെ തരാൻ പറ്റ്വോ? പറ…”

മൌനം.

“നീ എന്താ ഒന്നും മിണ്ടാത്തത്..?”

“പക്ഷെ.., ഞാൻ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട്.”

“ഞാനും നീയും തമ്മിലുള്ള ബന്ധത്തെ എന്റെ വീട്ടുകാർ സമ്മതിക്കും എന്ന് തോനുന്നുണ്ടോ? നിന്റെ വീട്ടുകാർ സമ്മതിക്കും എന്ന് തോനുന്നുണ്ടോ? ഈ സമൂഹം സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?”

ഉത്തരത്തിനായി കാത്തുനില്കാതെ അവൻ എഴുന്നേറ്റു. കൈ കളിൽ പറ്റിപിടിച്ചിരുന്ന മണൽ തരികളെ തട്ടി മാറ്റി, അവൻ ചക്രവാളത്തിൽ നിന്നും തിരികെ നടന്നു.

“എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ ആവില്ല” കാറ്റിൽ അലിഞ്ഞുപോയ ആ വാക്കുകൾ അവൻ കേട്ടില്ല. അവൻ നടന്നു കൊണ്ടേയിരുന്നു. പിന്നിൽ, പുഴയിലെ ജലശേഖരത്തിലേക്ക് എന്തോ ആഴ്ന്നു ഇറങ്ങുന്നുണ്ടായിരുന്നു.

പിറ്റേന്ന് , പ്രഭാതിൽ വന്ന പത്രത്തിന്റെ ഏതോ ഒരു കോണിൽ ആ വാർത്തയും ഉണ്ടായിരുന്നു.

“സുഹൃത്തിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.”